ഓര്‍മ്മകള്‍ ഒന്നാം വര്‍ഷം പ്രീ ഡിഗ്രി സമയത്തേക്ക്, ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറം.
ഒരു ദിവസം പതിവ് പോലെ രാമപുരം കോട്ടയം ബസ്സ് മുടക്കം.ഉഴവൂര്‍ കോളെജിലേക്ക് കയറ്റാവുന്നതിലധികം ഭാരവും കയറ്റി നടുവൊടിഞ്ഞ കാളയെപ്പോലെ കിതച്ചുകൊണ്ട് നുരയും പതയുമായി സേവനം നടത്തിയിരുന്ന ഒരേയൊരു KSRTC ബസ്സ്.അത് മിക്ക ദിവസങ്ങളിലും കാണാറേയില്ല.
അന്നൊക്കെ പ്രതിഷേധ സൂചകമായി ഞങ്ങള്‍ ഒരു സമരം നടത്തും.ബെല്ലടിച്ചു കോളേജ് വിട്ടാല്‍ കുറേപ്പേര് concession കാര്‍ഡ് പുതുക്കാന്‍ നേരെ കോട്ടയം ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റിലേക്ക് വിടും.
പിന്നെ കാര്‍ഡ് പുതുക്കി ആശ,അഭിലാഷ്,ആനന്ദ്,അനുപമ ഇതില്‍ ഏതെങ്കിലും ഒരു തിയേറ്ററില്‍ കയറി ഒരു പുത്തന്‍ പടവും കണ്ടു കുറേപ്പേര് അങ്ങ് മടങ്ങും.മറ്റു ചിലര്‍ കുറവിലങ്ങാടെക്ക് ബസ് കയറി കാര്‍ഡും പുതുക്കി അവിടെ പുത്തന്‍ പടം കാണാന്‍ കിട്ടാത്തതിനാല്‍ (ഇപ്പോഴത്തെ കാര്യം എനിക്കറിയില്ല കേട്ടോ) കുറവിലങ്ങാട് പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചു(അതിനു ജാതി മത ഭേദം ഒന്നും ഉണ്ടായിരുന്നില്ല) ദേവമാത കോളേജിന്റെ പരിസരങ്ങളില്‍ ഒന്ന് എത്തി നോക്കി വിട വാങ്ങും.
അങ്ങനൊരു ദിവസം സമരം കഴിഞ്ഞു ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ കുറെ കൂടുകാര്, പറഞ്ഞു മാത്രം കേട്ടിട്ടുള്ള ആനക്കല്ലും മലയിലേക്കു ഒരു തീര്‍ഥാടനം നടത്തി.എന്തൊരു മനോഹരമായ കാഴ്ച!!!വലിയ ഉടലും തലയും ആയി വിരിഞ്ഞു അങ്ങനെ നില്ക്കുന്നു ആനക്കല്ല്.അവന്റെ പുറത്തു കയറി ഇരിക്കാതെ പിന്നെന്തു സാഹസം? ആനക്കല്ലിന്റെ ഒത്ത നടുക്കായി പാറയോട് ചേര്‍ന്ന് ഒരരുകില്‍ ഒരു ചെറിയ മരം ഉണ്ടായിരുന്നു .അതില്കൂടി വലിഞ്ഞു കയറി ഞങ്ങള്‍ എല്ലാവരും ആനയുടെ പുറത്തു കയറി വിജയ ഭാവത്തോടെ ഒന്ന് അമര്‍ന്നു ഇരുന്നു . പിന്നെ പലപ്പോഴും കൂട്ടുകാര്‍ക്കൊപ്പം ചാമ്പങ്ങയും,പേരക്കയും,മാങ്ങയും ഉച്ച ഭാഷണം ആക്കി അവിടെ വച്ചു പങ്കിട്ടു സൗഹൃദം .ഇന്നും മരിക്കാതെ, മറക്കാതെ കാത്തു സൂക്ഷിക്കുന്ന ആ കൊച്ചു കൊച്ചു സൌഹൃദങ്ങള്‍ ആണ് പലപ്പോഴും ഈ ചുട്ടു പഴുത്ത മണല്‍ ആരണ്യത്തില്‍ മനസ്സിലെ കുളിര് കാറ്റായി എത്താറുള്ളത്.
ഓര്‍മ്മകള്‍ ഊടും പാവും നല്കി പറന്നകന്ന കൌമാരവും കൈമോശം വരാതെ കാത്തു സൂക്ഷിക്കുന
നിധി പോലെ ഉള്ള ആ മധുര നൊമ്പരങ്ങളും വര്‍ഷങ്ങള്‍ക്കു ശേഷം മനസ്സില്‍ ഓടിയെത്തിയത് കഴിഞ്ഞ വര്‍ഷത്തെ ഒരു വേനല്‍ അവധിക്കു ആയിരുന്നു.
ഞാന്‍ വളര്‍ന്ന ബാല്യ കാല വീഥികളിലൂടെ ഒരു യാത്ര പോകാന്‍ എനക്ക് കൊതി തോന്നി.എഴാം ക്ലാസ്സിലും ആറാം ക്ലാസ്സിലും ഒന്നാം ക്ലാസ്സിലും പഠിക്കുന്ന എന്റെ മക്കളെ കൂടി ഞാന്‍ നടന്നു.നടക്കാന്‍ അവര്‍ക്ക് കൊതിയാണ്.കാഴ്ചകള്‍ കണ്ട് മടുക്കുന്നത് വരെ. ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള എന്റെ തറവാട്ടിലേക്ക് തന്നെ നടന്നു ആദ്യം.
അവരെ ഞാന്‍ എന്റെ പ്രിയപ്പെട്ട കുളിക്കടവിലേക്ക് കൊണ്ട് പോയി.എന്റെ ചെറുപ്പത്തില്‍ ഉടുത്ത തോര്‍ത്ത് മുണ്ട് അഴിച്ചു, വിരിച്ചു പിടിച്ചു വെള്ളത്തില്‍ മുക്കി അതിനുള്ളില്‍ കുടുങ്ങിപ്പോകുന്ന കൊച്ചു നെറ്റിപ്പൊട്ടന്‍ മീനുകളും പരല്‍ മത്സ്യങ്ങളും അവരെ കാണിക്കാം എന്ന് ഞാന്‍ കരുതി.കഷ്ടം!!വറ്റി വരണ്ട തോട്ടില്‍ പായല്‍ പടിച്ച കല്ലുകള്‍ക്കിടയില്‍ എവിടെയോ അല്പം വെള്ളം ചെളിയോടൊപ്പം ....തോര്‍ത്ത് മുക്കാന്‍ പോയിട്ട് കാലു നനയാന്‍ പോലും വെള്ളം ഇല്ല.
പിന്നെ ഞാന്‍ പറഞ്ഞു..വരൂ ചെറുപ്പത്തില്‍ മൂന്നു നേരവും ഞങ്ങള്‍ മടി കൂടാതെ കഴിക്കുന്ന കപ്പ, ചെമ്പില്‍ വാട്ടി ഉണക്കി അരിഞ്ഞു നിരത്തി ഉണക്കാന്‍ ഇടുന്ന വലിയ നീളവും വീതിയുമുള്ള പരമ്പു പോലെ വിശാലമായ ആ പാറ കാണിക്കാം.വലിയവര്‍ കപ്പ വാട്ടി നിരത്തി ഉണങ്ങാന്‍ ഇടുമ്പോള്‍ ഊര്‍ന്നു വീഴുന്ന ഉരുണ്ടു തെന്നി മാറുന്ന കപ്പ കഷണങ്ങള്‍ ടയര്‍ പോലെ ഉരുട്ടി കളിക്കുന്ന കുട്ടികള്‍ ഞങ്ങള്‍..വരൂ ആ പാറ കാണിക്കാം..
പക്ഷെ പൊട്ടിച്ചിതറിയ കരിങ്കല്‍ കഷണങ്ങള്‍ കുഴി തീര്‍ത്ത ആ പാറ മടയില്‍ കുറെ ആട്ടിന്‍ കുട്ടികള്‍ ചെറിയ പുല്‍നാമ്പുകള്‍ക്കായി കൊമ്പ് കോര്‍ക്കുന്നതാണ് കണ്ടത് ..ആ പാറയൊക്കെ പാറ മടക്കാര്‍ക്ക് എന്നോ ഉടമ്പടി കൊടുത്തു കഴിഞ്ഞിരുന്നു. അതിന്റെ ഓര്‍മ്മകള്‍ പോലും നാമാവശേഷം ആയിരിക്കുന്നു.
നനഞ്ഞ ചാറ്റല്‍ മഴയില്‍ കുടയും ചൂടി ഞങ്ങള്‍ തിരികെ നടന്നു നഷ്ടബോധത്തോടെ..
അപ്പോഴാണ് ഞാന്‍ വീണ്ടും പുല്പാറയിലെ ആനക്കല്ലുമലയെ കുറിച്ച് ഓര്‍ത്തത് ..ക്ഷീണം വക വെക്കാതെ ഞങ്ങള്‍ (കുട്ടികള്‍ മടുത്തു തുടങ്ങിയിരുന്നു ) വീണ്ടും നടന്നു. അങ്ങകലെ മേഘക്കൂട്ടങ്ങളെ തൊട്ടു കിടക്കുന്ന ആ മല കുനിഞ്ഞി മല ആവും.ബൈനോക്കുലറിലൂടെ പുത്തന്‍ തലമുറ ആ പ്രകുതി സൌന്ദര്യം ആസ്വദിച്ചപ്പോള്‍ ഞാന്‍ അനുഭവിച്ചത് നിര്‍വൃതിയോ വേദനയോ എന്ന് തിരിച്ചറിയാന്‍ ആവുന്നില്ല.
ആനക്കല്ലുമാലയുടെ അടിവാരത്തില്‍
മനസ്സു കുളിര്‍ക്കെ മറ്റൊരു കാഴ്ച .സിംഹവാലന്‍ കുരങ്ങു പോലെ അപ്രത്യക്ഷം ആയിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചു ഓലിക്കുള്ളില്‍ അങ്ങനെ നീന്തി തുടിക്കുന്നു ഒരു കൊച്ചു തവള.ചെറിയ കവുങ്ങിന്റെ പാള കൊണ്ട് ഉണ്ടാക്കിയ തൊട്ടിയില്‍ ഓലിയില്‍ നിന്നു വെള്ളം കോരി ക്കുടിക്കുമ്പോള്‍ മാക്കാന് മുള്ളിയ വെള്ളം എന്ന് മുതിര്‍ന്നവര്‍ കളിയാക്കുമായിരുന്നു.ഇന്ന് മിനറല്‍ വാട്ടര്‍ എന്ന പേരില്‍ അല്പം പൊടി വിതറി വലിയ തുക വാങ്ങി വില്കുന്ന ബോട്ടില്‍ കമ്പനികള്‍ ഈ തണുത്ത വെള്ളത്തിന്റെ രുചി അറിഞ്ഞാല്‍ ഈ ഓലിയ്ക്കു മുമ്പില്‍ മുട്ട് കുത്തി നിന്നു പ്രാര്‍ത്ഥിക്കും എന്ന് മനസ്സില്‍ ചിരി തോന്നി.
ഭാഗ്യം. മഴ കാരണം തെന്നി തെറിച്ചു കിടന്ന അവിടെ കയറാന്‍ സാധിച്ചില്ലെങ്കിലും പ്രൌഢ ഗംഭീരന്‍ ആയി ആനക്കല്ല് അങ്ങനെ തല ഉയര്‍ത്തി നില്ക്കുന്നുട്. അഭിമാനത്തോടെ അല്പം അഹങ്കാരത്തോടെ ഞാന്‍ പറഞ്ഞു .നോക്ക് അവന് അവിടെത്തന്നെ യുണ്ട്..
എന്റെ പ്രിയപ്പെട്ട ഗ്രാമമേ, ഇതെങ്കിലും കൈമോശം വരാതെ കാത്തു സൂക്ഷിക്കണേ..ഞങ്ങളുടെ പ്രിയപ്പെട്ട ഓര്‍മകള്‍ക്ക് അല്പമെങ്കിലും ആയുസ്സ് നീട്ടിത്തരാന്‍ എങ്കിലും... ഈ ആനക്കല്ലിനെ....
അന്വേഷകന് മനോഹരമായ വിവരണം..
മനസ്സില്‍ തറയ്ക്കുന്ന ഗൃഹാതുരത്വം..
നഷ്ടപ്പെടലിന്റെ വേദന.. എല്ലാം നന്നായിരിക്കുന്നു..
അഭിനന്ദനങ്ങള്‍ ...