ഈറ്റില്ലം

Posted by ente lokam On October 26, 2011 158 comments

ബ്രൂണിയെ നിങ്ങള്‍ മറന്നു കാണില്ലല്ലോ അല്ലെ?(ബ്രുണീടയുടെ പ്രണയം).നാട്ടില്‍ പോയിട്ട് വന്നു ഒരു പോസ്റ്റ്‌ ഇടാന്‍ തയ്യാര്‍ എടുക്കുന്നതിന്റെ ഇടയില്‍ ആണ് ഈ പുതിയ സന്തോഷ വാര്‍ത്ത. എങ്കില്‍പ്പിന്നെ എന്റെ ബുലോക സുഹൃത്തുക്കളോട് അതു പങ്കു വെച്ചിട്ടാവട്ടെ  അടുത്ത പോസ്റ്റ്‌ എന്ന് കരുതി...‍

ഇതാ ഈറ്റില്ലത്തില്‍ നിറഞ്ഞ സന്തോഷത്തോടെ, അഹങ്കാരത്തോടെ ഒരു അമ്മ..    നാല്     കുഞ്ഞുങ്ങളോടൊപ്പം..     രണ്ടു പേര്‍ കറുപ്പ്.. ഒന്ന്    ചാര നിറം അടുത്തത്   ഓറഞ്ച് നിറം..

                                                             
മനുഷ്യരുടെ കുടുംബ കണക്കുകളില്‍ കളര്‍ പലപ്പോഴും കണക്ക് കൂട്ടല്‍ തെറ്റിക്കാറുണ്ടെങ്കിലും ഇവിടെ വീട്ടില്‍  മക്കള്‍, കൂട്ടി നോക്കിയിട്ട് ഈ കുടുംബത്തിനൊരു കണക്ക് ഒപ്പിച്ചു..കുടുംബ ചരിത്രം തിരക്കിയപ്പോള്‍ ബ്രൂണിയുടെ അമ്മ നല്ല കറുപ്പ്..പിന്നെ ബ്രൂണിക്ക് ചാര നിറം..തവിട്ടും കറുപ്പും ഇട കലര്ന്നത്. കുട്ടികളുടെ അച്ഛന്‍ അതായതു ബ്രൂണിയുടെ പ്രിയ ഭര്‍ത്താവ് നല്ല ഓറഞ്ച് നിറം..ഇപ്പൊ എന്തെ സംശയം, ഞാന്‍ അന്നെ പറഞ്ഞില്ലേ ബ്രൂണിയെ കുടുംബത്തില്‍ പിറന്ന ചെക്കനെക്കൊണ്ടേ കെട്ടിക്കൂ എന്ന്..ഇതാണ് കുടുംബ മാഹാത്മ്യം ..!! എന്റെയല്ല  പൂച്ചയുടെ..!!

എന്ത് കരുതല്‍ ആണെന്നോ ഈ അമ്മക്ക്.. പ്രസവിച്ച അന്ന് മുതല്‍ ബ്രൂണി വെളിയില്‍ വന്നു അല്പം വെള്ളം കുടിച്ചിട്ട് പെട്ടെന്ന് തന്റെ മക്കളുടെ അടുത്തേക്ക് തിരികെപ്പോവും..താന്‍ ആഹാരം കഴിക്കാന്‍ നിന്നാല്‍ അവര്‍ക്ക് വിശക്കില്ലേ, അവരെ ആരെങ്കിലും കൊണ്ട് പോകുമോ എന്നൊക്കെ ഒരു ഭീതി പോലെ..

ജീവി ഏതും ആവട്ടെ ..അമ്മ അമ്മ തന്നെ..അമ്മ മാത്രം...(പകരം വെയ്ക്കാന്‍ ഇല്ലാത്ത ഈ കരുതല്‍ ഏറ്റവും തിരിച്ചു അറിയുന്ന ബുദ്ധി ജീവി ആയ മനുഷ്യന്‍ പക്ഷെ  അമ്മയെ  മറന്നു കളയുന്നത് എന്തെ ? ആവശ്യം    കഴിഞ്ഞാല്‍, അവരുടെ സംരക്ഷണം നമുക്ക് വേണ്ടാത്ത അവസ്ഥയില്‍, കറിവേപ്പില പോലെ പലപ്പോഴും അവര്‍ ..!!).

വീടിന്റെ കതകു അല്പം തുറന്നു കിട്ടിയാല്‍ ഓടിപ്പോയി ഞങ്ങള്‍ക്ക് പിടി തരാത്ത ഏതു എങ്കിലും സ്ഥലത്ത് ഇഷ്ടം പോലെ  ഒളിച്ചു ഇരിക്കാറുള്ള ബ്രൂണി കതകു തുറന്നാല്‍ ഇപ്പൊ അകത്തേക്ക് തന്നെ ആണ് നോട്ടം..കുഞ്ഞുങ്ങള്‍ എങ്ങാന്‍ ഇറങ്ങി പോയാലോ എന്ന് പേടിച്ചു...!!

ഞങ്ങള്‍ അടുത്ത് ചെല്ലുന്നത് പോലും ബ്രൂണിക്ക് ഇഷ്ടം അല്ല.ദഹിപ്പിക്കുന്ന ഒരു നോട്ടം ഉണ്ട്..ഞങ്ങളെ വെറുതെ വിട്ടൂടെ എന്ന മട്ടില്‍..കണ്ണ് തുറക്കാത്ത കുഞ്ഞുങ്ങള്‍ വഴി തെറ്റി പുറത്തേക്കു വരുമ്പോള്‍ ബ്രൂണി കൂടെ എത്തി ഞങ്ങളെ ഒന്ന് നോക്കും. ഇതിനെ ഇപ്പൊ എന്താ ചെയ്ക എന്ന മട്ടില്‍..പിന്നെ കുട്ടികള്‍ അവയെ എടുത്തു അകത്തു കിടത്തും..നാടന്‍ പൂച്ചകളെപ്പോലെ കഴുത്തില്‍  കടിച്ചു  തൂക്കി എടുത്തു നോവിക്കാതെ കൊണ്ട് നടക്കാന്‍ ഒന്നും ഇവള്‍ക്ക് അറിയ്യില്ലല്ലോ എന്ന് ഞങ്ങള്‍ക്ക്   സഹതാപം.. ഇതൊന്നും  കാണാത്ത മക്കള്‍ക്ക്‌ ഇത്രയും  കാണുന്നത്  തന്നെ അതിലും വലിയ അദ്ഭുതം... 

                                                              
പ്രകൃതിയോട് ഇണങ്ങി,പൂച്ച കുഞ്ഞുങ്ങളെ മടിയില്‍ ഇരുത്തി, അണ്ണാന്റെ ച്ചില്‍,ച്ചില്‍  ശബ്ദം കേട്ട്,മുട്ട വിരിഞ്ഞു പുറത്തു ഇറങ്ങുന്ന കോഴി കുഞ്ഞുങ്ങളെ  ഇമ വെട്ടാതെ സാകൂതം വീക്ഷിച്ച്, റാഞ്ചി എടുക്കപ്പെട്ട കുഞ്ഞുങ്ങളെ കാക്കയില്‍ നിന്നും പരുന്തില്‍ നിന്നും കല്ല്‌ എറിഞ്ഞു വീഴ്ത്തി അതി സാഹസികമായി  രക്ഷപ്പെടുത്തി, മുറിവില്‍ ഉപ്പും മഞ്ഞളും ചേര്‍ത്ത് മരുന്ന് വെച്ച് കെട്ടി, താലോലിച്ചു അതിനെ സുഖം പ്രാപിക്കുന്ന വരെ കൂടെ ഇരുന്നു ശുശ്രൂഷിച്ച ആ ബാല്യ കാല സ്മരണകള്‍ അതെ അര്‍ത്ഥത്തില്‍ പങ്കു വെയ്ക്കാന്‍ കുട്ടിളോട് ആവുന്നില്ലെങ്കിലും മനസ്സില്‍ എവിടെയോ കളഞ്ഞു പോയ ബാല്യവും അതിന്റെ സ്മരണകളും  ..

അതല്പം എങ്കിലും എന്റെ കുഞ്ഞുങ്ങളോട് സംവദിക്കുന്നു എന്ന ഒരു സ്വകാര്യ സംതൃപ്തിയും ഈ കാഴ്ച നല്‍കുന്നു കേട്ടോ കൂട്ടുകാരെ ..


വാല്‍കഷണം:-തെറ്റിയത് ഞങ്ങള്‍ക്ക്. ഒരു ആഴ്ച  കൊണ്ട്  കുഞ്ഞുങ്ങളെ  തൂക്കി എടുത്തു  സുരക്ഷിത സ്ഥാനങ്ങളില്‍ ഇരുത്താന്‍ ബ്രൂണി പഠിച്ചു കഴിഞ്ഞു . കുഞ്ഞുങ്ങള്‍ എല്ലാവരും ഇപ്പോള്‍ കണ്ണും തുറന്നു..