പേടിക്കേണ്ട പ്രായം

Posted by ente lokam On December 30, 2010 132 comments


 സൂക്ഷിക്കണം. പേടിക്കേണ്ട പ്രായം ആണ്..
ജനിച്ച  ഉടനെ കൈ കാലിട്ട് അടിച്ചു, പക്ഷെ കരച്ചില്‍ വന്നില്ല. അയ്യോ പേടിക്കണം കുഞ്ഞു  കരയുന്നില്ല. ഡോക്ടറും നേഴ്സും  കൂടി അലക്കുകാരന്‍ പുതപ്പു എടുത്തു കല്ലില്‍ അടിക്കാന്‍ തുടങ്ങുന്ന  പോലെ തൂക്കി ആഞ്ഞൊന്നു  ആട്ടി .. ആ ആയത്തില്‍ വായ തുറന്നു. അമ്മെ എന്ന് വന്നില്ല. ഇടല്ലേ താഴെ എന്നതിന് പകരം ഇല്ളെ എന്ന് മാത്രം വായില്‍ നിന്നു വന്ന്. ഓ രഷപ്പെട്ടു .
പാല് കുടിച്ചിട്ട് ഏമ്പക്കം വന്നില്ല.പേടിക്കണം അത്രേ .തോളത് കിടത്തി പുറത്തു തട്ടി അമ്മ. ചെറിയ തട്ടിന് ഒന്നും ആയില്ല . പിന്നെ ആഞ്ഞു രണ്ടടി. പേടിച്ചു ഏമ്പക്കം വിട്ടു. ഓ  burp  ചെയ്തപ്പോള്‍   ശരി ആയി അമ്മയുടെ ആശ്വാസം.  എനിക്ക് വേദനിച്ചു കേട്ടോ  എന്ന്   പറയണമെന്ന് തോന്നി.  പക്ഷെ അക്ഷരം അറിയില്ലായിരുന്നു.

ഞാന്‍ നീന്തി..മുട്ട് കാലില്‍ ഇഴഞ്ഞു. അമ്മ പറയുന്നു സൂക്ഷിക്കണം..പിച്ച വെച്ചു തുടങ്ങി ..കൈ വിടാതെ അമ്മ പറയുന്നു. കൈ വിട്ടാല്‍ വീഴും പേടികേണ്ട  പ്രായം ...

കൂട്ടുകാര്ടൊപ്പം ആടിപ്പാടി ഞാന്‍  സ്കൂളിലേക്ക്..തിരികെ വരാന്‍ താമസിച്ചാല്‍ ..
'എന്തെ താമസിച്ചത്' ? . പേടികേണ്ട പ്രായം ആണ്..

ഞാന്‍ പ്രായം അറിയിച്ചു. ഇനി നീ ആണുങ്ങളുടെ കൂടെ നടക്കണ്ട..അച്ഛന്റെ കൂടെ കിടക്കണ്ട. ഒത്തിരി കൂട്ട്  കൂടണ്ട. അടക്കവും ഒതുക്കവും പഠിക്കണം. വസ്ത്ര ധാരണം .. ശ്രദ്ധിക്കണം.പേടിക്കേണ്ട പ്രായം ആണ്..

പ്രായം പതിനാറു കഴിഞ്ഞു...വഴിയില്‍, കോളേജില്‍, ബസില്‍... ചെറുപ്പക്കാരെ , മധ്യ വയസ്കരെ , വയസന്മാരെ , കള്ളന്മാരെ, തെമ്മാടികളെ, ഒക്കെ പേടിക്കേണ്ട പ്രായം ആണ്...

പഠിത്തം  കഴിഞ്ഞു .ജോലി  കിട്ടി ..നഗരത്തില്‍  തനിയെ  താമസം. നല്ലവരെ, നല്ലവര്‍  അല്ലാത്തവരെ, നല്ലവര്‍ എന്ന് നടിക്കുന്നവരെ,  നാട് കാണാത്തവരെ, നഗരം കാണാത്തവരെ, നഗരം കാണിക്കാന്‍ എത്തുന്നവരെ, സഹ ജോലിക്കാരെ, എന്തിനു    ഹോടെലും    രേസ്റൊരന്റും   പിന്നെ കുളിമുറിയും  മൂത്രപ്പുരയും വരെ. ഇപ്പോഴാണ്  പേടിക്കേണ്ടത്  .

കല്യാണം കഴിഞ്ഞു..ഭര്‍ത്താവിനെ, ബന്ധുകളെ, അവരുടെ കുടുംബത്തെ ,അദ്ദേഹത്തിന്റെ കൂട്ടുകാരെ, നല്ലവരെ, ചീത്തവരെ ,..എല്ലാവരോടും സംസാരിക്കാന്‍... പെരുമാറാന്‍ പഠിക്കണം ... ഓ പേടിക്കേണ്ട പ്രായം തന്നെ...

മക്കള്‍ വളര്‍ന്നു..മരു മക്കള്‍ വന്നു..സംസാരം, പ്രവൃത്തി, ആഹാരം, വസ്ത്ര ധാരണം സന്ദര്‍ശകരെ സ്വീകരിക്കല്‍ ..സൂക്ഷിച്ചു വേണം. മറ്റുള്ളവര്‍ക് ബുദ്ധിമുട്ട് ഉണ്ടാകാതെ..

കൊച്ചു മക്കളെ ..സൂക്ഷിച്ച്  ...അതെ അവര്‍ക്കും എനിക്കും പേടിക്കേണ്ട പ്രായം...

തളര്‍ന്നു..കിടപ്പ് ആയി..സൂക്ഷികേണ്ട പ്രായം..മറ്റുള്ളവര്‍ക് ബുദ്ധിമുട്ട് ഉണ്ടാക്കല്ലേ ..!!!

കഴിഞ്ഞു....നീണ്ടു നിവര്‍ന്നു..കിടന്നു..ഇനി പേടിക്കണോ..അപ്പോഴും കേട്ടു..ആരോ പിറു  പിറുക്കുന്നു ....താഴെ പോകാതെ......സൂക്ഷിച്ചു....പ്രായം ഇത്രയും ആയിട്ടും നല്ല ഭാരം...ഓ സൂക്ഷിക്കേണ്ട പ്രായം...
ഇനി അവിടെ...എന്ത് ആണ് ആവോ ????

എന്നാണ് ആവോ പേടിക്കാതെ ഒരു പ്രായം....???? 


വെറുതെ ഒരു ഭര്‍ത്താവും കുത്ത് വീണ ദോശയും

Posted by ente lokam On November 25, 2010 170 comments


എല്ലാ  അധ്വാനിക്കുന്ന  ജന  വിഭാഗത്തിനും  വേണ്ടി   ഈ  പോസ്റ്റ്‌  ഡെഡിക്കേറ്റ്  ചെയ്യുന്നു .ഭാര്യമാര്‍ക്കും അമ്മമാര്‍ക്കും  പിന്നെ  ചുരുക്കം  ചില  ഭര്‍ത്താക്കന്മാര്‍ക്കും .
വെറുതെ ഒരു ഭര്‍ത്താവും കുത്ത് വീണ ദോശയും.
എന്‍റെ  പ്രിയതമ  നാട്ടില്‍  നിന്നു  തിരിച്ചെത്തി .എയര്‍പോര്‍ട്ടില്‍ നിന്നും
കാറില്‍ കയറുന്നതിനിടെ ഞാന്‍ ചോദിച്ചു.
"ഒരു ഉമ്മ തരട്ടെ?"

"നാണമില്ലേ മനുഷ്യാ നിങ്ങള്ക്ക് "

അവള്‍ ഒരു ചീറ്റല്‍.
"നാണിക്കാന്‍ എന്ത്? നീ പോയിട്ട് നാള്‍ എത്ര ആയി?"

"പത്തു ദിവസം പോലും ആയില്ലല്ലോ?"

"എനിക്ക് അത് പത്തു മാസം ആയിരുന്നു.."

അപ്പൊ മാസം തികഞ്ഞോ?

ഇത്തിരിപ്പോന്ന  ഈ ഭര്‍ത്താവിനെയും  ഒത്തിരിപ്പോന്ന  നാക്ക് മാത്രം ഉള്ള മൂന്നു പീക്കിരികളെയും  വിട്ടിട്ടു രണ്ടും  കല്പിചു ഒരു പോക്ക് പോയതാണ് അവള്‍. അന്നു   ടോം ജെറിയുടെ  വാലു പിടിച്ച്‌ വലിക്കുന്നതു പോലെ എന്‍റെ മനസ്സാക്ഷിയുടെ  ചരടില്‍ കയറി ഒരു  വലി വലിച്ചു.   ചെറുപ്പത്തില്‍  നാരങ്ങ മിട്ടായി    വാങ്ങിത്തന്നു       തോളില്‍  കയറ്റി (ഈ കാലന്റെ തോളില്‍ കയറുന്നതിനു  മുമ്പ് ) കൊണ്ട് നടന്ന പപ്പയുടെ  സ്നേഹ വാത്സല്യങ്ങള്‍ വിവരിച്ചു കണ്ണ്     തുടച്ചു  കാണിച്ചപ്പോള്‍  ഞാന്‍ അറിയാത് അങ്ങ് സമ്മതിച്ചു പോയത് ആണ്...

തിടുക്കത്തില്‍ ബാഗ്‌ റെഡി ആക്കുന്നതിനിടയില്‍  അവള്‍ ചോദിച്ചു.

നിങ്ങള്ക്ക് ഒരാഴ്ച ലീവ് എടുത്തു കൂടെ?കുട്ടികള്‍ക്ക് ക്ലാസ്സ്‌ ഉള്ളതല്ലേ?

നീ മിണ്ടാതിരി. കഴിഞ്ഞ വര്ഷം നിനക്ക് ചിക്കന്‍  പോക്സ്  വന്നപ്പോള്‍ ‍ ലീവ് ചോദിച്ചതിനു  ഭാര്യക്ക് കൂട്ട് ഇരിക്കാന്‍  അവധി ചോദിച്ച എമ്പോക്കി എന്ന മട്ടില്‍ അപ്ലിക്കേഷന്‍ എടുത്തു മുഖത്തേക്ക്  എറിഞ്ഞ അറബി ആണ്. അമ്മായി അപ്പന് സുഖം ഇല്ല എന്ന് പറഞ്ഞു ലീവ് ചോദിച്ചാല്‍  അവധിയുടെ കൂടെ ഒരു വണ്‍  വേ ടിക്കറ്റ്‌ കൂടി തന്നു നീ നാട്ടില്‍ തന്നെ   പണ്ടാരം അടങ്ങിക്കൊള്ലാന്‍ പറയും.

അവള്‍ നാട്ടില്‍ ചെന്ന് ഇറങ്ങി. ഞാന്‍ ഇവിടെ അടുക്കളയിലേക്കും ഒന്ന് ഇറങ്ങി നോക്കി .ആലിസ് ഇന്‍ wonder ലാന്‍ഡ്‌. വീടിന്റെ ഈ പ്രദേശത്ത് ഞാന്‍ വഴി തെറ്റിപ്പോലും വന്നിട്ടില്ല. ആദ്യത്തെ പ്രാക്ടിക്കല്‍  ക്ലാസിനു കെമിസ്ട്രി ലാബില്‍ എത്തിയ പ്രീ ഡിഗ്രി  വിദ്യാര്‍ത്ഥിയെപ്പോലെ ഞാന്‍ ഒന്ന് പകച്ചു.

ഒരു ചായ ഉണ്ടാക്കി  കന്നി അങ്കത്തിനു  ഇറങ്ങാം എന്ന്  കരുതി കച്ച മുറുക്കി. കുക്കിംഗ്‌ രേന്ജിന്റെ  സ്വിച്  ഒക്കെ അവള്‍ കാണിച്ചു  തന്നിട്ടാണ് പോയത്. ചായപൊടിയും പഞ്ചസാരയും സമാ സമം ചേര്‍ത്തു  . നാട്ടിലെ  പിള്ളേച്ചന്‍ സ്റ്റയിലില്‍ ആഞ്ഞു ഒരു ആറ്റും ആറ്റി. മോളെ വിളിച്ചു. 

"കുടിച്ചു നോക്കു. ഇതാണ് ഒന്നാന്തരം ചായ."

 ഒരു  കവിള്‍ കുടിച്ചു, കുട്ടി നീട്ടി  ഒരൊറ്റ തുപ്പ്‌.

"ഇതെന്താ പപ്പാ ചായയില്‍ ഇട്ടത് ?. "

ഞാന്‍ മുകളിലേക്ക് നോക്കി.
ദൈവത്തിനെ അല്ല. അലമാരിയിലേക്ക്.

നാല് കുപ്പികള്‍ എന്നേ നോക്കി പല്ല് ഇളിക്കുന്നു. മസാല, ചായപ്പൊടി, പഞ്ചസാര, ഉപ്പ്. സംഭവം  മനസ്സിലായി.കുപ്പികള്‍ മാറിപ്പോയി.
ഒന്ന് ഉരുണ്ടു നോക്കാം.
"മോളെ ഇതാണ് മസാല ചായ."
ഒരു, ഒന്ന് ഒന്നര   നോട്ടം നോക്കി അവള്‍ എന്നെ. "മസാല ഇട്ടത് പോട്ടെ. അതിന്റെ കൂടെ പഞ്ചസാരക്ക് പകരം ഉപ്പ് ഇടാന്‍ ആരാ പഠിപ്പിച്ചേ" ?
ദേ വീണിടത്ത് തന്നെ. ഇനി ഉരുളണ്ട. എന്‍റെ അല്ലെ വിത്ത് ? . ചുരുട്ടി കൂട്ടി കയ്യില്‍  തരും..

വാഷിംഗ് മഷീനില്‍, പറഞ്ഞ അളവില്‍ സോപ്പ് പൊടിയും പറഞ്ഞിടത്തോളം മാത്രം തുണിയും ഇട്ടു പറഞ്ഞു തന്ന എല്ലാ സ്വിച്ചും ഇട്ടിട്ടും ആ പണ്ടാരം അനങ്ങിയില്ല. ഒരു മാതിരി അലക്ക്  കല്ലിനു  കാറ്റ്  പിടിച്ചപോലെ ഒരേ  ഇരുപ്പ്‌.  

ചന്ദ്രയാന്റെ     മുന്നില്‍           ഇന്ത്യന്‍  ശാസ്ത്രഞ്ജര്‍    നില്‍കുന്ന പോലെ    ഞാനും  മൂന്നു കുരുന്നുകളും അന്തം വിട്ടു നിന്നു. അവസാനം  കുതിര വട്ടം പപ്പു ടാസ്കി വിളിയടെ  എന്ന് കൂവിയത് പോലെ ഞാന്‍ പറഞ്ഞു 

" വിളിയെടാ  അമ്മയെ.."

ദേഷ്യം വന്ന ആറു  വയസ്സുകാരന്‍ കാന്താരി അതിന്റെ മര്‍മം നോക്കി നെഞ്ചത്ത്‌ തന്നെ  ആഞ്ഞ്  ഒരൊറ്റ തൊഴി. കിട്ടേണ്ട പണി കിട്ടിയപ്പോള്‍ ദേ അത് കീ കീ എന്ന് കൂവിക്കൊണ്ട് പണി തുടങ്ങി. അപ്പോഴാ മനസ്സിലായത്‌.അതിന്റെ ഫ്രന്റ്‌ ഡോര്‍ ശരിക്ക് അടച്ചിരുന്നില്ല. ഞങ്ങള്‍ക്ക്  ഇല്ലാതെ പോയ ഒരു സാധനം അതിനു ഉണ്ടായിരുന്നു. വിവരം.

അവിടെ തുടങ്ങി എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍. കഥ നീണ്ടു പോകും.അത് കൊണ്ട് ശേഷം ഭാഗങ്ങള്‍ കേരളവും ഞാനും ആയുള്ള ടെലിഫോണ്‍ സംഭാഷനങ്ങളിലൂടെ അവതരിപ്പിക്കുന്നു. (എന്‍റെ പല മറുപടികളും അവള്‍ ഇങ്ങോട്ട് പറയേണ്ടവ ആണ് . ഗതി കെട്ടാല്‍ ഏത് പുലിയും പുല്ലു തിന്നും എന്ന് ചരിത്രം എന്നെ പഠിപ്പിച്ചു എന്ന് മാത്രം)

ഒന്നാം ദിവസം:-സൂപ്പര്‍ മാര്കന്ടിന്റെ നമ്പര്‍ എത്രയാ?
ആ ബുക്കില്‍ കാണും.
വേഗം പറയൂ.1130 കഴിഞ്ഞാല്‍ പിന്നെ ഹോം ഡെലിവറി  ഇല്ല. നിനക്ക് ഇതെല്ലാം മനപ്പാടമല്ലേ ? (ആകെ മൂന്ന് നമ്പര്‍ അറിയാം അവള്‍ക്ക്‌ ഇതും, ഗ്യാസും പിന്നെ എന്‍റെ മോബയിലും. ബോസ്സ് എന്നെ വിളിക്കുന്ന പോലെ പിന്നെ എല്ലാത്തിനും എന്‍റെ ജീവന്‍ എടുക്കാന്‍ ആ  ഒരൊറ്റ  നമ്പര്‍ മാത്രം മതിയല്ലോ)

രണ്ടാം ദിവസം:- ഇന്ന് ദോശ ഉണ്ടാക്കാം.എല്ലാം അറിയാം.,എപ്പോഴാ മറിച്ചു ഇടേണ്ടത്? അത് മാത്രം പറഞ്ഞാല്‍ മതി. എങ്ങനെ ?? ..കുത്ത്..... കുത്തായി... പൊങ്ങി വരുമ്പോഴോ? കുത്ത് അല്പം വലുത് ആയിപ്പോയി..
അതിനിടക്ക്  'ഠിം' ..(ആ കുരുത്തം  കെട്ടവന്‍  എന്തോ തല്ലി പൊട്ടിച്ചു) .
അയ്യോ ഇത് കല്ലില്‍ നിന്നു വിട്ടു പോരുന്നില്ല. എണ്ണ ഒഴിക്കാന്‍ മറന്നു പോയി. ഒരു മണം വരുന്നു. കല്ലിനു ഓട്ട വീണോ ?  നീ ഫോണ്‍ വെച്ചോ. ഞാന്‍ വിളിച്ചോളം. ഇനി കുറച്ചു സമയം എടുക്കും. (ആ ഒടുക്കത്തെ കുത്തിന്റെ ഫോട്ടോ കൊടുത്തിട്ടുണ്ട്‌. അതെടുക്കാന്‍  മിനക്കെട്ട വകയില്‍ ചെറിയ തുരപ്പന്റെ സ്കൂള്‍  ബസും മിസ്സ്‌ ആയി അന്ന്). 
മൂന്നാം ദിവസം:-നിങ്ങള്‍ എണീറ്റില്ലേ?
അലാറം വെച്ചിരുന്നു.
എന്നിട്ടോ?

പതിവ് പോലെ എണീറ്റ്‌ മൂത്രം ഒഴിച്ചിട്ടു കിടന്നു. വിളിച്ചത് നീ ആണെന്നാ കരുതിയത്‌. വീട്ടില്‍ ഇല്ലെന്നു ഓര്‍ത്തില്ല.

നാലാം ദിവസം: മോള് പറഞ്ഞല്ലോ. ഗ്ലാസ്‌ എത്ര പൊട്ടിച്ചു?
ഓ അതങ്ങ് എത്തിച്ചോ ഇത്ര പെട്ടെന്ന് ?എന്താ ആത്മാര്‍ഥത ?...പണി ഉള്ളിടത് കുറച്ചു പൊട്ടലും ചീറ്റലും കാണും. ഇനി അത് പിടിച്ച്‌ വലുത് ആക്കണ്ട.

അഞ്ചാം ദിവസം:-വാഷിംഗ് മഷീനില്‍ നിന്നും തുണി ഇത് വരെ എടുത്തില്ലേ?
എടുക്കാം. ഈ കുടുംബത്, നോക്കുന്നത് എല്ലാം പണി ആണ്. എടുത്തിട്ട്  എന്താ??.പാഞ്ചാലിയുടെ അക്ഷയ പാത്രം പോലാ അത്. ഇപ്പൊ നിറയും കണ്ണടച്ച്  തുറക്കുമ്പോള്‍.

ആറാം ദിവസം:- ബെഡ് ഷീറ്റ് മാറിയോ?
എനിക്ക് രണ്ടു കയ്യും കാലുമേ ഉള്ളൂ.  ഒരറ്റം വലിക്കുമ്പോള്‍ മറ്റേ അറ്റം ഇങ്ങു പോരും. ഒരെണ്ണം സഹായിക്കണ്ടേ ? നിന്റെ മക്കളെ എല്ലാം ഞാന്‍ നാട് കടത്തി പറപ്പിക്കും.

ഏഴാം ദിവസം:- ബാല്‍ക്കണിയില്‍   നിന്നും ഉണങ്ങിയ തുണികള്‍ എടുത്തോ?
എടുത്തു.
മടക്കി വെച്ചോ?
പറഞ്ഞാല്‍  ഉടനെ മടങ്ങാന്‍ തുണിയും ഞാനും മഷീന്‍ അല്ല. എത്ര ചെയ്താലും തീരാത്ത  ഒരു പണി.

എട്ടാം ദിവസം:- ഞാന്‍ പോന്നതില്‍ പിന്നെ മുറി ഒന്നും വാക്യൂം  ചെയ്തിട്ടില്ലേ ?
ഞാന്‍ ഇവിടുന്നു ഇറങ്ങി പോകും. പറഞ്ഞേക്കാം..
മൂന്നു പേരും കുളിച്ചോ?
വേണം എങ്കില്‍ ചെയ്യട്ടെ. ഇതുങ്ങളെ ഒന്നും മാനേജ് ചെയ്യാന്‍ എന്നെകൊണ്ട്‌ പറ്റില്ല.

വേറൊരു ദിവസം:- മോന്‍ പറഞ്ഞല്ലോ പപ്പാ ക്ഷീണിച്ചു  പോയെന്ന്.
അതെ കുടുംബത്തു  പണി ഉള്ളപ്പോള്‍ എപ്പോഴും മിനുങ്ങി നടക്കാന്‍ പറ്റില്ല.

കുട്ടികള്‍ക്ക്  ചൂട്  വെള്ളം കൊടുത്തു വിട്ടോ?
ഓ ഇപ്പൊ വലിയ തണുപ്പ് ഒന്നുമില്ല. ഒരാള്‍ 6 .30 ,  ഒരാള്‍ 7 .30 ,  പൊടിക്കൊചിനെ  എട്ടു മണിക്ക് വിടണം.  എനിക്ക്   ഓഫ്സില്‍ പോകണം. എന്തൊക്കെ ഓര്‍ത്താല്‍ ആണ് .

മറ്റൊരു ദിവസം:- പിന്നെയും ചായ പൊടി മാറിപ്പോയോ ? നിങ്ങളുടെ തലയില്‍ എന്താണ് ??.(കണ്ണൂരാന്റെ  ബ്ലോഗ് അവള്‍ വായിച്ചിട്ടില്ല. അല്ലെങ്കില്‍ പുള്ളികാരന്‍ ബീവിയോടു ചോദിച്ച അതെ ചോദ്യം എന്നോട് ചോദിച്ചേനെ. കുടുംബത് ആര്‍കെങ്കിലും  പിണ്ണാക്ക്  കച്ചവടം ഉണ്ടായിരുന്നോ എന്ന്).
രാത്രി കിടന്നത് പാതിരാ കഴിഞ്ഞ്. എണീറ്റത് അഞ്ചു മണിക്ക്. ഇന്ന് ദിവസം ഏതാണ് എന്ന് പോലും എനിക്ക് നിശ്ചയം ഇല്ല. പിന്നെ തലയില്‍ എന്ത് കാണാന്‍!!.
പിന്നൊരു ദിവസം:- പൂച്ചക്ക് തീറ്റ കൊടുത്തോ? ..
കൊടുക്കാം. ഈ ജോലി എല്ലാം ആര് ചെയ്തു തീര്‍ക്കാന്‍ ആണ്?
അത് പറഞ്ഞപ്പോള്‍ ബ്രൂണി ദേ കാലിന്റെ ചുവട്ടില്‍ ഗിര്‍ ഗിര്‍ എന്ന് മുരളിക്കൊണ്ട് ഉരുമ്മുന്നു. (ബ്രൂണിയെ അറിയില്ലേ  നിങ്ങള്‍  ??‍)
 ഇതിനിടക്ക്‌ ഒരു ദിവസം പാതി രാത്രിയില്‍ മോള് എന്റടുത്തു വന്നു പറഞ്ഞു.
" അമ്മയെ വിളിക്കണം."
" ഈ നട്ടപ്പാതിരക്കോ ? നാട്ടില്‍ സമയം എത്ര ആയി എന്ന് അറിയുമോ? "
വയറു പൊത്തിപ്പിടിച്ചു അവള്‍ വീണ്ടും പറഞ്ഞു.
" വിളിക്ക് പപ്പാ?"
" നീ ആ മെഡിസിന്‍  ബോക്സില്‍ നോക്കു. മരുന്ന് വല്ലതും കാണും. നിനക്ക് ആശുപത്രിയില്‍  പോകണോ?"
" വേണ്ട. പ്ലീസ് ..... "
ഞാന്‍ വിളിച്ചു  കൊടുത്തു. അവര്‍ തമ്മില്‍ സംസാരിച്ചു.എന്തൊക്കെയോ മൂളിക്കേട്ടിട്ടു മോള്‍ ആശ്വാസത്തോടെ അലമാരയില്‍ നിന്നും എന്തോ എടുത്തു കൊണ്ട് അവളുടെ മുറിയിലേക്ക് പോയി. (എന്താ ദീര്‍ഘ  വീക്ഷണം !!. ഒരു അമ്മയുടെ കരുതല്‍. ഞാന്‍ തോറ്റു). അവള്‍ക്ക്‌ ഈ വീട്ടില്‍ ഇത്ര വലിയ റോള്  ഉണ്ടെന്നു എനിക്ക് ഇത് വരെ തോന്നിയിട്ടേ  ഇല്ല.  ചില നേരത്തെ വര്‍ത്തമാനം കേട്ടാല്‍ നാല് ദിവസം ഇവിടുന്നു  നാട് കടത്തിയാല്‍ അത്രയും ‍ മനസ്സമാധാനം എന്ന് തോന്നിപ്പോകും .ഇതിപ്പോ പക്ഷെ കണ്ണ് ഉള്ളപ്പോള്‍ കണ്ണിന്റെ കാഴ്ച അറിയില്ല എന്ന പരുവത്തില്‍ ആയിപ്പോയി  ഞാന്‍ എന്ന് പറഞ്ഞാല്‍ മതിയല്ലോ.

കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ഞങ്ങള് ഒന്നിച്ചാണ് 'വെറുതെ ഒരു ഭാര്യ' കണ്ടത്. അന്നു വെറുതെ ഞാന്‍ കുടഞ്ഞു ഇട്ടു ചിരിച്ചു. ഇപ്പൊ അത് ഒന്ന് കൂടി കണ്ടാല്‍ സത്യം പറഞ്ഞാല്‍ കരഞ്ഞു പോകും.

നിങ്ങള്‍ ഒക്കെ ഇങ്ങനെ എന്തെങ്കിലും കാരണം ഉണ്ടാകി ഇടയ്ക്കു ഒന്ന് മുങ്ങി നോക്കു. കുട്ടികളെ കൊണ്ട് പോകരുത് കേട്ടോ. വേലകാരി ഉണ്ടെങ്കില്‍ അതിനെയും  പറഞ്ഞു വിടണം.(അതിനിപ്പോ എന്തെങ്കിലും  കാരണം ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് ആണോ വിഷമം. എലിക്കുഞ്ഞിനെ നെല്ല് തൊലിക്കാന്‍ പഠിപിക്കണോ)? എങ്കില്‍ ഭര്‍ത്താക്കന്മാര്‍  നന്നാവും. എന്‍റെ ഉറപ്പ്. (മലബാര്‍ ഗോള്‍ഡ്‌ മോഹന്‍ലാല്‍ സ്റ്റൈല്‍).   ഞാന്‍  എന്തായാലും  ഇനി  എല്ലാ വെള്ളിയാഴ്ചയും അവള്‍ക് ഓഫ്‌ കൊടുക്കാന്‍ തീരുമാനിച്ചു.

എനിക്ക്  ഇനി  ഒന്ന്  കിടന്നു  ഉറങ്ങണം. ചുമ്മാ ഉറങ്ങിയാല്‍ പോര.ആ വായാടിയുടെ കൈയില്‍ നിന്നും കുറച്ചു  സ്പെഷ്യല്‍ കേക്ക് വാങ്ങി അതിന്റെ  ജ്യൂസ്‌ അടിച്ചു കുടിക്കണം.എന്നിട്ട് കിറുങ്ങി കിടന്നു ഉറങ്ങണം.
പാതി മയക്കത്തില്‍ അവള്‍ എന്നേ തോണ്ടി വിളിച്ചു. ദേ ഉറങ്ങിയോ? തിരിഞ്ഞു നോക്കാതെ ഞാന്‍ പറഞ്ഞു..എനിക്ക് വയ്യ. കിടന്നു ഉറങ്ങു പെണ്ണെ. കട്ടുറുമ്പ് കടിച്ച ജാള്യതയോടെ ഇതിയാനിട്ടു ഒന്ന് കൊടുക്കാതെ  ഇനി ഉറക്കം വരില്ല എന്ന് തീരുമാനിച്ച  അവള്‍ ഒരു  ചോദ്യം..

എന്താ ഞാന്‍ പോയപ്പോള്‍ വല്ല ബാച്ചിലേര്‍സ്  പാര്‍ടിക്കും പോയോ?
അതും ഏറ്റില്ല എന്ന് തോന്നിയപ്പോള്‍ വിഷയം മാറ്റി..

അല്ല ഈ ബാത്ത് റൂമിലേക്ക്‌   മാത്രം നിങ്ങള്‍ ആരും തിരിഞ്ഞു നോകിയിട്ടില്ലേ?

"അമ്മേ, അത് പിന്നെ എല്ലാ വീട്ടിലും താനേ വൃത്തി ആകുന്ന ഒരു സ്ഥലം അല്ലെ അത്" ?

ബോബനും മോളിയിലെ മോളിയെപ്പോലെ പുതപ്പിന്റെ അടിയില്‍  നിന്നും ഒരു ശബ്ദം. ആ തമാശ  എനിക്ക് അത്ര പിടിച്ചില്ല. ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയാന്‍ നീ എങ്ങനെ ഇതിനകത് കയറിക്കൂടി !!! ??. പോടീ  നിന്റെ മുറിയില്‍ വേഗം. ഉച്ച പടം കാണാന്‍ കയറിയ എട്ടാം ക്ലാസ് കാരന്‍ ഉണക്ക ചെറുക്കനെ  ചെവിക്കു തിരുമ്മി ഇറക്കിവിടുന്ന പണ്ടത്തെ സിനിമ ടാകീസ്  കാരനെപ്പോലെ ആ കാന്താരിയെ ഇറക്കി വിട്ടു.

ഇനി ഇങ്ങനെ ഇടയ്ക്കു  നാട്ടില്‍ പോയാല്‍ കാണിച്ചു തരാം എന്ന മട്ടില്‍ പിറ്റേ ദിവസം രാവിലെ, കഴിഞ്ഞ പത്തു ദിവസത്തെ ടെലിഫോണ്‍ ബില്‍ എടുത്തു  പുതുക്ക പെണ്ണിന്   പുടവ കൊടുക്കുന്ന ഗൌരവത്തോടെ  ശ്രീമതിയുടെ തൃക്കരങ്ങിലേക്ക് അങ്ങ് ഏല്പിച്ചു. മരിച്ചിടത് നിന്നല്ലലോ കരച്ചില്‍ കേള്കുന്നത് !!!!  കാശു പോകുന്നത് എന്‍റെ ആണെങ്കിലും ഇത്തവണ കണ്ണ് തള്ളി പോയത് അവളുടെ. ദിര്‍ഹംസ് 2 ,315 /-  ഇവിടുത്തെ കണക്കില്‍. ഏതാണ്ട് ഇരു പത്തി അയ്യായിരം വരും "ഗാന്ധി തലയുടെ" കണക്കില്‍.
                  **********************************************************************************
 കുറച്ചു  ദിവസങ്ങള്‍ക്കു ശേഷം  ഒരു വെള്ളിയാഴ്ച രാവിലെ മൂടി പുതച്ചു കിടന്നു ഉറങ്ങുന്ന എന്നേ കുലുക്കി വിളിച്ചിട്ട് ശ്രീമതി ചോദിച്ചു. ഒരു ബക്കറ്റു വെള്ളം ആ ബാല്ക്ക‍ണിയിലേക്കു     ഒന്ന് വെച്ചു തരുമോ?  പന്തം കണ്ട പെരുച്ചാഴിയെപ്പോലെ  തുറിച്ചു നോക്കി ഞാന്‍ പറഞ്ഞു. ഒന്ന് മിനക്കെടുത്താതെ പോ രാവിലെ. പിന്നെ ആട്ടെ.

കൈ രണ്ടും എളിക്കു കുത്തി ഇയാള്‍ ഒരു കാലത്തും നന്നാവൂല്ല എന്ന് ശപിക്കാന്‍ തുടങ്ങിയ അവളോട്‌ മോള് പറഞ്ഞു അമ്മെ, വിട്ടേക്ക്, Girls are girls . ബോയ്സ് are ബോയ്സ്. They are not going to change . കഷ്ടം, ചെറുപ്പം മുതല്‍ ‍ അട്ജസ്റ്മെന്റ്റ്   മാത്രം പരിശീലിക്കുന്ന  പാവം മലയാളി പെണ്ണ് . വേറെ വല്ല നാട്ടിലെ പെണ്ണുങ്ങള്‍  ആണെങ്കില്‍  എപ്പോ    ഒരുപ്പോക്ക്   പോയി   എന്ന്  ചോദിച്ചാല്‍    മതി. മലയാളീ   ഭാര്യമാരെ, അമ്മമാരേ നിങ്ങള്ക്ക് നമോ വാകം. 
                                                  


ബ്രുനിടയുടെ പ്രണയം

Posted by ente lokam On October 11, 2010 133 comments





ബ്രുനിടാ , ബ്രുനിട്ടാ,ലുക്ക്‌ ഹിയര്‍. ഫിലിപിനോ ഡോക്ടര്‍ അവളെ
വിളിക്കുന്ന സ്റ്റൈലില്‍ ഞങ്ങള്‍ വിളിച്ചു നോക്കി.അവള്‍ തല ഒന്ന് ഉയര്‍ത്തി നോക്കിയിട്ട് വീണ്ടും ചെരിഞ്ഞു കിടന്നു.


ഈയിടെ ആയി ബ്രുനിടക്ക് ഒരു ഉത്സാഹവും ഇല്ല.ഇന്നാളു ഒരിക്കല്‍വാക് സിനഷന്‍ എടുപ്പിച്ചിട്ടു വന്നപ്പോള്‍ രണ്ടു ദിവസത്തേക്ക് ഇതേ കിടപ്പ് ആയിരുന്നു.


ഒരു ഇംഗ്ലീഷ് പത്രത്തിന്റെ മുകളില്‍ ആണ് ഇപ്പോള്‍ കിടപ്പ്.മിക്ക സമയത്തും.


 എന്താണാവോ ഇത്ര വായിച്ചു ചിന്തിക്കാന്‍ അവള്‍ക്ക്‌.?


ഞങ്ങളുടെ വീട്ടില്‍ വന്നിട്ട് ആര് മാസം ആയിട്ടെ ഉള്ളു.പക്ഷെ വളരെ സൌഹ്ര്ദത്തില്‍ ആണ് എല്ലാവരും ആയിട്ട്.എന്ത് പറഞ്ഞാലും വല്യ ദേഷ്യം ഒന്നും ഇല്ല.തറപ്പിച്ചു ഒന്ന് നോക്കും.പിന്നെ ഒന്നും മിണ്ടാതെ അവളുടെ മുറിയില്‍ പോയി ഇരിക്കും.




അവള്‍ വീടിനു പുറത്തു പോകുമ്പോള്‍ വഴി തെറ്റിയാലും ഞങ്ങള്‍ക്ക് കണ്ടു പിടിക്കാന്‍ എളുപ്പത്തിനു ഒരു മൈക്രോചിപ്പ് ഫിറ്റ്‌ ചെയ്തു കൊടുത്തു.നാട്ടില്‍ പോകുമ്പോള്‍ ഞങ്ങളുടെ കൂടെ കൊണ്ട് പോകാന്‍ ഒരു പാസ്പോര്‍ട്ടും എടുത്തു. കഴിഞ്ഞ പ്രാവശ്യം ഞങ്ങള്‍ പോയപ്പോള്‍ പാസ്പോര്‍ട്ട്‌ ഇല്ലായിരുന്നു.അത് കൊണ്ട് അമ്മ വീട്ടില്‍, കൊണ്ട് വിട്ടിട്ടു ആണ് പോയത്.


ആളൊരു കേമി തന്നെ. അമ്മ വീട്ടില്‍ പോയപ്പോള്‍ ഞങ്ങള്‍ക്ക് വിഷമം ആയിരുന്നു എങ്കിലും അവള്‍ കൂള്‍ ആയിട്ട് ഒരു ടയോട ലാന്‍ഡ്‌ ക്രുയിസേരില്‍ കയറി ഒറ്റപ്പോക്ക്‌.


പിന്നെന്താ ? കുട്ടികള്‍ തിരിച്ചു വന്ന് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടനെ


തന്നെ ബ്രൂണിയെ കൊണ്ടുവാ എന്ന് പറഞ്ഞു വഴക്ക് തുടങ്ങി.തിരിച്ചു വീട്ടില്‍ കൊണ്ട് വന്നപ്പോഴും അവള്‍ക്ക്‌ ഒരു ഭാവ ഭേദവും ഇല്ല.ആള്‍ അല്പം തടിച്ചു കൊഴുത്തു.


ജോലി ചെയ്യാന്‍ ഭയങ്കര മടി ആണ്.വല്ലതും മുമ്പില്‍ കൊടുത്താല്‍ കഴിക്കും ഇവിടുതുകാരി അല്ല എന്ന അഹങ്കാരം അല്പം ഉണ്ട്.സംഗതി സത്യം പറഞ്ഞാല്‍ അമ്മ വിദേശി ആണെങ്കിലും അച്ഛന്‍ ഇവിട്‌തികാരന്‍ ആന്നു.മുഖം കണ്ടാല്‍ അറിയാം.അത് കൊണ്ടാണ് മോള്‍ അവള്‍ക്ക്‌ ഒരു ഫ്രെഞ്ച് പേര് ഇട്ടതു. അതിന്റെ അര്‍ഥം ബ്രൌണ്‍ എന്നു വരും .അവളുടെ കളറിനു ചേര്‍ന്ന പേര്.തവിട്ടും ചാരവും ചേര്‍ന്ന ഒരു കളര്‍.പക്ഷെ ആ സുന്ദര്യം കാണാന്‍ ആ കണ്ണുകളില്‍ നോക്കിയാല്‍ മതി.വലിയ വിടര്‍ന്ന കണ്ണുകള്‍.ഏത് കാമുകനും വീണു പോകും.പിന്നെ അവളുടെ അന്ന നട.ആന നട തന്നെ ആണ്.പുലിയുടെ മാതിരി ആണ് എടുപ്പ് എങ്കിലും ആള് വെറും പൂച്ച .ആഹാരം ആണെങ്കില്‍ വളരെ കമ്മി.സാധാരണ അവളുടെ കൂട്ടുകാരെപ്പോലെ ഒന്നിനോടും ആര്‍ത്തി ഇല്ല.അവളുടെ സ്പെഷ്യല്‍ ബിസ്കിറ്റ് അല്ലാതെ മറ്റൊന്നും വേണ്ട.ഇറച്ചിയും മീനും കണ്ടാല്‍ ഞാന്‍ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന ഭാവം. ഇനിയിപ്പോ എലിയോ പാറ്റയോ ഈച്ചയോ അടുത്ത് വന്നാല്‍ കൈ എടുത്തു ഒന്ന് പേടിപ്പിക്കും.നിങ്ങളെ കൊന്നിട്ട് വേണോ എനിക്ക് ജീവിക്കാന്‍? !! ജീവന്‍ വേണം എങ്കില്‍ എവിടെങ്കിലും പോയി രക്ഷപ്പെട്ടോ എന്‍റെ കണ്‍ വെട്ടത് ഒന്നും വന്ന് പെടാണ്ട എന്നൊരു വാണിംഗ് ആണ് ആ നോട്ടത്തിലും കൈ ഒങ്ങലിലും.

രാവിലെ ഞാന്‍ ഓഫീസില്‍ പോകാന്‍ ഇറങ്ങുമ്പോഴും കുട്ടികള്‍ സ്കൂളില്‍ പോകാന്‍ ഇറങ്ങുമ്പോഴും വാതില്‍ക്കല്‍ കാണും. യാത്ര പറയാന്‍ ലിഫ്റ്റിന്റെ അടുത്ത് വരെ വരും.ഒത്താല്‍ നീളം ഉള്ള വരാന്ദയുടെ അങ്ങേ അറ്റം വരെ ഒന്ന് നടന്നിട്ട് തിരികെ പ്പോകും വീട്ടിലേക്കു.


അങ്ങനെ വേറെ ടെന്‍ഷന്‍ ഒന്നും ഉള്ളത് ആയിട്ട് ഇത് വരെ തോന്നിയിട്ടില്ല.പിന്ന എന്താണാവോ ഈ ആലസ്യം.?


പതുക്കെ അവളെ ഒന്ന് തലോടി പിന്നെ കയ്യില്‍ എടുത്തപ്പോള്‍ വെറുതെ അവള്‍ കിടന്ന പത്രത്തിലേക്ക് ഒന്ന് കണ്ണ് ഓടിച്ചു. അമ്പടി കള്ളി !!!! ഭയങ്കരി !!! ഇതാണോ കയ്യില്‍ ഇരുപ്പ്‌?


രണ്ടു ദിവസം ആയിട്ട് നിന്റെ മുഖത്ത് ഒരു വിഷാദ ച്ചായ കണ്ടത് ...ഇതാണോ ?? പത്രത്തില്‍ അങ്ങനെ ഗമയില്‍ ഇരിക്കുന്നു വെളുത് സുന്ദരന്‍ ആയ ഒരു പുരുഷന്‍.


ആരോ പരസ്യം കൊടുത്തത് ആണ് .വില്കാണോ വാങ്ങാനോ എന്തോ ആണ് ?


അപ്പൊ നിനക്ക് പ്രണയം ആണ് ആണ് അല്ലെ അസുഖം ?


എടി സുന്ദരി ഞങ്ങള്‍ക്ക് ആ ചിന്ത പോയില്ലല്ലോ ?




അവളുടെ ഫിലിപ്പിനോ ഡോക്ടറിനെ വിളിച്ചു വിവരം പറഞ്ഞപ്പോള്‍ അല്ലെ കാര്യം മനസ്സിലായത്. ആറു മാസം പ്രായം എന്നാല്‍ ഇവള്‍ക്ക് മധുര പതിനേഴു ആണത്രേ. ഇനിയിപ്പോ സ്വപനം ഒക്കെ കാണാന്‍ തുടങ്ങും എന്ന് !!!...


ഹോ നന്നായി. താഴെ ഇഷ്ടം പോലെ സാദ പൂവാലന്മാര്‍ കറങ്ങി നടക്കുന്നത് കണ്ടിട്ടുണ്ട്.അബദ്ധം ഒന്നും പറ്റിയിട്ടില്ല. ഇതുവരെ വീട്ടിനു പുറത്തു വിടാത്തത്‌ കൊണ്ട്.നിറയെ രോമം ഉള്ള ആ വാലും പൊക്കി അവളുടെ നടപ്പ് കണ്ടാല്‍ ഏത്പൂ വാലനും പിന്നെ അവളുടെ പിന്നാലെ എന്ന് തീര്‍ച്ച.


ഇനിയിപ്പോ ഒരു തറവാട്ടില്‍ പിറന്ന ചെക്കനെ തപ്പണം ഞങ്ങളുടെ ബ്രൂണിക്ക്.


പാത്തുമ്മയുടെ ആട്

Posted by ente lokam On September 28, 2010 21 comments

ഈ പോസ്റ്റ്‌ അക്കഫിന്റെ ഓണം സുവനീരില്‍ പ്രസിദ്ധീകരിച്ചതാണ്.


കവി ഓ എന്‍ വി ക്ക് ജ്ഞാനപീട പുരസ്കാരം പ്രഖ്യാപിക്കപ്പെട്ട ദിവസം അദ്ദേഹത്തിന്റെ ആദ്യ പൊതു ചടങ്ങില്‍ അദ്ദേഹത്തിന്റെ രചനയോടൊപ്പം പ്രസിധീകരിക്കപ്പെട്ടതെന്ന നിലയില്‍ ഇതെനിക്ക് ഏറെ പ്രിയപ്പെട്ടതും എന്റെ സ്വകാര്യ അഹങ്കാരവുമാണ്.

pathummayude aadu


ചെറിയൊരു വിചാരം - ആനക്കല്ലുമല

Posted by ente lokam On July 16, 2010 14 comments


ആനക്കല്ലുമല
ഓര്‍മ്മകള്‍ ഒന്നാം വര്ഷം പ്രീ ഡിഗ്രി സമയത്തേക്ക്, ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറം.

ഒരു ദിവസം പതിവ് പോലെ രാമപുരം കോട്ടയം ബസ്സ്‌ മുടക്കം.ഉഴവൂര്‍ കോളെജിലേക്ക് കയറ്റാവുന്നതിലധികം   ഭാരവും കയറ്റി നടുവൊടിഞ്ഞ കാളയെപ്പോലെ കിതച്ചുകൊണ്ട് നുരയും പതയുമായി സേവനം നടത്തിയിരുന്ന ഒരേയൊരു KSRTC ബസ്സ്‌.അത് മിക്ക ദിവസങ്ങളിലും കാണാറേയില്ല.

അന്നൊക്കെ പ്രതിഷേധ സൂചകമായി ഞങ്ങള്‍ ഒരു സമരം നടത്തും.ബെല്ലടിച്ചു കോളേജ് വിട്ടാല്‍ കുറേപ്പേര്‍ concession കാര്‍ഡ്‌ പുതുക്കാന്‍ നേരെ കോട്ടയം ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റിലേക്ക്  വിടും.
പിന്നെ കാര്‍ഡ്‌ പുതുക്കി ആശ,അഭിലാഷ്,ആനന്ദ്‌,അനുപമ ഇതില്‍ ഏതെങ്കിലും ഒരു തിയേറ്ററില്‍  കയറി ഒരു പുത്തന്‍ പടവും കണ്ടു കുറേപ്പേര്‍ അങ്ങ് മടങ്ങും.മറ്റു ചിലര്‍ കുറവിലങ്ങാടെക്ക് ബസ് കയറി കാര്‍ഡും പുതുക്കി  അവിടെ പുത്തന്‍  പടം കാണാന്‍ കിട്ടാത്തതിനാല്‍ (ഇപ്പോഴത്തെ കാര്യം എനിക്കറിയില്ല കേട്ടോ)  കുറവിലങ്ങാട്‌ പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചു(അതിനു ജാതി മത ഭേദം ഒന്നും ഉണ്ടായിരുന്നില്ല) ദേവമാത കോളേജിന്റെ പരിസരങ്ങളില്‍ ഒന്ന് എത്തി നോക്കി വിട  വാങ്ങും.

അങ്ങനൊരു  ദിവസം സമരം കഴിഞ്ഞു ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ കുറെ കൂടുകാര്‍, പറഞ്ഞു മാത്രം കേട്ടിട്ടുള്ള ആനക്കല്ലും മലയിലേക്കു ഒരു തീര്‍ഥാടനം നടത്തി.എന്തൊരു മനോഹരമായ കാഴ്ച!!!വലിയ ഉടലും തലയും ആയി വിരിഞ്ഞു അങ്ങനെ നില്‍ക്കുന്നു ആനക്കല്ല്.അവന്റെ പുറത്തു കയറി ഇരിക്കാതെ പിന്നെന്തു  സാഹസം? ആനക്കല്ലിന്റെ ഒത്ത നടുക്കായി പാറയോട് ചേര്‍ന്ന് ഒരരുകില്‍ ഒരു ചെറിയ മരം ഉണ്ടായിരുന്നു .അതില്‍കൂടി വലിഞ്ഞു കയറി ഞങ്ങള്‍ എല്ലാവരും ആനയുടെ പുറത്തു കയറി വിജയ ഭാവത്തോടെ ഒന്ന് അമര്‍ന്നു ഇരുന്നു  . പിന്നെ പലപ്പോഴും കൂട്ടുകാര്‍ക്കൊപ്പം ചാമ്പങ്ങയും,പേരക്കയും,മാങ്ങയും ഉച്ച ഭാഷണം ആക്കി അവിടെ വച്ചു പങ്കിട്ടു സൗഹൃദം .ഇന്നും മരിക്കാതെ, മറക്കാതെ കാത്തു സൂക്ഷിക്കുന്ന ആ കൊച്ചു കൊച്ചു സൌഹൃദങ്ങള്‍ ആണ് പലപ്പോഴും ഈ ചുട്ടു പഴുത്ത മണല്‍ ആരണ്യത്തില്‍ മനസ്സിലെ കുളിര്‍ കാറ്റായി എത്താറുള്ളത്.

ഓര്‍മ്മകള്‍  ഊടും പാവും നല്‍കി പറന്നകന്ന കൌമാരവും കൈമോശം വരാതെ കാത്തു സൂക്ഷിക്കുന
നിധി പോലെ ഉള്ള ആ മധുര നൊമ്പരങ്ങളും വര്‍ഷങ്ങള്‍ക്കു ശേഷം മനസ്സില്‍ ഓടിയെത്തിയത് കഴിഞ്ഞ വര്‍ഷത്തെ ഒരു വേനല്‍ അവധിക്കു ആയിരുന്നു.

ഞാന്‍  വളര്‍ന്ന ബാല്യ കാല വീഥികളിലൂടെ ഒരു യാത്ര പോകാന്‍ എനക്ക് കൊതി തോന്നി.എഴാം ക്ലാസ്സിലും ആറാം ക്ലാസ്സിലും ഒന്നാം ക്ലാസ്സിലും പഠിക്കുന്ന എന്‍റെ മക്കളെ കൂടി ഞാന്‍ നടന്നു.നടക്കാന്‍ അവര്‍ക്ക് കൊതിയാണ്.കാഴ്ചകള്‍  കണ്ട് മടുക്കുന്നത് വരെ. ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള എന്‍റെ തറവാട്ടിലേക്ക്  തന്നെ നടന്നു ആദ്യം.

അവരെ ഞാന്‍ എന്‍റെ പ്രിയപ്പെട്ട  കുളിക്കടവിലേക്ക് കൊണ്ട് പോയി.എന്‍റെ ചെറുപ്പത്തില്‍ ഉടുത്ത തോര്‍ത്ത്‌ മുണ്ട് അഴിച്ചു, വിരിച്ചു പിടിച്ചു വെള്ളത്തില്‍ മുക്കി അതിനുള്ളില്‍ കുടുങ്ങിപ്പോകുന്ന കൊച്ചു നെറ്റിപ്പൊട്ടന്‍   മീനുകളും പരല്‍ മത്സ്യങ്ങളും അവരെ കാണിക്കാം എന്ന് ഞാന്‍ കരുതി.കഷ്ടം!!വറ്റി വരണ്ട തോട്ടില്‍ പായല്‍ പടിച്ച കല്ലുകള്‍ക്കിടയില്‍ എവിടെയോ അല്പം വെള്ളം ചെളിയോടൊപ്പം ....തോര്‍ത്ത്‌ മുക്കാന്‍ പോയിട്ട് കാലു നനയാന്‍ പോലും വെള്ളം ഇല്ല.

പിന്നെ ഞാന്‍ പറഞ്ഞു..വരൂ ചെറുപ്പത്തില്‍ മൂന്നു നേരവും ഞങ്ങള്‍  മടി കൂടാതെ കഴിക്കുന്ന കപ്പ, ചെമ്പില്‍ വാട്ടി ഉണക്കി  അരിഞ്ഞു  നിരത്തി ഉണക്കാന്‍ ഇടുന്ന വലിയ  നീളവും  വീതിയുമുള്ള പരമ്പു പോലെ വിശാലമായ ആ പാറ കാണിക്കാം.വലിയവര്‍ കപ്പ വാട്ടി   നിരത്തി ഉണങ്ങാന്‍  ഇടുമ്പോള്‍ ഊര്‍ന്നു വീഴുന്ന ഉരുണ്ടു തെന്നി മാറുന്ന കപ്പ കഷണങ്ങള്‍ ടയര്‍   പോലെ ഉരുട്ടി കളിക്കുന്ന  കുട്ടികള്‍ ഞങ്ങള്‍..വരൂ ആ പാറ കാണിക്കാം..

പക്ഷെ പൊട്ടിച്ചിതറിയ  കരിങ്കല്‍ കഷണങ്ങള്‍  കുഴി തീര്‍ത്ത ആ പാറ മടയില്‍ കുറെ ആട്ടിന്‍ കുട്ടികള്‍ ചെറിയ പുല്‍നാമ്പുകള്‍ക്കായി കൊമ്പ്  കോര്‍ക്കുന്നതാണ് കണ്ടത് ..ആ പാറയൊക്കെ  പാറ മടക്കാര്‍ക്ക് എന്നോ ഉടമ്പടി കൊടുത്തു കഴിഞ്ഞിരുന്നു. അതിന്റെ ഓര്‍മ്മകള്‍ പോലും  നാമാവശേഷം ആയിരിക്കുന്നു.

നനഞ്ഞ  ചാറ്റല്‍ മഴയില്‍ കുടയും ചൂടി ഞങ്ങള്‍ തിരികെ നടന്നു നഷ്ടബോധത്തോടെ..

അപ്പോഴാണ്‌ ഞാന്‍ വീണ്ടും പുല്പാറയിലെ  ആനക്കല്ലുമലയെ കുറിച്ച്  ഓര്‍ത്തത്‌ ..ക്ഷീണം  വക വെക്കാതെ ഞങ്ങള്‍ (കുട്ടികള്‍ മടുത്തു തുടങ്ങിയിരുന്നു ) വീണ്ടും നടന്നു. അങ്ങകലെ മേഘക്കൂട്ടങ്ങളെ തൊട്ടു കിടക്കുന്ന ആ മല കുനിഞ്ഞി  മല ആവും.ബൈനോക്കുലറിലൂടെ  പുത്തന്‍ തലമുറ ആ പ്രകുതി സൌന്ദര്യം ആസ്വദിച്ചപ്പോള്‍ ഞാന്‍ അനുഭവിച്ചത് നിര്വൃതിയോ വേദനയോ എന്ന് തിരിച്ചറിയാന്‍  ആവുന്നില്ല.


ആനക്കല്ലുമാലയുടെ  അടിവാരത്തില്‍ മനസ്സു  കുളിര്‍ക്കെ മറ്റൊരു കാഴ്ച .സിംഹവാലന്‍ കുരങ്ങു പോലെ അപ്രത്യക്ഷം ആയിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചു ഓലിക്കുള്ളില്‍  അങ്ങനെ നീന്തി തുടിക്കുന്നു ഒരു കൊച്ചു തവള.ചെറിയ കവുങ്ങിന്റെ പാള കൊണ്ട് ഉണ്ടാക്കിയ തൊട്ടിയില്‍ ഓലിയില്‍ നിന്നു വെള്ളം കോരി ക്കുടിക്കുമ്പോള്‍  മാക്കാന്‍ മുള്ളിയ വെള്ളം എന്ന് മുതിര്‍ന്നവര്‍ കളിയാക്കുമായിരുന്നു.ഇന്ന് മിനറല്‍ വാട്ടര്‍  എന്ന പേരില്‍ അല്പം പൊടി വിതറി  വലിയ തുക വാങ്ങി വില്കുന്ന ബോട്ടില്‍ കമ്പനികള്‍ ഈ തണുത്ത വെള്ളത്തിന്റെ രുചി അറിഞ്ഞാല്‍ ഈ ഓലിയ്ക്കു മുമ്പില്‍ മുട്ട് കുത്തി നിന്നു പ്രാര്‍ത്ഥിക്കും എന്ന് മനസ്സില്‍ ചിരി തോന്നി.


ഭാഗ്യം. മഴ കാരണം തെന്നി തെറിച്ചു കിടന്ന അവിടെ കയറാന്‍ സാധിച്ചില്ലെങ്കിലും പ്രൌഢ ഗംഭീരന്‍  ആയി ആനക്കല്ല് അങ്ങനെ തല ഉയര്‍ത്തി നില്‍ക്കുന്നുട്. അഭിമാനത്തോടെ അല്പം അഹങ്കാരത്തോടെ ഞാന്‍ പറഞ്ഞു .നോക്ക് അവന്‍ അവിടെത്തന്നെ യുണ്ട്..

എന്‍റെ പ്രിയപ്പെട്ട ഗ്രാമമേ, ഇതെങ്കിലും കൈമോശം വരാതെ കാത്തു സൂക്ഷിക്കണേ..ഞങ്ങളുടെ പ്രിയപ്പെട്ട ഓര്‍മകള്‍ക്ക് അല്പമെങ്കിലും ആയുസ്സ്  നീട്ടിത്തരാന്‍  എങ്കിലും... ഈ ആനക്കല്ലിനെ....


ചുമ്മാ ഒരു പേരും കുറെ പൊല്ലാപ്പുകളും

Posted by ente lokam On June 24, 2010 15 comments



"I saw Mr.Chummar.
A hard working young gentleman."
Private & Confidential

എന്നെഴുതിയ ഫയല്‍ തുറന്നപ്പോള്‍ ഞാന്‍ ആദ്യം കണ്ട വാചകം ആയിരുന്നു.കുറെ വര്‍ഷങ്ങള്‍ മുമ്പത്തെ
സംഭവം.എന്നെ ഇന്റര്‍വ്യൂ ചെയ്ത സായിപ്പ് എനിക്ക് വേണ്ടി ശുപാര്‍ശ ചെയ്തു  കൊണ്ട് എഴുതിയ കുറിപ്പ് ഞാന്‍ തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം ഫയല്‍ ചെയ്യുമ്പോള്‍ ആണ് അത് കണ്ടത്.ഇന്നാട്ടു കാരന്റെ കൂടെ ജോലി ചെയ്യാന്‍ വെളിനാടുകാരനായ ഇങ്ങേരെക്കൊണ്ട് എന്തിനു എന്നെ ഇന്റര്‍വ്യൂ ചെയ്യിച്ചു എന്ന് ഇപ്പോള്‍ എനിക്കറിയാം.അത് ഈ നാടിന്റെ ഒരു പ്രത്യേകത.എന്തിനും ഏതിനും ഒരു സായിപ്പു അകമ്പടി വേണം.
എന്നാലും ഈ സായിപ്പിന് കുറേക്കൂടി ശക്തമായി ഒരു വാചകം  എഴുതിക്കൂടെ? ഒരു കടുപ്പത്തില്‍ എറിയാട്ട് സാറ് പഠിപ്പിച്ചതുപോലെ truly ,faithfully ,sincerelyഎന്ന പോലെ hardly എന്നങ്ങു ചേര്‍ത്തിരുന്നെങ്കില്‍ ഒരു വെയിറ്റ് ഒക്കെ വന്നേനെ.മേലേപ്പറമ്പില്‍ ആണ്‍ വീടിലെ ജയറാം ജോലിക്ക് പോകുന്ന കമ്പനി P K .T .പാര്‍സല്‍ സര്‍വീസ് സ്റ്റൈലില് .പക്ഷെ this hardly working‌ gentleman എന്നെഴുതാന്‍ ഇയാള്‍ പള്ളിക്കൂടം  കാണാത്ത സായിപ്പ് ഒന്നുമല്ലായിരുന്നു.പകല്‍ ജോലി ചെയ്തു കൊണ്ട്  ഈവെനിംഗ് കോളേജില്‍ പഠിച്ച സര്‍ട്ടിഫിക്കറ്റ് കണ്ടാണ്‌ ആ പാവം അങ്ങനെ എഴുതിയത്.ഒരേ സമയം പല ജോലികളും പല സര്‍ട്ടിഫിക്കറ്റ് കളും   ഒന്നിച്ചെടുക്കാന്‍ കഴിവുള്ള നമ്മുടെ മാഹാത്മ്യം വല്ലതും ഈ ശുദ്ധനു അറിയാമോ?
അടുത്ത ചോദ്യം.

"What is your qualification ?" 

"MCOM ."

"What is that‌?"

"Master of Commerce ".
അതുവരെ 1947 നു മുമ്പ് ഉള്ള ഇന്ത്യക്കാരന്‍ ഇരുന്നത് പോലെ മുമ്പോട്ടു കുനിഞ്ഞു സായിപ്പിന്റെ മുന്നില്‍ കവാത് മറന്നു ഇരുന്ന ഞാന്‍ ഒന്ന് നിവര്‍ന്നു പിറകോട്ടു ഒന്ന് ആഞ്ഞു ഇരുന്നു.പിന്നെ പെട്ടെന്ന് എന്തോ ഓരോര്മയില്‍ പഴയത് പോലെ വീണ്ടും മുന്നോട്ടു തന്നെ കുനിഞ്ഞു. ഓര്‍ത്തത്‌  വേറൊന്നും അല്ല.V .C .ശുക്ലയുടെ എട്ടു കിലോ ഭാരമുള്ള advanced accounts ക്ലാസ്സില്‍ കൊണ്ടുവരാത്തതിനു  വഴക്ക്  പറഞ്ഞ ജോണ്‍ മാത്യു സാറിനോട്

"സാധാരണ അപ്പാപ്പന്റെ ചായക്കടയില്‍ വെക്കാരാണ് പതിവ്.ഇന്നലെ മറന്നു പോയി.ചുമട്ടു കാരന്‍ അത് waiting ഷെഡില്‍വെച്ചിട്ടുണ്ട്.അവിടുന്ന് ഇങ്ങോട്ട് ഈ എസ്തപ്പനോസ് കോളേജിന്റെ  കയറ്റം കയറുന്നതിനു കൂലി കൂടുതല്‍ ചോദിച്ചു"

എന്ന് തര്‍ക്കുത്തരം പറഞ്ഞപ്പോള്‍
"എടാ നീ ഒക്കെ Bcom  പാസ്‌ ആവുമ്പോള്‍ ഇതിന്റെ പൂര്‍ണ രൂപം മാറി ബിലോ കോമണ്‍ സെന്‍സ്‌ എന്നാകുമെന്നും മിനിമം കോമണ്‍ സെന്‍സ്‌ ആകാന്‍  P G അതായത് Mcom എടുക്കേണ്ടി വരുമെന്നും പറഞ്ഞ കാര്യം.  വീണ്ടും കുനിഞ്ഞു ഇരുന്നപ്പോള്‍ കലാ പാനിയില്‍ മോഹന്‍ലാല്‍ താബുവിനെ പഠിപ്പിച്ച "ആന്‍ ഇന്ത്യന്‍സ് ബാക്ക് ഈസ്‌ നോട്ട് എ ഫുട് ബോര്‍ഡ്‌" എന്ന ആപ്ത വാക്യം പോലും ഓര്മ വന്നില്ല.
തിരികെ വരാം കഥയിലേക്ക്‌. "I Saw Mr .ചുമ്മാര്‍" എന്ന് സായിപ്പ് പറഞ്ഞത് എന്നെ പറ്റിയാണെങ്കിലും എഴുതിയ പേര് ഇഹലോക വാസം വെടിഞ്ഞ എന്‍റെ പിതാവിന്റെ ആയിരുന്നു.സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ഇങ്ങോട്ട് രക്ഷകര്ത്താവിന്റെ കോളത്തില്‍ ചാച്ചന്‍ ചുമ്മാര്‍ ആയി ഇങ്ങനെ ചുമ്മാ  ഇരിക്കും എന്നല്ലാതെ എന്‍റെ പേരിന്റെ കൂടെത്തന്നെ മഹനീയമായി ചാച്ചനും വീട്ടുപേരും കൂടി  ഞങ്ങള്‍ മൂന്ന് പേരും ഒത്തൊരുമയോടെ ഇരിക്കണം എന്ന് ആദ്യം പറഞ്ഞു  തന്നത് expansion of initials എന്ന കോളം പാസ്പോര്‍ട്ട്‌ അപേക്ഷയില്‍ പൂരിപ്പിക്കുമ്പോള്‍ ഫ്രണ്ട് ബ്യൂറോ  ട്രാവല്‍ ഏജന്‍സിയില്‍  ഇരുന്ന ജോയിചേട്ടനാണ്.അങ്ങനെയാണ് V .C .വിന്സന്‍റ്  , വലിയവീട്ടില്‍ ചുമ്മാര്‍ വിന്സന്റ് ആയതും സായിപ്പ് എന്നെ Mr .ചുമ്മാര്‍ എന്ന് അഭിസംബോധന ചെയ്തതും.
മുമ്പ് ഈ പേരിനെപ്പറ്റി ഗവേഷണം നടത്തേണ്ട ആവശ്യം വന്നത് സ്വന്തം ആയി പത്തു കാശ് സമ്പാദിക്കാന്‍ കച്ച കെട്ടി ഇറങ്ങി ബാംഗ്ലൂര്‍ ഒരു തമിഴന്‍ ക്രിസ്ത്യാനിയുടെ ഓഫീസില്‍ ജോലീ ചെയ്യുമ്പോള്‍. തമിഴന്റെ കണ്ണുകള്‍ നെയിം ഓഫ് ഫാദര്‍ കോളത്തില്‍ ഉടക്കി.പിന്നൊരു ചോദ്യം.

"are you a  Christian "?

"Yes Sir"‍.
ഈ പേരിനു അര്‍ഥം ഇല്ലത്രെ..!!ഇത് കത്തോലിക്ക പെരല്ലത്രേ.പിന്നൊരു ചോദ്യം.നീ converted ആണോ എന്ന്? ‍ അമ്പട തമിഴാ പു.ക.കാ.കയും (പുരാതന ക്നാനായ കതോലിക്കന്‍ ) ആ.പു.ക.ക.യും (അതി പുരാതന ക്നാനായ കതോലികാന്‍) ആയ എന്നോട്, കാനാന്‍ ദേശത്ത് നിന്നും നേരിട്ട് കൊടുങ്ങല്ലൂര് വന്ന് കാലു കുത്തിയ ക്നായി തൊമ്മന്റെ സന്തതിയായ എന്നോട് നീ ചോദിച്ച ചോദ്യം നീ പുക്രിയാണോ  എന്നല്ലേ?പുതു ക്രിസ്ത്യാനി ? ആ പഴയ പേര്.നോ നോ എന്ന് പറഞ്ഞു ഞാന്‍ ഉമി  നീര്‍ ഇറക്കി.തമിഴന്‍ വിട്ടില്ല,കതോലിക്കന്‍ ആണെങ്കില്‍ ഒരു പുണ്യവാന്റെ പേര് കൂടെ കാണുമല്ലോ എന്നായി.അപ്പോഴാണ്‌ എനിക്കും ഓര്മ വന്നത്.ചാക്കോ ചുമ്മാര്‍ ചാക്കോ ജേക്കബും, ചുമ്മാര്‍ സൈമനും  ആണല്ലോ.ഹോ എന്‍റെ കര്‍ത്താവേ നിന്റെ അരുമ ശിഷ്യനായ ശിമയോന്റെ പുന്നാര പേരിട്ട എന്‍റെ ചാച്ചനെ ആണല്ലോ ഈ ദ്രോഹി "പു:ക്രി" എന്ന് സംശയിച്ചത്. അങ്ങനെ തന്നെ വേണം ശിമയോന്.അന്ന് തമ്പുരാനേ മൂന്നാവര്‍ത്തി തള്ളി പറഞ്ഞപ്പോള്‍ തലമുറകള്‍ കഴിഞ്ഞാലും വല്ലപ്പോഴും വല്ലയിടത്ത് നിന്നും അതും വല്ല അലവലാതി തമിഴന്റെ അടുത്ത്  നിന്നും ഇങ്ങനൊരു കൊട്ട് കിട്ടാന്‍ യോഗം ഉണ്ടായില്ലേ.അങ്ങനെ തന്നെ വേണം!!
ഇത് കൊണ്ടൊന്നും ചാച്ചനെ കടലാസുകള്‍ ഇരുത്തിപ്പൊറുപ്പിക്കുന്നില്ല.ദുബായ് പോലീസിന്റെ ഡ്രൈവിംഗ് ടെസ്ടിനു പേര് വിളിച്ചു ഓരോരുത്തരുടെ ഊഴം കാത്തു ഞാന്‍ ക്യുവില്‍  നില്‍ക്കുമ്പോള്‍ പേരുകള്‍ അറബിയില്‍ നിരത്തി എഴുതിയ കടലാസ്സുകകളും ആയി ഒരു പോലീസുകാരന്‍ നീട്ടി വിളിക്കുന്നു.‍
"വാളിയ വെട്ടില്‍  കൂമര്‍ ഫിന്സന്‍ ‍."

പാസ്പോര്‍ട്ട്‌  ബസേബോര്ടും വിക്ക്സ് ഫിക്ക്സും എന്നെ ഇവര്‍ ഉച്ചരിക്കു.അടുത്ത് നിന്ന ഒരു മലയാളിയോടു  ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

"ഓരോരുത്തരുടെ പേര് കേട്ടാല്‍ മതി.ഇപ്പൊ വിളിച്ചത് ആരെയാ?കൂമര്‍ നാരായണന്റെ മകന്‍ ആണോ?"

അവസാനം പോലീസുകാരന്‍ ഫോട്ടോ ഉയര്‍ത്തിക്കാട്ടി അടുത്ത് വന്ന് വിളിച്ചപ്പോള്‍ "അയ്യോ സാര്‍ ഇത് ഞാന്‍ "ആണ് എന്ന് സവിനയം മൊഴിഞ്ഞു.അറബിയില്‍ ഒരു ചീത്തയും അങ്ങേരു പാരിതോഷികം ആയി തന്നു.വാലിയ വെട്ടില്‍ നിന്നെന്നെ രക്ഷിക്കണേ എന്ന് പ്രാര്‍ഥിച്ചു അവിടുന്ന് തടി ഊരി എങ്കിലും ഞാന്‍ പിന്നെയും ആ വെട്ടില്‍ തന്നെ വീണു.
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പാസ്പോര്‍ട്ട്‌ പുതുക്കാന്‍ ചെന്നപ്പോള്‍ അവര്‍ എല്ലാം നോക്കി കൂട്ടികെട്ടി ഭദ്രമായി വാങ്ങി വെച്ചിട്ട് പതിനഞ്ചാം  ദിവസം പുതിയ പാസ്പോര്‍ട്ടും ആയി ചാരിതാര്ത്യത്തോടെ വെളിയില്‍ ഇറങ്ങിയപ്പോള്‍ ദേ ഒന്നാം പജില്‍ത്തന്നെ  കിടക്കുന്നു വെട്ടിയിട്ട വാഴ  പോലെ.valiyaveettil എന്ന വീട്ടു പേരിനു ഇത്രയും "e" എന്തിനാ എന്ന് കരുതി ആ ഗുജറാത്തി സാമ ദ്രോഹി ഒരു "e" അങ്ങ് ഒഴിവാക്കി. 'വലിയ വീട്ടില്‍' ഇരിക്കേണ്ട ഈ എളിയവന്‍ 'വലിയ വെട്ടില്‍' ഇരിക്കുന്നു.ഞാന്‍ വീണ വെട്ടില്‍ നിന്നും എന്നെ കര കയറ്റണം എന്ന് അപേക്ഷിച്ചപ്പോള്‍ ഈ ഒരു ഈ മാറുന്നതിനേക്കാള്‍ എളുപ്പം പത്തു വര്ഷം കഴിഞ്ഞു   ഈ പാസ്പോര്‍ട്ട് മാറുന്നതാണ് എന്ന് അയാള്‍ മുഖത്ത് നോക്കി യാതൊരു ദാക്ഷിണ്യവും ഇല്ലാതെ മൊഴിഞ്ഞു.അല്ലെങ്കില്‍ തന്നെ ഈ ഒരു 'ഈ'യില്‍ എന്തിരിക്കുന്നു എന്നൊരു ചോദ്യവും.ഇതിലൂടെ ഞാന്‍ ഒരു വെട്ടില്‍ ആണ് വീണിരിക്കുന്നത് എന്ന് മലയാളത്തില്‍ പറഞ്ഞാല്‍ അതിയാന് മനസ്സിലാകുമോ?
  ഓ സാരമില്ല.ആറു മക്കളില്‍ ഇളയവനായ ഈയുള്ളവന് അമ്മ എങ്ങനെയോ ഒരു മോഡേണ്‍ പേര് തപ്പി കണ്ടു പിടിച്ചു തന്നു.ഈ പേര് അത്ര മാര്‍ക്കറ്റില്‍ ഓടാത്ത  പേരാണ് അന്നത്തെക്കാലത്ത്  ക്നാനായക്കാരില്‍. സ്കൂള്‍ മുതല്‍ കോളേജ് വരെ ഒരൊറ്റ എതിരാളി എനിക്ക് ഉണ്ടായിട്ടില്ല ഈ പേരില്‍.അത് കൊണ്ടാവും നാക്ക് ഉളുക്കാതെ സ്പെല്ലിംഗ് എഴുതി പഠിക്കാതെ ആരും എന്നെ ശരിക്ക് പേര് വിളിച്ചിട്ടും ഇല്ല.ചെറുപ്പത്തില്‍ അയലത്തെ ചാച്ചി അമ്മാമ്മ ആദ്യം വിളിച്ചു."ബെന്‍സണ്‍ "..പിന്നെ "വെന്സണ്‍ " ,"ബിന്സണ്‍ " ,അങ്ങനെ ദുബായില്‍ എത്തിയപ്പോള്‍ അറബിയുടെ അമ്മ "വിക്സണ്‍ " ‍,അറബിയുടെ പെങ്ങള്‍ "ജിന്‍സണ്‍" എന്നിങ്ങനെ വിളിപ്പേരുകള്‍ ആകി കേട്ടപ്പോള്‍ ഒരു ദിവസം ഒരു സീനിയര്‍ military ഓഫീസര്‍  ഗൌരവത്തില്‍ എന്നോട് പറഞ്ഞു എന്‍റെ പേര് ശരിക്ക് ഉച്ചരിക്കാന്‍ അറിയാവുന്നയാള്‍ അദ്ദേഹം മാത്രമേ ഉള്ളത്രെ. "താങ്ക്യു  സര്‍ "എന്ന് സന്തോഷത്തോടെ  ഞാന്‍ പറഞ്ഞപ്പോള് അദ്ദേഹം പറഞ്ഞു  " You are Welcome ‍ Mr Winston ."ഓ എന്റമ്മേ ഈ കോട്ടയം വിട്ടു വടക്കോട്ട്‌ മാറി തൃശൂര്‍ ഏരിയയില്‍ നിന്നു എങ്ങോ ഈ പേര് തപ്പി എടുക്കാതെ സാക്ഷാല്‍  Winston Churchill ന്റെ  പേര് തന്നെ ഇട്ടിരുന്നെങ്കില്‍ എനിക്ക്  ഓഫീസറിന്റെ എങ്കിലും മാനം രക്ഷിക്കാമായിരുന്നല്ലോ!!!
ബോംബയില്‍ ജോലി ചെയ്യുമ്പോള്‍ ഓഫീസില്‍ ഉള്ള ഒരു  ശൃംഗാരി  സുന്ദരി  മറാട്ടി പെണ്‍കുട്ടി എന്‍റെ ബയോ ടാറ്റ നോക്കിയിട്ട് ഹിന്ദിയില്‍ അതെ ചോദ്യം.

"ബാപ് ക നാം?"
ഞാന്‍  പറഞു "ചുമ്മാര്‍ ".
അവള്‍ R എന്ന അക്ഷരത്തില്‍  ഒരു വെട്ടു ഇട്ടിട്ടു എന്നെ നോക്കി കണ്ണിറുക്കി പറഞ്ഞു

"ചുമ്മാ ചുമ്മാ ദേ ദോ .."
എന്നീട്ടു കുണുങ്ങി കുണുങ്ങി ഒരു നടത്തം.(
ദുബായിലെ കുഞ്ഞുടുപ്പിട്ടവരുടെ   കുണുക്കത്തിന്റെ അത്രയും വരില്ലെങ്കിലും !!!!)
എന്നാലും എന്‍റെ ചാച്ചാ  ഇത് കുറെ കട്ടി ആയിപ്പോയില്ലേ.
ചുമ്മാര്‍ എന്ന് ഹിന്ദിയില്‍ എഴുതി R വെട്ടിക്കളഞ്ഞിട്ടു അവള്‍  ഹിന്ദിയില് ചിരിക്കുന്നു.അതെ R തന്നെ ‍ മലയാളത്തില്‍ വെട്ടിക്കളഞ്ഞിട്ടു എന്‍റെ കൂടുകാര്‍ എന്നെ നോക്കി :"വിന്‍സെന്‍റ്  ചുമ്മാ "എന്ന് പറഞ്ഞു മലയാളത്തിലും ചിരിക്കുന്നു. sheaksphere  പറഞ്ഞത്  പ്പോലെ ഒരു പേരില്‍ എന്തിരിക്കുന്നു  എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ ഇപ്പോള്‍ ? എന്തെല്ലാം പൊല്ലാപ്പ് ഇരിക്കുന്നു അതില് ‍.
  


അമ്മായി അമ്മെ അടങ്ങു ...

Posted by ente lokam On June 09, 2010 14 comments


"ദേ നിങ്ങളുടെ തള്ളയെ ഞാന്‍ പോന്നു പോലെ നോക്കിയിട്ടും പരാതി തീരുന്നില്ലല്ലോ? അതെങ്ങനെ ആയ കാലത്ത് എനിക്കിട്ടു ചെയ്തതൊന്നും മറന്നു കാണില്ലല്ലോ.അതിന്റെ കുറ്റബോധം കുറെ മനസ്സില്‍ കാണും.ഞാന്‍ അമ്മയെപ്പോലാ  നോക്കിയത്.സ്വന്തം അമ്മയെപ്പോലെ.എന്നിട്ടും നാക്കേന്നു വീഴുന്നത് കേട്ടാല്‍ മതി."

"വേണ്ടാടി... നീ അടങ്ങ് ...ഇങ്ങനെ വികാരാധീന ആയാല്‍ അമ്മ നേരെ സ്വര്‍ഗത്തിലേക്ക് പോകും.ശുദ്ധീകരണ സ്ഥലം വഴി പോയാല്‍ അല്ലെ നിനക്ക് അല്പം മനസമാധാനം കിട്ടൂ ? ലോകത്ത് ഇന്ന് വരെ ഒരു മരുമകളും അമ്മായി അമ്മയെ സ്വന്തം അമ്മയെ പ്പോലെ കരുതിയിട്ടില്ല.അമ്മെ എന്ന് വിളിക്കുന്നുണ്ടാവും.. അത് സ്വന്തം തലയില്‍ കൈ വെച്ചിട്ട് എന്റമ്മോ എന്നാവും ..അത് കൊണ്ട് നീ ആയിട്ട് ഇനി ലോക ചരിത്രം തിരുത്തിക്കുറി ക്കാനൊന്നും പോവണ്ട ..അങ്ങനൊരു ചരിത്ര നായികയുടെ ചരിത്ര ഭര്‍ത്താവായി എനിക്കൊട്ടു പ്രശസ്തിയും വേണ്ട. കായിക നായികമാരുടെ
നായകന്മാരെ പ്പോലെ പത്രത്തില്‍ അവരുടെ ജെഴ്സിയുടെ  എലാസ്ടിക്ക് വലിച്ചു പിടിക്കുന്ന  ഫോട്ടോയും വരണ്ട."

"അതെ ചങ്കെടുത്തു കാണിച്ചാല്‍ ചെമ്പരത്തിപ്പൂവ് ..നിങ്ങള്‍ക്കൊക്കെ      വേണ്ടത് കഴിഞ്ഞ  ദിവസം ടീവിയില്‍  കണ്ട ആ ടൈപ്പ് സാധനങ്ങളെ ആണ് "

"എന്ത് കണ്ടു ടീവിയില്‍? "

"അത് ശരി ഇന്നലെ വാര്‍ത്ത കണ്ടില്ലേ?പിന്നെന്താ  അവിടെ കുത്തിപ്പിടിച്ചു ഇരുന്നു കണ്ടത്?ആ എന്തയാനി ചാനലിലെ കുഞ്ഞുടുപ്പിട്ട വെല്യ പെണ്ണുങ്ങളെ  ആവും കണ്ടത് അല്ലെ?"
"അങ്ങ് വടക്കന്‍ കേരളത്തില്‍ ഈയിടെ ഗള്‍ഫില്‍നിന്നും ഒരു ഭര്‍ത്താവും ഭാര്യയും അവധിക്കു നാട്ടില്‍ വന്നു.അങ്ങേരുടെ അമ്മ കിടപ്പാണ്.മൂത്ത മക്കളൊക്കെ അമ്മയെ ആവോളം നോക്കി ശുശ്രൂഷിച്ചു സംതൃപ്തരായി ഇനി ആ പുണ്യം ഇളയ മകനായ ഗള്‍ഫ്‌ കാരന് കൂടി വീതം വെക്കാന്‍ തീരുമാനിച്ചു വിളിച്ചു വരുത്തിയതാണ്.വീട്ടില്‍ കൊണ്ട് പൊയ്ക്കോ ഇനി പതിനഞ്ചു ദിവസത്തിനുള്ളില്‍ കാറ്റ് പോകും എന്ന് ഡോക്ടര്‍ ഉറപ്പു പറഞ്ഞു.അങ്ങനെ ആണ് അമ്മയെ നോക്കി അനുഭവിക്കാനുള്ള പുണ്യം അവര്‍ വീതം വെക്കാന്‍ തീരുമാനിച്ചത്."

"എണ്ണിച്ചുട്ട അപ്പം പോലെ ഒരു മാസത്തെ അവധി ആണുള്ളത്.കാര്യങ്ങള്‍ ഉദ്ദേശിച്ച പോലെ നടന്നില്ല.ഇത് വെടി തീരാതെ പോകാനും വയ്യ. വടി ആവുന്ന ലക്ഷണങ്ങള്‍ ഒന്നും കാണുന്നുമില്ല.ഭര്‍ത്താവിനു ലീവ് തീരുന്നു. ആ വിസ കഴിഞ്ഞാലും ഈ തള്ളക്കു വിസ കിട്ടുന്ന മട്ടു ഒന്നും കാണുന്നില്ല.ഒടുക്കം അദ്ദേഹം പറഞ്ഞു.ഞാന്‍ പോകാം നീ ഇവിടെ നിന്നു അമ്മയെ "നോക്കി പൂര്‍ത്തിയാക്കി"  വരൂ എന്ന്.

"ആകെ പൊല്ലാപ്പായി.പോയാല്‍ നാട്ടുകാരും  വീട്ടു  കാരും വിടുമോ? പോകാതിരുന്നാല്‍ ഇതിയാനെ  തനിച്ചാക്കി  എങ്ങനെ  വിടും ?അറബി  നാട്  ആണെന്ന  പേരെ  ഉള്ളൂ .അവിടെ മുഴുവന്‍ എങ്ങാണ്ട ജാതി പെണ്ണുങ്ങള്‍  ആണ്.ചൈന, റഷ്യ,നൈഗേരിയ,മൊറോക്കോ ..ഏകോദര സോദരര്‍ പോലെ  ലോക പടത്തില്‍ തമ്മില്‍ ഇണങ്ങിടും  ഓത  പ്രോതങ്ങള്‍ അരപ്പട്ട കഷ്ടിച്ച് കെട്ടിയ ഗ്രാമങ്ങള്‍ പോലെ തിങ്ങിവിങ്ങി കിടക്കുമ്പോള്‍ ..ഞാന്‍ കൂടെയില്ലാതെ കൈ വിട്ട കളി കളിക്കണോ?
ഒരു നിമിഷം തലയില്‍ ഒരു തല തിരിഞ്ഞ ചിന്ത ഉരുത്തിരിഞ്ഞു.

കൊടും വേനക്കാലാതെ  റബര്‍ മരത്തിന്റെ ഉണക്ക കൊള്ളിയില്‍ഉണങ്ങാന്‍ ഇട്ട തുണി കാറ്റടിച്ചു   നിലത്തു വീണത്‌ പോലെ  ചുരുണ്ട് കൂടി കിടക്കുന്ന തള്ളയുടെ മുഖത്തേക്ക് തലയിണ ഒന്നമര്‍ത്തി അല്‍പ നേരം.അല്പം പോലും പരാതി പറയാതെ റബര്‍ തോട്ടത്തില്‍ കാറ്റടിച്ച പോലെ ആ ജീവന്‍ പറന്നകന്നു. ആരും ഒന്നും ചോദിച്ചില്ല.ആര്‍ക്കും സംശയവും തോന്നിയില്ല.എന്നിട്ടും പുള്ളിക്കാരിക്കു സംശയം മാറിയില്ല. 

വേഗം പോലീസ് സ്റ്റേശിനില്‍ പ്പോയി  ഒരു കേസ് കൊടുത്തു.മുഖം  മൂടി വെച്ച ഒരു കള്ളന്‍ രാത്രി തന്റെ ആഭരണം കവരാന്‍ കഴുത്തിന്‌ കുത്തിപ്പിടിച്ചു.അത് കണ്ടു കണ്ണ് തുറന്ന അമ്മായി അമ്മയുടെ മുഖത്തും തലയിണ അമര്തിയത്രേ.

അപ്പോള്‍ സംശയം പക്ഷെ പോലീസുകാര്‍ക്കായി.സംഭവം പൊളിഞ്ഞു.അതോടെ കഴിഞ്ഞു.കഥ.ഇനിയിപ്പോ കുറഞ്ഞത്‌ പന്ത്രണ്ടു വര്‍ഷത്തേക്ക് ഗള്‍ഫിലേക്ക് പോവണ്ടാല്ലോ.ഓരോ ദുര്‍ബുദ്ധി തോന്നാന്‍ എത്ര നേരം!!!

നീ   കൊള്ളാമല്ലോടി   ..ഇതാണോ മനസ്സില്‍ ഇരുപ്പ്‌ ? നാട്ടില്‍ വന്നപ്പോള്‍ തുടങ്ങി വൃദ്ധ സദനത്തില്‍ സുഖം ആയി താമസിക്കുന്നവരുടെ പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ പറഞ്ഞു എന്‍റെ തല പരപ്പിക്കുന്നതും പോര ഇപ്പൊ പുതിയ കഥകള്‍ ഇറക്കുക ആണോ?ആ വെള്ളം, അതങ്ങ് വാങ്ങി വേച്ചേര്  മോളെ നീ..

അല്പം കഴിഞ്ഞപ്പോള്‍ ആണ് കണ്ടത്.ഒരാഴ്ച ആയി കിടന്ന കിടപ്പില്‍ കിടന്ന അമ്മ പ്രാഞ്ചി പ്രാഞ്ചി വാതില്‍ക്കല്‍ കട്ടിളപ്പടി ചാരി നില്കുന്നു.ദയനീയമായി മകനെ നോക്കി പ്പറഞ്ഞു.ഇവള്‍ ഇന്നാളു പറഞ്ഞ ആ സ്ഥലത്ത് അഡ്വാന്‍സ്‌ കൊടുത്തു ഉടനെ തന്നെ ബുക്ക്‌ ചെയ്തേര്.എനിക്കീ കിടപ്പ് മടുത്തു.നിങ്ങള്‍ പോയാല്‍ പിന്നെ ഒന്ന് മിണ്ടാനും പറയാനും ആരും ഉണ്ടാവില്ലല്ലോ.

ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമാ നാരായണ എന്ന മട്ടില്‍ അവള്‍ എന്നെ ഒരു നോട്ടം......





ഇതാ ഒരു കദന കഥ.
ഈ മണല്‍ ആരാണ്യത്തില്‍ ടെമോക്ലിസ് വാള്‍ എപ്പോളുംതലയ്ക്കു മുകളില്‍.ഉണ്ണുമ്പോളും ഉറങ്ങുമ്പോളും .സ്വസ്ഥത കെടുത്താന്‍..
നാളെ ഓഫീസില്‍ ചെന്നാല്‍ അറിയാം ജോലി  ഉണ്ടോ എന്ന്...

All Kerala Colleges Alumni Forum
നടതിയ തല്‍സമയ ചെറുകഥ മത്സരത്തില്‍ എനിക്ക് രണ്ടാം സമ്മാനം നേടിത്തന്ന കഥ
വിഷയം
ആഗോള സാമ്പത്തിക മാന്ദ്യം എന്‍റെ ഗള്‍ഫ്‌ ജീവിതത്തില്‍.




തണുപ്പില്‍ വെട്ടി വിയര്‍ത്തപ്പോള്‍ ..



"നിങ്ങള്‍ ഇത് എന്ത് വിചാരിച്ചുള്ള കിടപ്പാണ്? ഇന്ന് വെള്ളിയാഴ്ച ഒന്നുമല്ലല്ലോ" !!!
അല്ലെങ്കില്‍ തന്നെ വെള്ളിയാഴച നിങ്ങള്‍ക്കല്ലേ ഉള്ളൂ ?.എനിക്ക്  എല്ലാ ദിവസവും ഒരു
പോലെയല്ലേ ?
ഇവിടെക്കിടന്നു മാട് പണിയുംബോലെ പണിയുക.ആ വാഷിംഗ്‌ മെഷീന്‍ കേടായിട്ടു  ഒരാഴ്ച ആയി.
ഒന്ന് നന്നാക്കി തരാന്‍ പറഞ്ഞിട്ട് നിങ്ങള്ക് അതിനു നേരമില്ല.അതെങ്ങനെ,ഇവിടുത്തെ കാര്യങ്ങള്‍ എങ്ങെനെ ഒക്കെയോ നടക്കുന്നു എന്നല്ലാതെ ഇതൊന്നും ശ്രദ്ധിക്കാറില്ലല്ലോ..!!! 
ഭാര്യുടെ ശകാര വര്ഷം കേട്ട് കണ്ണ് തുറക്കുമ്പോള്‍ സമയം അല്പം കടന്നു പോയി എന്ന് മനസ്സിലും
തോന്നി. എഴുന്നേറ്റിരുന്നു.അവളെ ഒന്ന് നോക്കി.സാധാരണ പറയാറുള്ളത് പോലെ ജോലിക്ക് പോയാല്‍
അവള്‍ സമ്പാദിച്ചു തരുന്നതിന്റെ കണക്ക്  അവളും, അത് കൊണ്ട് കുടുംബത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍
ഞാനും, തമ്മില്‍ തമ്മില്‍ കണക്കു പറഞ്ഞു സമയം കളയാരുള്ളത് എല്ലാം ഒരൊറ്റ നോട്ടത്തില്‍ മാത്രം ഒതുക്കി വീണ്ടും ഇരുന്നു.എന്‍റെ മുഖത്ത് നോക്കിയപ്പോള്‍ ഞാന്‍ ഒന്നിനും തയ്യാറില്ല എന്ന ഭാവം കണ്ടിട്ടാവും ഒന്നും മിണ്ടാതെ അവള്‍ അടുക്കളയിലേക്കു തന്നെ വലിഞ്ഞു.
അല്ലെങ്കില്‍ തന്നെ തോന്നിക്കാനും ഇനി ഈ ലേറ്റ് ആയ വേളയില്‍ എന്നോട് ഗുസ്തിക്ക് വന്നാല്‍ കുട്ടികളുടെ സ്കൂള്‍ ബസ്‌ പോവും.അപ്പോള്‍പ്പിന്നെ അതിന്റെ ബാക്കിയും അവള്‍ തന്നെ നോക്കണമല്ലോ എന്ന്.
ഇടയ്ക്കു വീണ്ടും വന്ന് അവള്‍ പറഞ്ഞു.
രാവിലെ മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തിരുന്നു.ഞാന്‍ എടുത്തില്ല  കേട്ടോ.
നിങ്ങളെ ആരൊക്കെ വിളിക്കുന്നു എന്തൊക്കെ ആണ് എന്ന് നോക്കിയിട്ട് പിന്നെ
അത് ചോദിക്കാനും പറയാനും വേറൊരു കാരണം ആകണ്ട എന്ന് കരുതിക്കാണും 
അവള്‍.
ഞാന്‍ missed  കാള്‍ നോക്കി. ഓ സഞ്ജീവന്‍ ആണ് അവനു ഫാമിലി സ്റ്റാറ്റസ്
കിട്ടിയെന്നും ഉടനെ ബിന്ദു വരുന്നു എന്നും ഒരു വീട് നോക്കണം എന്നും പറഞ്ഞിരുന്നു.
അക്കാര്യം ഞാന്‍ മറന്നു.സന്ജീവിനെ തിരിച്ചു വിളിച്ചു.
"അളിയാ അവള്‍ക്കു വിസ എടുത്തു. നാളെ വരും "
അപ്പൊ വീടൊക്കെ എടുത്തോ? 
"അതെല്ലാം പെട്ടെന്ന് ശരിയാക്കി.ഒന്നൊന്നര വര്ഷം ആയില്ലേടാ അവള്‍ ഇങ്ങനെ തീ തിന്നുന്നത്?വീട്ടിലെ കാര്യങ്ങള്‍ നിനക്ക് അറിയാമല്ലോ.ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല അവള്‍ക്ക്‌, കരഞ്ഞു കരഞ്ഞു മടുക്കുന്നതല്ലാതെ.
എനിക്കെന്തു ചെയ്യാന്‍ പറ്റും?ഓഫീസില്‍ ഫാമിലി status നു വേണ്ടി ഞാനും കുറെ ആയില്ലേ കരച്ചില്‍ തുടങ്ങിയിട്ട്.അത് ശരി ആയപ്പോള്‍ ഇനി താമസിപ്പിക്കണ്ട എന്ന് കരുതി.കുറെ കടം ഒക്കെ വാങ്ങേണ്ടി വന്നു.ഒറ്റയ്ക്ക് താമസം അല്ലെ? ഒരു കുടുംബം ആവുമ്പോള്‍ എന്തെല്ലാം ഒരുക്കാന്‍ ഉണ്ട്.എന്നാലും അധികം കാക്കണ്ട എന്ന് കരുതി എല്ലാം ഒപ്പിച്ചു."
ഒറ്റ ശ്വാസത്തില്‍ അവന്‍ എല്ലാം പറഞു തീര്‍ത്തു.ആ ആശ്വാസവും സന്തോഷവും എല്ലാം അതില്‍ നിന്ന് തന്നെ വായിച്ചെടുക്കാം.

അവള്‍ പിന്നെയും വന്നു.
"നിങ്ങള്‍ റെഡി ആവുന്നില്ലേ?ഞാന്‍ കുട്ടികളെ വിടാന്‍ താഴേക്കു പോവുക ആണ്.
പിന്നെ അമ്മയ്ക്കും അച്ഛനും ടിക്കറ്റ് എടുക്കണം എന്ന് പറഞ്ഞില്ലേ.എടുതായിരുന്നോ? വിസിറ്റ് വിസ കിട്ടിയിട്ട് കുറെ ദിവസങ്ങള്‍ ആയല്ലോ!! ഇവിടുത്തെ കാര്യങ്ങള്‍ എങ്ങനെയും നടന്നോളും.ഷോപ്പിംഗ്‌ ഫെസ്ടിവല്‍ തുടങ്ങി. അത് തീരുന്നതിനു മുമ്പ് അവരെ കൊണ്ട് വരാന്‍ നോക്ക്.

പലപ്പോഴും ഇങ്ങനെ വായില്‍ തോന്നിയത് വിളിച്ചു പറയും എങ്കിലും എല്ലാ കാര്യങ്ങളും  നടന്നു കാണാന്‍ ഞങ്ങളുടെ  കഷ്ടപ്പാടിനിടയിലും  ഇവള്‍ക്ക് ചിന്ത ഉണ്ടല്ലോ.ഉള്ളില്‍ അവളോട്‌ അല്പം സ്നേഹം തോന്നി.അതിനി പറഞ്ഞു പ്രകടിപ്പിക്കാന്‍ നിന്നാല്‍ ഒരു പക്ഷെ പലപ്പോഴും
ഈ കാത്തു സൂക്ഷിക്കുന്ന കപട  ഗൌരവം താഴെ വീണു പോകുമല്ലോ  എന്ന് കരുതി ഒന്നും മിണ്ടിയില്ല.

കുട്ടികളെ ബസ്‌ സ്റ്റോപ്പില്‍  വിട്ടിട്ടു അവള്‍ തിരികെ വന്നപ്പോളും ഞാന്‍ അതെ ഇരിപ്പ് തന്നെ.തലക്കുള്ളില്‍ ഒരു മരവിപ്പും ആകെ ഒരു വിമ്മിഷ്ടവും.ഒന്നും തീരുമാനിക്കാന്‍ ആവുന്നില്ല.അല്ലെങ്കില്‍ത്തന്നെ ഒരൊറ്റ മിനിട്ട് കൊണ്ടോ മണിക്കൂര് കൊണ്ടോ ഞാന്‍
എന്ത് തീരുമാനിക്കാനാണ്.? കുടുംബം,കുട്ടികളുടെ വിദ്യാഭാസം,നാട്ടില്‍ പണി തുടങ്ങിയ വീട്,ഇവിടുത്തെ ബാങ്ക് ലോണ്‍,എനിക്കെങ്ങനെ ഒറ്റ ഇരുപ്പില്‍ തീരുമാനം എടുക്കാന്‍
ആവും?
മനസ്സു പതറുകയാണ് . 

സന്ജീവനെ ഒന്ന് വിളിച്ചാലോ? മനപ്പൊരുത്തം പോലെ അവന്റെ ഫോണ്‍ വീണ്ടും.ഓഫീസില്‍ നിന്നാണല്ലോ.
എന്താടാ ?
 "അളിയാ"...
അവന്റെ ശബ്ദം ഇടറുന്നുണ്ട്..
എന്താ സഞ്ജു പറയൂ എന്ത് പറ്റി?"
എന്‍റെ ജോലി പോയി."
മറ്റൊന്നും പറയാതെ  അവന്‍ ഫോണ്‍ താഴെ വച്ചു.പിന്നൊന്നും പറയാന്‍ അവനു ആവില്ലല്ലോ...

എന്‍റെ കണ്ണില്‍ വീണ്ടും ഇരുട്ട് നിറയുക ആണ്.ഞാന്‍ കട്ടിലിലേക്ക് ചെരിഞ്ഞു.ഭാര്യ വീണ്ടും മുറിയിലേക്ക് വന്നു.കുറെ നേരം എന്നെ നോക്കി.പതിയെ അപ്പുറത്തെ തലയിണ ഒന്ന് കുടഞ്ഞു പൊടി തട്ടാന്‍ എടുത്തു.അതിനടിയില്‍ തലേദിവസം വെച്ചിരുന്ന ഓഫീസ memo   കയ്യില്‍ ‍ തടഞ്ഞു 
ഒന്നോടിച്ചു വായിച്ചിട്ട് എന്‍റെ മുഖത്തേക്ക് നോക്കി.
പിന്നെ സാവധാനം കവിളിലേക്കു ഇറ്റു വീണ കണ്ണ് നീര്‍ തന്നെത്താന്‍ തുടച്ചിട്ടു എന്നോട് ചേര്‍ന്ന് ഇരുന്നു.പതുക്കെ പറഞ്ഞു.സാരമില്ല എന്തെങ്കിലും ഒരു വഴി ഉണ്ടാവും.ചേട്ടാ.നമുക്ക് ചുറ്റും ഈ വാര്‍ത്തകള്‍ കേട്ട് നാം ഞെട്ടിതുടങ്ങിയിട്ടു കുറെ നാളുകള്‍ ആയില്ലേ?ലോകം മുഴുവന്‍ ഇതല്ലേ സംഭവിക്കുന്നത്‌?എന്തെങ്കിലും... എന്തെങ്കിലും ...ഒരു വഴി ഉണ്ടാവും..എങ്ങലില്‍ ആ ശബ്ദം  നേര്‍ത്തു നേര്‍ത്തു വന്നു.
എ,സി യുടെ നേരിയ മൂളലില്‍ ആ തേങ്ങലുകള്‍ ഞങ്ങളുടെ ബെഡ് റൂമില്‍ മാത്രം ഒതുങ്ങി നിന്നു.
ആ തണുപ്പിലും ഞങ്ങള്‍ വെട്ടി വിയര്‍ത്തു.ആഗോള താപനം പലരും പങ്ക് വച്ചു ഞങ്ങള്‍ക്ക്
തരുന്നത് പോലെ ഒരു തോന്നല്‍.സാമ്പത്തിക മാന്ദ്യം... പ്രശ്നങ്ങളും  പരിഹാരവും എന്ന തലക്കെട്ടില്‍ മലയാളം പത്രം മേശക്കടിയില്‍ വെറുതെ മടങ്ങി ക്കിടന്നു.ഒരു പരിഹാരവും
പറയാതെ...വായനക്കാര്‍ ഇല്ലാത്തതില്‍ ഒരു പരിഭവവും പറയാതെ........



ആദ്യത്തെ പ്രതിഫലം

Posted by ente lokam On May 04, 2010 11 comments

ഞാന്‍ ആദ്യം  എഴുതിയത് ഒരു നോവല്‍ ആയിരുന്നു. ജി വിവേകാന്ദന്‍
ആയിരുന്നു പ്രചോദനം.എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍. അമ്മായി കുന്നേല്‍ തോട്ടിലെ
കുളിക്കടവിലെ കൂട്ടുകാരെ കാണിച്ചു.അവര്‍  മറ്റുള്ളവര്‍ക്ക്  വായിക്കാന്‍  കൊടുത്തു .
അങ്ങനെ   എന്‍റെ  കൊച്ചു  സാമ്രാജ്യത്തില്‍  ഞാന്‍  ഒരു  എഴുത്തുകാരന്‍ 
ആയി. നോവലിന്റെ  പേര്  ഇപ്പോള്‍  ഓര്മ   ഇല്ല .
പിന്നെ ഞാന്‍ ഒരു കഥ എഴുതി.പത്താം ക്ലാസ്സില്‍ വന്ദേ മാതരം  ഹൈ സ്കൂളില്‍
കയ്യെഴുത്ത് മാസികയില്‍ .പേര് ഓര്മ ഉണ്ട് "സായം സന്ധ്യ".പിന്നെ ഞാന്‍ ഒത്തിരി മിനിക്കഥകള്‍ എഴുതി.മംഗളം,മനോരമ തുടങ്ങി എല്ലാവര്ക്കും അയച്ചു കൊടുത്തു. അവയൊന്നും പ്രസിധീകരണ  യോഗ്യം അല്ല എന്ന് അവര്‍ക്ക്തോ ന്നിയതിനാല്‍  തിരികെ വന്നു. (സ്ടാമ്പും  കവരും ഞാന്‍ വെച്ചിരുന്നു). എല്ലാം ഞാന്‍ സൂക്ഷിച്ച്  വെച്ചു .പിന്നെ എപ്പോളോ എല്ലാം നഷ്ടപ്പെട്ടു.
ഒരു കഥ ഡാലിയ വീക്കിലി  പ്രസിദ്ധീകരിച്ചു.അന്ന് ഞാന്‍ തുള്ളിച്ചാടി.ആ കഥ മാറോടു ചേര്‍ത്ത് വെച്ച് ഞാന്‍ ഉറങ്ങി.പാലയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഒന്ന്. ഇപ്പൊ അവരൊക്കെ എവിടെ ആണോ ആവോ?
പേരെടുത്ത വലിയവര്‍ക്കെല്ലാം ഞാന്‍ ചെറുതെന്ന് തോന്നിയപ്പോള്‍ ഞാന്‍ ചെറിയ ഫലിത ബിന്ടുക്കളിലേക്ക് ഒതുങ്ങി.അത് പലതും പുറം ലോകം കണ്ടു.പിന്നൊരിക്കല്‍ സമ്മാനാര്‍ഹമായ ഫലിതം എന്ന പേരില്‍  എനിക്ക് അവര്‍ പത്തു രൂപ മണി  ഓര്‍ഡര്‍ അയക്കുന്നു എന്ന് എഴുത്ത് വന്നു.പക്ഷെ രൂപ മാത്രം കിട്ടിയില്ല. (എനിക്ക് പോസ്റ്മനെ ഒന്നും സംശയം ഇല്ല കേട്ടോ.എന്‍റെ  പ്രിയപ്പെട്ടവര്‍ ആയിരുന്നു അവര്‍).അത് മിക്കവാറും  അയച്ചു കാണില്ല. അങ്ങനെ അല്പം പോലും സംഗടം തോന്നാതെ ആ കത്ത് മാത്രം ഞാന്‍ സൂക്ഷിച്ചു വച്ചു.എന്‍റെ ആദ്യത്തെ പ്രതിഭലം.
മടക്ക തപാല്‍ സ്ടാമ്പും കവരും െച്ച് ഞാന്‍ അയച്ച കഥകള് മടങ്ങി വന്നപ്പോള്‍ അന്ന് തീരുമാനിച്ചു സ്വന്തം ആയി ഒരു പ്രസിദ്ധീകരണം തുടങ്ങണം എന്ന് .അത്രയ്ക്ക് ഞാന്‍ സാമ്പത്തിക നഷ്ടം അനുഭിച്ചു കഴിഞ്ഞിരുന്നു. ഒരു കഥ അയക്കുന്നതിനും  തിരികെ വരുന്നതിനും ആയി അന്ന് ഏകദേശം ഒരു രൂപ അമ്പതു പൈസയോളം ചെലവ് ഉണ്ടായിരുന്നു.
മത്സരങ്ങള്‍ക്കും   വെറുതെയും കാമ്പസ്  കാലഘട്ടങ്ങളിലും കുറേക്കാലം എന്തൊക്കെയോ കുത്തിക്കുറിച്ചു.‍ പിന്നെ ഞാന്‍ എല്ലാം മറന്നു.എഴുതാന്‍ മറന്നു.ജീവിക്കാന്‍ അത് ആവശ്യം ആണ് എന്ന് തോന്നിയില്ല.പിന്നെ പിന്നെ ആ പഴയ വാശിയും മറന്നു.
അത് ഇപ്പോള്‍ സഫലീകരിക്കുകയാണ്.സ്വന്തം ആയി ഒരു പ്രസ്‌. എന്‍റെ പ്രിയപ്പെട്ട ബ്ലോഗ്‌.ഞാന്‍ വീണ്ടും പേന എടുത്തു.അല്ല പേന കീ പാടിന്റെ രൂപത്തില്‍ എന്‍റെ അടുത്തേക്ക് വരുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.ആരോടും ചോദിക്കാതെ എനിക്ക് തോന്നിയത് പറയാന്‍ ഒരു കണ്ണാടി."എന്‍റെ ലോകമേ"  നന്ദി .
കമ്പ്യൂട്ടര്‍  വേണ്ട എന്ന് debate  നടത്തി വിജയിച്ചു കോളേജില്‍ നിന്ന് കിട്ടിയ ട്രോഫി ഞാന്‍ ആദരവോടെ തിരികെ നല്‍കുന്നു എന്‍റെ പഴയ കാലത്തിനു .ആ വിവരക്കേടിനു നിരുപാധികം നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.


ഒരു മെയ്‌ മാസപ്പുലരി

Posted by ente lokam On May 01, 2010 6 comments

അഖില  ലോക തൊഴിലാളി ദിനത്തില്‍ ഞാനും തുടങ്ങുന്നു എന്‍റെ ലോകം
എന്ന ഈ  ബു ലോകം .ഒത്തിരി സന്തോഷം ഉണ്ട് .ഇങ്ങനെ ഒരു ലോകത്തേക്ക് 
ചുമ്മാ കടന്നു കയറാന്‍ ഇന്ന് എത്ര എളുപ്പം കഴിഞ്ഞു.തോന്നുന്നത് എഴുതാനും അത്വേണ്ടവര്‍ക്ക് വായിക്കാനും വേണ്ടാത്തവര്‍ക്ക്  വായിക്കാതിരിക്കാനും സ്വാതന്ത്ര്യംനല്‍കുന്ന ഒരു കാലം. ഒരു സംവിധാനം .
അതിനെപ്പറ്റി തന്നെ ആകട്ടെ ആദ്യത്തെ ചിന്ത.
ഒരു പേരും ഇടാം 


ആദ്യത്തെ പ്രതിഫലം.