പലായനം

Posted by ente lokam On July 08, 2011 157 comments

പലായനം


ചിത്രം കടപ്പാട് : രാംജി  പട്ടേപ്പാടം 

അവാര്‍ഡ്‌ ദാന ചടങ്ങിനു  ശേഷം ബഹളങ്ങള്‍ ഒഴിഞ്ഞ വേദിയുടെ പിന്നിലേക്ക്‌ നടന്നു നീങ്ങി. ആള്‍ക്കൂട്ടം പിരിഞ്ഞു തുടങ്ങിയിരുന്നു. കുറെ സാഹിത്യ പ്രതിഭകളും അല്പം അടുത്ത സുഹൃത്തുകളും മാത്രം അവിടെയും ഇവിടെയും കാത്തിരിക്കുന്നു. ചില പുതിയ പരിചയപ്പെടലുകള്‍ .കുറെ പരിചയപ്പെടുത്തലുകള്‍. മുഖം നിറയെ കൃത്രിമ പുഞ്ചിരിയും, കൃത്രിമ ഗൌരവവും തേച്ചു മിനുക്കിയ ചിലര്‍. ഭാവങ്ങള്‍ എന്തെന്ന് സൂക്ഷിച്ചു നോക്കിയാലും പിടി തരാതെ മറ്റു ചിലര്‍. ഇതിനിടയില്‍ മനസ്സ് ഒന്ന് സ്വതന്ത്രം ആക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് അറിയാതെ ആഗ്രഹിച്ചു പോയി.


                           ******************************************


ഇരുപത്തി അഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതം മനസ്സിലും ശരീരത്തിലും കോറിയിട്ട പാടുകള്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ ആണെന്ന് തിരിച്ചു അറിഞ്ഞ നിമിഷങ്ങള്‍. എവിടെ ആണ് ഒന്ന് സ്വസ്ഥമായി ഇരിക്കാന്‍ കഴിയുക.? ഇരിക്കുന്ന കസേരകള്‍ക്ക് ഒന്നും ബലം പോരെന്ന തോന്നല്‍. ഈ പ്രവാസിയുടെ ശരീരത്തിന് ഇത്ര ഭാരമോ? സ്വന്തം നാടിന്റെ രക്തവും മണവും തിരിച്ചു അറിയുന്ന ഇവിടുത്തെ ഇരിപ്പിടങ്ങള്‍ക്ക് തന്നെ താങ്ങാന്‍ ഉള്ള കരുത്ത് ഇല്ലെന്നോ!! അതോ വിധി ഏതൊരു പ്രവാസിക്കും കനിഞ്ഞു നല്‍കുന്ന കാരുണ്യം ആണോ സ്വയം തോന്നുന്ന ഈ അപരിചിതത്വം. ഏതു വായനയിലും ആദ്യം കണ്ണില്‍ പെടുന്ന ഗ്രഹാതുരത്വം എന്ന സുന്ദരമായ ഈ  പദം വെറും ഒരു പാഴ്കിനാവ് എന്ന് പലപ്പോഴും തിരിച്ചു അറിഞ്ഞിട്ടുണ്ട്, പല ഇട വേളകളിലും.

പക്ഷെ താലോലിക്കാന്‍ മറന്ന കുഞ്ഞിനെ താരാട്ടു പ്രായത്തിനപ്പുറം താല്പര്യത്തോടെ മടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന ഒരു അമ്മയെപ്പോലെ കടമയുടെ കല്‍പ്പടവുകള്‍ വെറുതെ കയറുന്ന ഈ മിഥ്യ ആയിരുന്നു എന്നും തന്റെ സ്വപ്നങ്ങള്‍ക്ക് നിറക്കൂട്ട്‌..

നീണ്ട വര്‍ഷങ്ങള്‍ തനിക്ക് നല്‍കിയ അനുഭവ പാഠങ്ങള്‍ ക്രോഡീകരിച്ച് പ്രവാസീ പുരസ്കാര മല്‍സരത്തിനു അയച്ച പലായനം എന്ന കൃതിക്ക് ആണ് അവാര്‍ഡ്‌ ലഭിച്ചത്.

വാ തോരാതെ ഇതിന്റെ വികാര തീക്ഷ്ണതയും, വരികളിലെ മാസ്മരികതയും, വരികള്‍ക്ക് ഇടയിലെ വാചാലതയും, പ്രഭാഷണക്കാരുടെയും   അനുമോദനക്കാരുടെയും കണ്ഠങ്ങളില്‍ നിന്ന് അനര്‍ഗളം ആയി പ്രവഹിക്കുമ്പോള്‍ പ്രവാസം പൂര്‍ത്തി ആയോ എന്ന സംശയത്തില്‍ പലപ്പോഴും തല കുനിച്ചു ഗഹനമായ ചിന്തയില്‍ ആണ്ട് ഇരിക്കുക ആയിരുന്നു.

മറുപടി പ്രസംഗത്തിനായി  ആയി  ആരോ തട്ടി വിളിച്ചപ്പോള്‍ ആണ് വീണ്ടും, ഇളകിയ കാലുള്ള കസേരയുടെ (അന്നും ഇന്നും മാറ്റം ഇല്ലാത്ത നാട്) ഇളകാന്‍ തിരക്ക് കൂട്ടുന്ന കൈകളില്‍ തന്റെ രക്തം  തുടിക്കുന്ന വെളുത്ത കൈകള്‍ അമര്‍ത്തി എഴുന്നേറ്റു മൈക്കിന്റെ അടുത്തേക്ക് നടന്നത്.

വിദേശ രാജ്യങ്ങളിലെ ജീവിത രീതി ഉദാഹരണം ആക്കിയും നാടിന്റെ രാഷ്ട്രീയ സാമൂഹിക  മാറ്റങ്ങള്‍ക്കു വേണ്ടി മുറവിളി കൂടിയും പെറ്റമ്മ പോറ്റമ്മ തുടങ്ങിയ ചര്‍വിത  ചര്‍വണ താരതമ്യങ്ങളുടെ  മാറാപ്പു അഴിച്ചും കുടുംബ ബന്ധങ്ങളുടെ പവിത്രതയും, നാടിന്റെ സംസ്കാരവും മനസ്സില്‍ ഉയര്‍ത്തിയ വികാര വിക്ഷോഭങ്ങള്‍ തുറന്നു കാട്ടിയും, അവസാനം നിനച്ചിരിക്കാത്ത ഒരു വേളയില്‍ കടന്നു വന്ന മാറ്റങ്ങളുടെ തിരമാലയില്‍, മധ്യ പൂര്‍വ ദേശങ്ങളുടെ രാഷ്ട്രീയ ഭരണ സിരാ കേന്ദ്രങ്ങള്‍ കട പുഴകി വീണ ഒരു അപ്രതീക്ഷിത  നിമിഷത്തില്‍ എല്ലാം ഇട്ടു എറിഞ്ഞു കുടുംബത്തോടൊപ്പം ഉറപ്പു ഉണ്ടെന്നു എന്നും മനസ്സില്‍ ഉറപ്പിച്ച നാടിന്റെ മണ്ണിലേക്ക് പലായനം ചെയ്തതും ആയ തന്റെ അനുഭവങ്ങള്‍.

വിവരിച്ചതെല്ലാം സത്യം എന്നും, മനസ്സാക്ഷിയുടെ മുന്നില്‍ മറയ്ക്കാന്‍ ഒന്നും ഇല്ലാത്ത തുറന്ന എഴുത്ത് എന്നും ആണ ഇട്ടും, വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തോടൊപ്പം ഇനിയുള്ള കാലം നാസാരന്ധ്രങ്ങളില്‍ തുളച്ചു കയറുന്ന നാടിന്റെ സ്വന്തം മണം അനുഭവിക്കാന്‍ പോകുന്നു എന്നുമൊക്കെ വികാരാധീനന്‍  ആയി വീമ്പിളക്കി ഊഷ്മള നിശ്വാസം ഉതിര്‍ത്തു കസേരയിലേക്ക് വീണ്ടും ചാഞ്ഞപ്പോള്‍ ആല്‍മ സംഘര്‍ഷത്താല്‍ ശരീരവും വിയര്‍ത്തു കുളിച്ചിരുന്നു.

വിയര്‍ക്കുന്ന ശരീരം മാത്രം തിരിച്ചു അറിഞ്ഞ സംഘാടകര്‍ കൊണ്ടു തന്ന വെള്ളം ആര്‍ത്തിയോടെ വാങ്ങി കുടിച്ചു..
                                    ********************************നേരം കുറെ ആയി എന്ന് തോന്നുന്നു. ജാടകള്‍ ഒക്കെ കളഞ്ഞു തനി നാടന്‍ വേഷത്തില്‍ തന്റെ ചിന്തകളോടും കൃതികളോടും  താദാല്‍മ്യം പ്രാപിക്കാന്‍ എന്ന പോലെ ഒരു സാധാരണ  സാരിയില്‍ പ്രിയതമയും കൂടെ കുട്ടികളും വന്നു വിളിച്ചു..
പോവണ്ടേ?


അവളുടെ കൈകളിലേക്ക് തന്റെ കരം ഉയര്‍ത്തി ഈ ശരീരത്തിന്റെ ഭാരം മുഴുവന്‍  അവള്‍ക്കു താങ്ങാന്‍ ആയെങ്കില്‍ എന്ന മോഹത്തോടെ പതിയെ എണീറ്റ്‌ ഹാളിനു വെളിയിലേക്ക് കടക്കുമ്പോള്‍ ഒരു വെളുത്ത മുഖമുള്ള കുട്ടി കയ്യില്‍ കടന്നു പിടിച്ചു.ആ കുട്ടിക്ക് ഒരു നഷ്ടപ്പെട്ട നാഥന്‍റെയും, നാടിന്റെയും  മുഖം ആയിരുന്നു..പിറകില്‍ എവിടെയോ മറഞ്ഞു നിന്ന ഉയരം കുറഞ്ഞ ആ ഫിലിപ്പിനോ സ്ത്രീയുടെ കുറുകിയ കണ്ണുകള്‍ പെട്ടെന്ന് മിന്നി മറഞ്ഞപ്പോള്‍ താന്‍ പ്രസംഗിച്ച പലായനത്തിന്റെ അര്‍ഥം മുഴുവന്‍ തെറ്റ് ആയിരുന്നു എന്ന് തിരിച്ചു  അറിഞ്ഞു..പുറത്തു പറയാന്‍ വയ്യാത്ത മറ്റൊരു പലായനത്തിന്റെ ഒരിക്കലും തിരുത്താന്‍ വയ്യാത്ത ഭാരവും പേറി ഒന്നും കണ്ടില്ലെന്നു നടിച്ചു, ആ കുഞ്ഞു കരങ്ങളില്‍ നിന്ന് കുതറി മാറി, ഭാര്യയുടെ കയ്യില്‍ മുറുകെ പിടിച്ചു മക്കളെ ചേര്‍ത്ത് നിര്‍ത്തി കൈ വിട്ടു പോകുമെന്ന ഭീതിയോടെ വേഗം നടന്നു.


കണ്ണുകള്‍ തുറന്നും ഹൃദയം  അടഞ്ഞും ഇരുന്നു അപ്പോഴും പുരസ്കാരം നേടിയ കഥാകാരന്റെ....             
                                                            ******************