സൂക്ഷിക്കണം. പേടിക്കേണ്ട പ്രായം ആണ്..
ജനിച്ച ഉടനെ കൈ കാലിട്ട് അടിച്ചു, പക്ഷെ കരച്ചില്‍ വന്നില്ല. അയ്യോ പേടിക്കണം കുഞ്ഞു കരയുന്നില്ല. ഡോക്ടറും നേഴ്സും കൂടി അലക്കുകാരന്‍ പുതപ്പു എടുത്തു കല്ലില്‍ അടിക്കാന്‍ തുടങ്ങുന്ന പോലെ തൂക്കി ആഞ്ഞൊന്നു ആട്ടി .. ആ ആയത്തില്‍ വായ തുറന്നു. അമ്മെ എന്ന് വന്നില്ല. ഇടല്ലേ താഴെ എന്നതിന് പകരം ഇല്ളെ എന്ന് മാത്രം വായില്‍ നിന്നു വന്ന്. ഓ രഷപ്പെട്ടു .
പാല് കുടിച്ചിട്ട് ഏമ്പക്കം വന്നില്ല.പേടിക്കണം അത്രേ .തോളത് കിടത്തി പുറത്തു തട്ടി അമ്മ. ചെറിയ തട്ടിന് ഒന്നും ആയില്ല . പിന്നെ ആഞ്ഞു രണ്ടടി. പേടിച്ചു ഏമ്പക്കം വിട്ടു. ഓ burp ചെയ്തപ്പോള്‍ ശരി ആയി അമ്മയുടെ ആശ്വാസം. എനിക്ക് വേദനിച്ചു കേട്ടോ എന്ന് പറയണമെന്ന് തോന്നി. പക്ഷെ അക്ഷരം അറിയില്ലായിരുന്നു.
ഞാന്‍ നീന്തി..മുട്ട് കാലില്‍ ഇഴഞ്ഞു. അമ്മ പറയുന്നു സൂക്ഷിക്കണം..പിച്ച വെച്ചു തുടങ്ങി ..കൈ വിടാതെ അമ്മ പറയുന്നു. കൈ വിട്ടാല്‍ വീഴും പേടികേണ്ട പ്രായം ...
കൂട്ടുകാര്ടൊപ്പം ആടിപ്പാടി ഞാന്‍ സ്കൂളിലേക്ക്. .തിരികെ വരാന്‍ താമസിച്ചാല്‍ ..
'എന്തെ താമസിച്ചത്' ? . പേടികേണ്ട പ്രായം ആണ്..
ഞാന്‍ പ്രായം അറിയിച്ചു. ഇനി നീ ആണുങ്ങളുടെ കൂടെ നടക്കണ്ട..അച്ഛന്റെ കൂടെ കിടക്കണ്ട. ഒത്തിരി കൂട്ട് കൂടണ്ട. അടക്കവും ഒതുക്കവും പഠിക്കണം. വസ്ത്ര ധാരണം .. ശ്രദ്ധിക്കണം.പേടിക്കേണ്ട പ്രായം ആണ്..
പ്രായം പതിനാറു കഴിഞ്ഞു...വഴിയില്‍, കോളേജില്‍, ബസില്‍... ചെറുപ്പക്കാരെ , മധ്യ വയസ്കരെ , വയസന്മാരെ , കള്ളന്മാരെ, തെമ്മാടികളെ, ഒക്കെ പേടിക്കേണ്ട പ്രായം ആണ്...
പഠിത്തം കഴിഞ്ഞു .ജോലി കിട്ടി ..നഗരത്തില്‍ തനിയെ താമസം. നല്ലവരെ, നല്ലവര്‍ അല്ലാത്തവരെ, നല്ലവര്‍ എന്ന് നടിക്കുന്നവരെ, നാട് കാണാത്തവരെ, നഗരം കാണാത്തവരെ, നഗരം കാണിക്കാന്‍ എത്തുന്നവരെ, സഹ ജോലിക്കാരെ, എന്തിനു ഹോടെലും രേസ്റൊരന്റും പിന്നെ കുളിമുറിയും മൂത്രപ്പുരയും വരെ. ഇപ്പോഴാണ് പേടിക്കേണ്ടത് .
കല്യാണം കഴിഞ്ഞു..ഭര്‍ത്താവിനെ, ബന്ധുകളെ, അവരുടെ കുടുംബത്തെ ,അദ്ദേഹത്തിന്റെ കൂട്ടുകാരെ, നല്ലവരെ, ചീത്തവരെ ,..എല്ലാവരോടും സംസാരി ക്കാന്‍... പെരുമാറാന്‍ പഠിക്കണം ... ഓ പേടിക്കേണ്ട പ്രായം തന്നെ...
മക്കള്‍ വളര്‍ന്നു..മരു മക്കള്‍ വന്നു..സംസാരം, പ്രവൃത്തി, ആഹാരം, വസ്ത്ര ധാരണം സന്ദര്‍ശകരെ സ്വീകരിക്കല്‍ ..സൂക്ഷിച്ചു വേണം. മറ്റുള്ളവര്‍ക് ബുദ്ധിമുട്ട് ഉണ്ടാകാതെ..
കൊച്ചു മക്കളെ ..സൂക്ഷിച്ച് ...അതെ അവര്‍ക്കും എനിക്കും പേടിക്കേണ്ട പ്രായം...
തളര്‍ന്നു..കിടപ്പ് ആയി..സൂക്ഷികേണ്ട പ്രായം..മറ്റുള്ളവര്‍ക് ബുദ്ധിമുട്ട് ഉണ്ടാക്കല്ലേ ..!!!
കഴിഞ്ഞു....നീണ്ടു നിവര്‍ന്നു..കിടന്നു..ഇനി പേടിക്കണോ..അപ്പോഴും കേട്ടു..ആരോ പിറു പിറുക്കുന്നു ....താഴെ പോകാതെ......സൂക്ഷിച്ചു....പ്രാ യം ഇത്രയും ആയിട്ടും നല്ല ഭാരം...ഓ സൂക്ഷിക്കേണ്ട പ്രായം...
ഇനി അവിടെ...എന്ത് ആണ് ആവോ ????
എന്നാണ് ആവോ പേടിക്കാതെ ഒരു പ്രായം....????