ചുമ്മാ ഒരു പേരും കുറെ പൊല്ലാപ്പുകളും

Posted by ente lokam On June 24, 2010 15 comments"I saw Mr.Chummar.
A hard working young gentleman."
Private & Confidential

എന്നെഴുതിയ ഫയല്‍ തുറന്നപ്പോള്‍ ഞാന്‍ ആദ്യം കണ്ട വാചകം ആയിരുന്നു.കുറെ വര്‍ഷങ്ങള്‍ മുമ്പത്തെ
സംഭവം.എന്നെ ഇന്റര്‍വ്യൂ ചെയ്ത സായിപ്പ് എനിക്ക് വേണ്ടി ശുപാര്‍ശ ചെയ്തു  കൊണ്ട് എഴുതിയ കുറിപ്പ് ഞാന്‍ തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം ഫയല്‍ ചെയ്യുമ്പോള്‍ ആണ് അത് കണ്ടത്.ഇന്നാട്ടു കാരന്റെ കൂടെ ജോലി ചെയ്യാന്‍ വെളിനാടുകാരനായ ഇങ്ങേരെക്കൊണ്ട് എന്തിനു എന്നെ ഇന്റര്‍വ്യൂ ചെയ്യിച്ചു എന്ന് ഇപ്പോള്‍ എനിക്കറിയാം.അത് ഈ നാടിന്റെ ഒരു പ്രത്യേകത.എന്തിനും ഏതിനും ഒരു സായിപ്പു അകമ്പടി വേണം.
എന്നാലും ഈ സായിപ്പിന് കുറേക്കൂടി ശക്തമായി ഒരു വാചകം  എഴുതിക്കൂടെ? ഒരു കടുപ്പത്തില്‍ എറിയാട്ട് സാറ് പഠിപ്പിച്ചതുപോലെ truly ,faithfully ,sincerelyഎന്ന പോലെ hardly എന്നങ്ങു ചേര്‍ത്തിരുന്നെങ്കില്‍ ഒരു വെയിറ്റ് ഒക്കെ വന്നേനെ.മേലേപ്പറമ്പില്‍ ആണ്‍ വീടിലെ ജയറാം ജോലിക്ക് പോകുന്ന കമ്പനി P K .T .പാര്‍സല്‍ സര്‍വീസ് സ്റ്റൈലില് .പക്ഷെ this hardly working‌ gentleman എന്നെഴുതാന്‍ ഇയാള്‍ പള്ളിക്കൂടം  കാണാത്ത സായിപ്പ് ഒന്നുമല്ലായിരുന്നു.പകല്‍ ജോലി ചെയ്തു കൊണ്ട്  ഈവെനിംഗ് കോളേജില്‍ പഠിച്ച സര്‍ട്ടിഫിക്കറ്റ് കണ്ടാണ്‌ ആ പാവം അങ്ങനെ എഴുതിയത്.ഒരേ സമയം പല ജോലികളും പല സര്‍ട്ടിഫിക്കറ്റ് കളും   ഒന്നിച്ചെടുക്കാന്‍ കഴിവുള്ള നമ്മുടെ മാഹാത്മ്യം വല്ലതും ഈ ശുദ്ധനു അറിയാമോ?
അടുത്ത ചോദ്യം.

"What is your qualification ?" 

"MCOM ."

"What is that‌?"

"Master of Commerce ".
അതുവരെ 1947 നു മുമ്പ് ഉള്ള ഇന്ത്യക്കാരന്‍ ഇരുന്നത് പോലെ മുമ്പോട്ടു കുനിഞ്ഞു സായിപ്പിന്റെ മുന്നില്‍ കവാത് മറന്നു ഇരുന്ന ഞാന്‍ ഒന്ന് നിവര്‍ന്നു പിറകോട്ടു ഒന്ന് ആഞ്ഞു ഇരുന്നു.പിന്നെ പെട്ടെന്ന് എന്തോ ഓരോര്മയില്‍ പഴയത് പോലെ വീണ്ടും മുന്നോട്ടു തന്നെ കുനിഞ്ഞു. ഓര്‍ത്തത്‌  വേറൊന്നും അല്ല.V .C .ശുക്ലയുടെ എട്ടു കിലോ ഭാരമുള്ള advanced accounts ക്ലാസ്സില്‍ കൊണ്ടുവരാത്തതിനു  വഴക്ക്  പറഞ്ഞ ജോണ്‍ മാത്യു സാറിനോട്

"സാധാരണ അപ്പാപ്പന്റെ ചായക്കടയില്‍ വെക്കാരാണ് പതിവ്.ഇന്നലെ മറന്നു പോയി.ചുമട്ടു കാരന്‍ അത് waiting ഷെഡില്‍വെച്ചിട്ടുണ്ട്.അവിടുന്ന് ഇങ്ങോട്ട് ഈ എസ്തപ്പനോസ് കോളേജിന്റെ  കയറ്റം കയറുന്നതിനു കൂലി കൂടുതല്‍ ചോദിച്ചു"

എന്ന് തര്‍ക്കുത്തരം പറഞ്ഞപ്പോള്‍
"എടാ നീ ഒക്കെ Bcom  പാസ്‌ ആവുമ്പോള്‍ ഇതിന്റെ പൂര്‍ണ രൂപം മാറി ബിലോ കോമണ്‍ സെന്‍സ്‌ എന്നാകുമെന്നും മിനിമം കോമണ്‍ സെന്‍സ്‌ ആകാന്‍  P G അതായത് Mcom എടുക്കേണ്ടി വരുമെന്നും പറഞ്ഞ കാര്യം.  വീണ്ടും കുനിഞ്ഞു ഇരുന്നപ്പോള്‍ കലാ പാനിയില്‍ മോഹന്‍ലാല്‍ താബുവിനെ പഠിപ്പിച്ച "ആന്‍ ഇന്ത്യന്‍സ് ബാക്ക് ഈസ്‌ നോട്ട് എ ഫുട് ബോര്‍ഡ്‌" എന്ന ആപ്ത വാക്യം പോലും ഓര്മ വന്നില്ല.
തിരികെ വരാം കഥയിലേക്ക്‌. "I Saw Mr .ചുമ്മാര്‍" എന്ന് സായിപ്പ് പറഞ്ഞത് എന്നെ പറ്റിയാണെങ്കിലും എഴുതിയ പേര് ഇഹലോക വാസം വെടിഞ്ഞ എന്‍റെ പിതാവിന്റെ ആയിരുന്നു.സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ഇങ്ങോട്ട് രക്ഷകര്ത്താവിന്റെ കോളത്തില്‍ ചാച്ചന്‍ ചുമ്മാര്‍ ആയി ഇങ്ങനെ ചുമ്മാ  ഇരിക്കും എന്നല്ലാതെ എന്‍റെ പേരിന്റെ കൂടെത്തന്നെ മഹനീയമായി ചാച്ചനും വീട്ടുപേരും കൂടി  ഞങ്ങള്‍ മൂന്ന് പേരും ഒത്തൊരുമയോടെ ഇരിക്കണം എന്ന് ആദ്യം പറഞ്ഞു  തന്നത് expansion of initials എന്ന കോളം പാസ്പോര്‍ട്ട്‌ അപേക്ഷയില്‍ പൂരിപ്പിക്കുമ്പോള്‍ ഫ്രണ്ട് ബ്യൂറോ  ട്രാവല്‍ ഏജന്‍സിയില്‍  ഇരുന്ന ജോയിചേട്ടനാണ്.അങ്ങനെയാണ് V .C .വിന്സന്‍റ്  , വലിയവീട്ടില്‍ ചുമ്മാര്‍ വിന്സന്റ് ആയതും സായിപ്പ് എന്നെ Mr .ചുമ്മാര്‍ എന്ന് അഭിസംബോധന ചെയ്തതും.
മുമ്പ് ഈ പേരിനെപ്പറ്റി ഗവേഷണം നടത്തേണ്ട ആവശ്യം വന്നത് സ്വന്തം ആയി പത്തു കാശ് സമ്പാദിക്കാന്‍ കച്ച കെട്ടി ഇറങ്ങി ബാംഗ്ലൂര്‍ ഒരു തമിഴന്‍ ക്രിസ്ത്യാനിയുടെ ഓഫീസില്‍ ജോലീ ചെയ്യുമ്പോള്‍. തമിഴന്റെ കണ്ണുകള്‍ നെയിം ഓഫ് ഫാദര്‍ കോളത്തില്‍ ഉടക്കി.പിന്നൊരു ചോദ്യം.

"are you a  Christian "?

"Yes Sir"‍.
ഈ പേരിനു അര്‍ഥം ഇല്ലത്രെ..!!ഇത് കത്തോലിക്ക പെരല്ലത്രേ.പിന്നൊരു ചോദ്യം.നീ converted ആണോ എന്ന്? ‍ അമ്പട തമിഴാ പു.ക.കാ.കയും (പുരാതന ക്നാനായ കതോലിക്കന്‍ ) ആ.പു.ക.ക.യും (അതി പുരാതന ക്നാനായ കതോലികാന്‍) ആയ എന്നോട്, കാനാന്‍ ദേശത്ത് നിന്നും നേരിട്ട് കൊടുങ്ങല്ലൂര് വന്ന് കാലു കുത്തിയ ക്നായി തൊമ്മന്റെ സന്തതിയായ എന്നോട് നീ ചോദിച്ച ചോദ്യം നീ പുക്രിയാണോ  എന്നല്ലേ?പുതു ക്രിസ്ത്യാനി ? ആ പഴയ പേര്.നോ നോ എന്ന് പറഞ്ഞു ഞാന്‍ ഉമി  നീര്‍ ഇറക്കി.തമിഴന്‍ വിട്ടില്ല,കതോലിക്കന്‍ ആണെങ്കില്‍ ഒരു പുണ്യവാന്റെ പേര് കൂടെ കാണുമല്ലോ എന്നായി.അപ്പോഴാണ്‌ എനിക്കും ഓര്മ വന്നത്.ചാക്കോ ചുമ്മാര്‍ ചാക്കോ ജേക്കബും, ചുമ്മാര്‍ സൈമനും  ആണല്ലോ.ഹോ എന്‍റെ കര്‍ത്താവേ നിന്റെ അരുമ ശിഷ്യനായ ശിമയോന്റെ പുന്നാര പേരിട്ട എന്‍റെ ചാച്ചനെ ആണല്ലോ ഈ ദ്രോഹി "പു:ക്രി" എന്ന് സംശയിച്ചത്. അങ്ങനെ തന്നെ വേണം ശിമയോന്.അന്ന് തമ്പുരാനേ മൂന്നാവര്‍ത്തി തള്ളി പറഞ്ഞപ്പോള്‍ തലമുറകള്‍ കഴിഞ്ഞാലും വല്ലപ്പോഴും വല്ലയിടത്ത് നിന്നും അതും വല്ല അലവലാതി തമിഴന്റെ അടുത്ത്  നിന്നും ഇങ്ങനൊരു കൊട്ട് കിട്ടാന്‍ യോഗം ഉണ്ടായില്ലേ.അങ്ങനെ തന്നെ വേണം!!
ഇത് കൊണ്ടൊന്നും ചാച്ചനെ കടലാസുകള്‍ ഇരുത്തിപ്പൊറുപ്പിക്കുന്നില്ല.ദുബായ് പോലീസിന്റെ ഡ്രൈവിംഗ് ടെസ്ടിനു പേര് വിളിച്ചു ഓരോരുത്തരുടെ ഊഴം കാത്തു ഞാന്‍ ക്യുവില്‍  നില്‍ക്കുമ്പോള്‍ പേരുകള്‍ അറബിയില്‍ നിരത്തി എഴുതിയ കടലാസ്സുകകളും ആയി ഒരു പോലീസുകാരന്‍ നീട്ടി വിളിക്കുന്നു.‍
"വാളിയ വെട്ടില്‍  കൂമര്‍ ഫിന്സന്‍ ‍."

പാസ്പോര്‍ട്ട്‌  ബസേബോര്ടും വിക്ക്സ് ഫിക്ക്സും എന്നെ ഇവര്‍ ഉച്ചരിക്കു.അടുത്ത് നിന്ന ഒരു മലയാളിയോടു  ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

"ഓരോരുത്തരുടെ പേര് കേട്ടാല്‍ മതി.ഇപ്പൊ വിളിച്ചത് ആരെയാ?കൂമര്‍ നാരായണന്റെ മകന്‍ ആണോ?"

അവസാനം പോലീസുകാരന്‍ ഫോട്ടോ ഉയര്‍ത്തിക്കാട്ടി അടുത്ത് വന്ന് വിളിച്ചപ്പോള്‍ "അയ്യോ സാര്‍ ഇത് ഞാന്‍ "ആണ് എന്ന് സവിനയം മൊഴിഞ്ഞു.അറബിയില്‍ ഒരു ചീത്തയും അങ്ങേരു പാരിതോഷികം ആയി തന്നു.വാലിയ വെട്ടില്‍ നിന്നെന്നെ രക്ഷിക്കണേ എന്ന് പ്രാര്‍ഥിച്ചു അവിടുന്ന് തടി ഊരി എങ്കിലും ഞാന്‍ പിന്നെയും ആ വെട്ടില്‍ തന്നെ വീണു.
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പാസ്പോര്‍ട്ട്‌ പുതുക്കാന്‍ ചെന്നപ്പോള്‍ അവര്‍ എല്ലാം നോക്കി കൂട്ടികെട്ടി ഭദ്രമായി വാങ്ങി വെച്ചിട്ട് പതിനഞ്ചാം  ദിവസം പുതിയ പാസ്പോര്‍ട്ടും ആയി ചാരിതാര്ത്യത്തോടെ വെളിയില്‍ ഇറങ്ങിയപ്പോള്‍ ദേ ഒന്നാം പജില്‍ത്തന്നെ  കിടക്കുന്നു വെട്ടിയിട്ട വാഴ  പോലെ.valiyaveettil എന്ന വീട്ടു പേരിനു ഇത്രയും "e" എന്തിനാ എന്ന് കരുതി ആ ഗുജറാത്തി സാമ ദ്രോഹി ഒരു "e" അങ്ങ് ഒഴിവാക്കി. 'വലിയ വീട്ടില്‍' ഇരിക്കേണ്ട ഈ എളിയവന്‍ 'വലിയ വെട്ടില്‍' ഇരിക്കുന്നു.ഞാന്‍ വീണ വെട്ടില്‍ നിന്നും എന്നെ കര കയറ്റണം എന്ന് അപേക്ഷിച്ചപ്പോള്‍ ഈ ഒരു ഈ മാറുന്നതിനേക്കാള്‍ എളുപ്പം പത്തു വര്ഷം കഴിഞ്ഞു   ഈ പാസ്പോര്‍ട്ട് മാറുന്നതാണ് എന്ന് അയാള്‍ മുഖത്ത് നോക്കി യാതൊരു ദാക്ഷിണ്യവും ഇല്ലാതെ മൊഴിഞ്ഞു.അല്ലെങ്കില്‍ തന്നെ ഈ ഒരു 'ഈ'യില്‍ എന്തിരിക്കുന്നു എന്നൊരു ചോദ്യവും.ഇതിലൂടെ ഞാന്‍ ഒരു വെട്ടില്‍ ആണ് വീണിരിക്കുന്നത് എന്ന് മലയാളത്തില്‍ പറഞ്ഞാല്‍ അതിയാന് മനസ്സിലാകുമോ?
  ഓ സാരമില്ല.ആറു മക്കളില്‍ ഇളയവനായ ഈയുള്ളവന് അമ്മ എങ്ങനെയോ ഒരു മോഡേണ്‍ പേര് തപ്പി കണ്ടു പിടിച്ചു തന്നു.ഈ പേര് അത്ര മാര്‍ക്കറ്റില്‍ ഓടാത്ത  പേരാണ് അന്നത്തെക്കാലത്ത്  ക്നാനായക്കാരില്‍. സ്കൂള്‍ മുതല്‍ കോളേജ് വരെ ഒരൊറ്റ എതിരാളി എനിക്ക് ഉണ്ടായിട്ടില്ല ഈ പേരില്‍.അത് കൊണ്ടാവും നാക്ക് ഉളുക്കാതെ സ്പെല്ലിംഗ് എഴുതി പഠിക്കാതെ ആരും എന്നെ ശരിക്ക് പേര് വിളിച്ചിട്ടും ഇല്ല.ചെറുപ്പത്തില്‍ അയലത്തെ ചാച്ചി അമ്മാമ്മ ആദ്യം വിളിച്ചു."ബെന്‍സണ്‍ "..പിന്നെ "വെന്സണ്‍ " ,"ബിന്സണ്‍ " ,അങ്ങനെ ദുബായില്‍ എത്തിയപ്പോള്‍ അറബിയുടെ അമ്മ "വിക്സണ്‍ " ‍,അറബിയുടെ പെങ്ങള്‍ "ജിന്‍സണ്‍" എന്നിങ്ങനെ വിളിപ്പേരുകള്‍ ആകി കേട്ടപ്പോള്‍ ഒരു ദിവസം ഒരു സീനിയര്‍ military ഓഫീസര്‍  ഗൌരവത്തില്‍ എന്നോട് പറഞ്ഞു എന്‍റെ പേര് ശരിക്ക് ഉച്ചരിക്കാന്‍ അറിയാവുന്നയാള്‍ അദ്ദേഹം മാത്രമേ ഉള്ളത്രെ. "താങ്ക്യു  സര്‍ "എന്ന് സന്തോഷത്തോടെ  ഞാന്‍ പറഞ്ഞപ്പോള് അദ്ദേഹം പറഞ്ഞു  " You are Welcome ‍ Mr Winston ."ഓ എന്റമ്മേ ഈ കോട്ടയം വിട്ടു വടക്കോട്ട്‌ മാറി തൃശൂര്‍ ഏരിയയില്‍ നിന്നു എങ്ങോ ഈ പേര് തപ്പി എടുക്കാതെ സാക്ഷാല്‍  Winston Churchill ന്റെ  പേര് തന്നെ ഇട്ടിരുന്നെങ്കില്‍ എനിക്ക്  ഓഫീസറിന്റെ എങ്കിലും മാനം രക്ഷിക്കാമായിരുന്നല്ലോ!!!
ബോംബയില്‍ ജോലി ചെയ്യുമ്പോള്‍ ഓഫീസില്‍ ഉള്ള ഒരു  ശൃംഗാരി  സുന്ദരി  മറാട്ടി പെണ്‍കുട്ടി എന്‍റെ ബയോ ടാറ്റ നോക്കിയിട്ട് ഹിന്ദിയില്‍ അതെ ചോദ്യം.

"ബാപ് ക നാം?"
ഞാന്‍  പറഞു "ചുമ്മാര്‍ ".
അവള്‍ R എന്ന അക്ഷരത്തില്‍  ഒരു വെട്ടു ഇട്ടിട്ടു എന്നെ നോക്കി കണ്ണിറുക്കി പറഞ്ഞു

"ചുമ്മാ ചുമ്മാ ദേ ദോ .."
എന്നീട്ടു കുണുങ്ങി കുണുങ്ങി ഒരു നടത്തം.(
ദുബായിലെ കുഞ്ഞുടുപ്പിട്ടവരുടെ   കുണുക്കത്തിന്റെ അത്രയും വരില്ലെങ്കിലും !!!!)
എന്നാലും എന്‍റെ ചാച്ചാ  ഇത് കുറെ കട്ടി ആയിപ്പോയില്ലേ.
ചുമ്മാര്‍ എന്ന് ഹിന്ദിയില്‍ എഴുതി R വെട്ടിക്കളഞ്ഞിട്ടു അവള്‍  ഹിന്ദിയില് ചിരിക്കുന്നു.അതെ R തന്നെ ‍ മലയാളത്തില്‍ വെട്ടിക്കളഞ്ഞിട്ടു എന്‍റെ കൂടുകാര്‍ എന്നെ നോക്കി :"വിന്‍സെന്‍റ്  ചുമ്മാ "എന്ന് പറഞ്ഞു മലയാളത്തിലും ചിരിക്കുന്നു. sheaksphere  പറഞ്ഞത്  പ്പോലെ ഒരു പേരില്‍ എന്തിരിക്കുന്നു  എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ ഇപ്പോള്‍ ? എന്തെല്ലാം പൊല്ലാപ്പ് ഇരിക്കുന്നു അതില് ‍.
  


അമ്മായി അമ്മെ അടങ്ങു ...

Posted by ente lokam On June 09, 2010 14 comments


"ദേ നിങ്ങളുടെ തള്ളയെ ഞാന്‍ പോന്നു പോലെ നോക്കിയിട്ടും പരാതി തീരുന്നില്ലല്ലോ? അതെങ്ങനെ ആയ കാലത്ത് എനിക്കിട്ടു ചെയ്തതൊന്നും മറന്നു കാണില്ലല്ലോ.അതിന്റെ കുറ്റബോധം കുറെ മനസ്സില്‍ കാണും.ഞാന്‍ അമ്മയെപ്പോലാ  നോക്കിയത്.സ്വന്തം അമ്മയെപ്പോലെ.എന്നിട്ടും നാക്കേന്നു വീഴുന്നത് കേട്ടാല്‍ മതി."

"വേണ്ടാടി... നീ അടങ്ങ് ...ഇങ്ങനെ വികാരാധീന ആയാല്‍ അമ്മ നേരെ സ്വര്‍ഗത്തിലേക്ക് പോകും.ശുദ്ധീകരണ സ്ഥലം വഴി പോയാല്‍ അല്ലെ നിനക്ക് അല്പം മനസമാധാനം കിട്ടൂ ? ലോകത്ത് ഇന്ന് വരെ ഒരു മരുമകളും അമ്മായി അമ്മയെ സ്വന്തം അമ്മയെ പ്പോലെ കരുതിയിട്ടില്ല.അമ്മെ എന്ന് വിളിക്കുന്നുണ്ടാവും.. അത് സ്വന്തം തലയില്‍ കൈ വെച്ചിട്ട് എന്റമ്മോ എന്നാവും ..അത് കൊണ്ട് നീ ആയിട്ട് ഇനി ലോക ചരിത്രം തിരുത്തിക്കുറി ക്കാനൊന്നും പോവണ്ട ..അങ്ങനൊരു ചരിത്ര നായികയുടെ ചരിത്ര ഭര്‍ത്താവായി എനിക്കൊട്ടു പ്രശസ്തിയും വേണ്ട. കായിക നായികമാരുടെ
നായകന്മാരെ പ്പോലെ പത്രത്തില്‍ അവരുടെ ജെഴ്സിയുടെ  എലാസ്ടിക്ക് വലിച്ചു പിടിക്കുന്ന  ഫോട്ടോയും വരണ്ട."

"അതെ ചങ്കെടുത്തു കാണിച്ചാല്‍ ചെമ്പരത്തിപ്പൂവ് ..നിങ്ങള്‍ക്കൊക്കെ      വേണ്ടത് കഴിഞ്ഞ  ദിവസം ടീവിയില്‍  കണ്ട ആ ടൈപ്പ് സാധനങ്ങളെ ആണ് "

"എന്ത് കണ്ടു ടീവിയില്‍? "

"അത് ശരി ഇന്നലെ വാര്‍ത്ത കണ്ടില്ലേ?പിന്നെന്താ  അവിടെ കുത്തിപ്പിടിച്ചു ഇരുന്നു കണ്ടത്?ആ എന്തയാനി ചാനലിലെ കുഞ്ഞുടുപ്പിട്ട വെല്യ പെണ്ണുങ്ങളെ  ആവും കണ്ടത് അല്ലെ?"
"അങ്ങ് വടക്കന്‍ കേരളത്തില്‍ ഈയിടെ ഗള്‍ഫില്‍നിന്നും ഒരു ഭര്‍ത്താവും ഭാര്യയും അവധിക്കു നാട്ടില്‍ വന്നു.അങ്ങേരുടെ അമ്മ കിടപ്പാണ്.മൂത്ത മക്കളൊക്കെ അമ്മയെ ആവോളം നോക്കി ശുശ്രൂഷിച്ചു സംതൃപ്തരായി ഇനി ആ പുണ്യം ഇളയ മകനായ ഗള്‍ഫ്‌ കാരന് കൂടി വീതം വെക്കാന്‍ തീരുമാനിച്ചു വിളിച്ചു വരുത്തിയതാണ്.വീട്ടില്‍ കൊണ്ട് പൊയ്ക്കോ ഇനി പതിനഞ്ചു ദിവസത്തിനുള്ളില്‍ കാറ്റ് പോകും എന്ന് ഡോക്ടര്‍ ഉറപ്പു പറഞ്ഞു.അങ്ങനെ ആണ് അമ്മയെ നോക്കി അനുഭവിക്കാനുള്ള പുണ്യം അവര്‍ വീതം വെക്കാന്‍ തീരുമാനിച്ചത്."

"എണ്ണിച്ചുട്ട അപ്പം പോലെ ഒരു മാസത്തെ അവധി ആണുള്ളത്.കാര്യങ്ങള്‍ ഉദ്ദേശിച്ച പോലെ നടന്നില്ല.ഇത് വെടി തീരാതെ പോകാനും വയ്യ. വടി ആവുന്ന ലക്ഷണങ്ങള്‍ ഒന്നും കാണുന്നുമില്ല.ഭര്‍ത്താവിനു ലീവ് തീരുന്നു. ആ വിസ കഴിഞ്ഞാലും ഈ തള്ളക്കു വിസ കിട്ടുന്ന മട്ടു ഒന്നും കാണുന്നില്ല.ഒടുക്കം അദ്ദേഹം പറഞ്ഞു.ഞാന്‍ പോകാം നീ ഇവിടെ നിന്നു അമ്മയെ "നോക്കി പൂര്‍ത്തിയാക്കി"  വരൂ എന്ന്.

"ആകെ പൊല്ലാപ്പായി.പോയാല്‍ നാട്ടുകാരും  വീട്ടു  കാരും വിടുമോ? പോകാതിരുന്നാല്‍ ഇതിയാനെ  തനിച്ചാക്കി  എങ്ങനെ  വിടും ?അറബി  നാട്  ആണെന്ന  പേരെ  ഉള്ളൂ .അവിടെ മുഴുവന്‍ എങ്ങാണ്ട ജാതി പെണ്ണുങ്ങള്‍  ആണ്.ചൈന, റഷ്യ,നൈഗേരിയ,മൊറോക്കോ ..ഏകോദര സോദരര്‍ പോലെ  ലോക പടത്തില്‍ തമ്മില്‍ ഇണങ്ങിടും  ഓത  പ്രോതങ്ങള്‍ അരപ്പട്ട കഷ്ടിച്ച് കെട്ടിയ ഗ്രാമങ്ങള്‍ പോലെ തിങ്ങിവിങ്ങി കിടക്കുമ്പോള്‍ ..ഞാന്‍ കൂടെയില്ലാതെ കൈ വിട്ട കളി കളിക്കണോ?
ഒരു നിമിഷം തലയില്‍ ഒരു തല തിരിഞ്ഞ ചിന്ത ഉരുത്തിരിഞ്ഞു.

കൊടും വേനക്കാലാതെ  റബര്‍ മരത്തിന്റെ ഉണക്ക കൊള്ളിയില്‍ഉണങ്ങാന്‍ ഇട്ട തുണി കാറ്റടിച്ചു   നിലത്തു വീണത്‌ പോലെ  ചുരുണ്ട് കൂടി കിടക്കുന്ന തള്ളയുടെ മുഖത്തേക്ക് തലയിണ ഒന്നമര്‍ത്തി അല്‍പ നേരം.അല്പം പോലും പരാതി പറയാതെ റബര്‍ തോട്ടത്തില്‍ കാറ്റടിച്ച പോലെ ആ ജീവന്‍ പറന്നകന്നു. ആരും ഒന്നും ചോദിച്ചില്ല.ആര്‍ക്കും സംശയവും തോന്നിയില്ല.എന്നിട്ടും പുള്ളിക്കാരിക്കു സംശയം മാറിയില്ല. 

വേഗം പോലീസ് സ്റ്റേശിനില്‍ പ്പോയി  ഒരു കേസ് കൊടുത്തു.മുഖം  മൂടി വെച്ച ഒരു കള്ളന്‍ രാത്രി തന്റെ ആഭരണം കവരാന്‍ കഴുത്തിന്‌ കുത്തിപ്പിടിച്ചു.അത് കണ്ടു കണ്ണ് തുറന്ന അമ്മായി അമ്മയുടെ മുഖത്തും തലയിണ അമര്തിയത്രേ.

അപ്പോള്‍ സംശയം പക്ഷെ പോലീസുകാര്‍ക്കായി.സംഭവം പൊളിഞ്ഞു.അതോടെ കഴിഞ്ഞു.കഥ.ഇനിയിപ്പോ കുറഞ്ഞത്‌ പന്ത്രണ്ടു വര്‍ഷത്തേക്ക് ഗള്‍ഫിലേക്ക് പോവണ്ടാല്ലോ.ഓരോ ദുര്‍ബുദ്ധി തോന്നാന്‍ എത്ര നേരം!!!

നീ   കൊള്ളാമല്ലോടി   ..ഇതാണോ മനസ്സില്‍ ഇരുപ്പ്‌ ? നാട്ടില്‍ വന്നപ്പോള്‍ തുടങ്ങി വൃദ്ധ സദനത്തില്‍ സുഖം ആയി താമസിക്കുന്നവരുടെ പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ പറഞ്ഞു എന്‍റെ തല പരപ്പിക്കുന്നതും പോര ഇപ്പൊ പുതിയ കഥകള്‍ ഇറക്കുക ആണോ?ആ വെള്ളം, അതങ്ങ് വാങ്ങി വേച്ചേര്  മോളെ നീ..

അല്പം കഴിഞ്ഞപ്പോള്‍ ആണ് കണ്ടത്.ഒരാഴ്ച ആയി കിടന്ന കിടപ്പില്‍ കിടന്ന അമ്മ പ്രാഞ്ചി പ്രാഞ്ചി വാതില്‍ക്കല്‍ കട്ടിളപ്പടി ചാരി നില്കുന്നു.ദയനീയമായി മകനെ നോക്കി പ്പറഞ്ഞു.ഇവള്‍ ഇന്നാളു പറഞ്ഞ ആ സ്ഥലത്ത് അഡ്വാന്‍സ്‌ കൊടുത്തു ഉടനെ തന്നെ ബുക്ക്‌ ചെയ്തേര്.എനിക്കീ കിടപ്പ് മടുത്തു.നിങ്ങള്‍ പോയാല്‍ പിന്നെ ഒന്ന് മിണ്ടാനും പറയാനും ആരും ഉണ്ടാവില്ലല്ലോ.

ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമാ നാരായണ എന്ന മട്ടില്‍ അവള്‍ എന്നെ ഒരു നോട്ടം......