ദേ അവള് പിന്നെയും വീട്ടിപ്പോയി..ഇവള് ആരാ പ്രവാസി കാര്യ മന്ത്രിയോ? ഇങ്ങനെ ഒരു മാസത്തിനുള്ളില്‍ രണ്ടും മൂന്നും തവണ നാട്ടില്‍ പോയി പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍? മഹാ ബലി പോലും ഒരൊറ്റ പ്രാവ്ശയം ആണ് നാട്ടില്‍ വന്നു പോകുന്നത് . അതും ഓണം ഊണ് കഴിഞ്ഞു ഒന്ന് മയങ്ങാന്‍ പോലും നില്‍ക്കാതെ പുള്ളികാരന് സ്ഥലം വിടും.അല്ലെങ്കില്‍ വിവരം അറിയും.എന്തെ? അവിടെ ചോദിക്കാനും പറയാനും ആളുണ്ട്..
ഇവള്കെന്താ? കെട്ടിയോനു കാശു ഉണ്ട്. ജോലിയും ഉണ്ട്. അവള്‍ക് കാശും ഇല്ല ജോലിയും ഇല്ല. ജോലി ചെയ്ത് കാശു ഉണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ട് ഒട്ടു അറിയത്തുമില്ല അത് പോട്ടെ ഇങ്ങനെ നാഴികക്ക് നാല്പതു വട്ടം നാട്ടില്‍ പോയാല്‍ ഈ കുടുംബത്തെ ജോലിയോ? രാവിലെ സ്കൂളില്‍ പോകുന്ന കുട്ടികളെ ഒരുക്കാന്‍ എത്ര സമയം എടുക്കും എന്ന് അറിയാമോ? പണ്ട് പി ടി ഉഷയ്ക്ക് മെടല്‍ പോയ പോലാ. സെകന്റിന്റെ ഇരുപതില്‍ ഒന്ന് fraction ഇല് ആണ് സ്കൂള്‍ ബസ് മിസ്സ് ആവുന്നത്..അങ്ങനെ കണക്ക് കൂട്ടി വേണം കുടുംബത്തെ കാര്യങ്ങള്‍ നോക്കാന്‍. ഇത് അവള്‍ക് അറിയില്ലെങ്കില്‍ എനിക്ക് അറിയാം. എങ്ങനെ? ഞാന്‍ ഒരു പത്തു ദിവസം അനുഭവിച്ചതാ..പത്തു കൊല്ലം ആയിട്ട് ഇതൊക്കെ സ്ഥിരം ചെയ്യുന്ന അവള്‍ക് ഇതൊന്നും അത്ര സീരിയസ് അല്ലായിരിക്കും..
എന്നോട് ഒരു സുഹൃത്ത് പറഞ്ഞതാ കാളയുടെ കയറു ഒന്ന് അയച്ചു കൊടുത്താല്‍ പിന്നെ പൊട്ടിച്ചു ഒരു പോക്ക് പോകും എന്ന് . (പശു എന്ന് അവന് തുറന്നു അങ്ങ് പറഞ്ഞില്ലന്നെ ഉള്ളൂ..) പിടിച്ചാല്‍ പിടി കിട്ടില്ലാത്രേ .. കഴിഞ്ഞ തവണ ഞാന്‍ വെറുതെ ഒരു ഭാര്യ കണ്ട കാര്യം പറഞ്ഞു. അത് അവളെ സന്തോഷിപ്പിക്കാന്‍ പറ്റിയ ഒരു ടയലോഗ് കണ്ടു പിടിക്കാന്‍ ആയിരുന്നു..ഇത്തവണ ഞാന്‍ അത് ഒന്ന് കൂടി കണ്ടു നോക്കി ..എനിക്ക് പറ്റുന്നത് വല്ലതും ഉണ്ടോ എന്ന് അറിയാന്‍..
കിട്ടി. ഇന്ന് വരെ ഒരു നല്ല കാര്യവും എന്നെപ്പറ്റി പറയാത്ത എന്റെ മകന് ഇത്തവണ ഒരു സിക്സര്‍ അടിച്ചു തന്നു എന്നേ സഹായിച്ചു. എനിക്ക് അവളെ ക്ലീന്‍ ബൌള്‍ ചെയതു ഔട്ട് ആക്കാന്‍ ഒരു വാചകം. ..സെന്‍സര്‍ ബോര്‍ഡ് കാരെ വെട്ടുന്ന ഒരു വെട്ടു വെട്ടി അവന്..ജയറാം പറയുന്നു.
എടീ ബിന്ദു അസുഖം വരും പോവും..ഇപ്പോതന്നെ ഗള്‍ഫ് കാരുടെ കാര്യം ഒന്ന് ഓര്‍ത്തെ..വീട്ടില്‍ ആര്കെങ്കിലും അസുഖം വന്നാല്‍ അവര്‍ ഉടനെ വിമാനം കേറി ഇങ്ങു വന്നു അസുഖ കാരെ കണ്ടിട്ട് പോകുമോ? അപ്പോഴാണ് മോന് ഒരു കീച്ച് കീച്ചിയത്..
പപ്പാ, പോകും പോകും നമ്മുടെ മമ്മി പോകും..
ഓ എന്റെ പോന്നു മോനെ നീ എന്റെ BT ജനിതകം അല്ല അസ്സല് വിത്ത് തന്നെ...ഞാന്‍ കൊടുത്തു കെട്ടിപ്പിടിച്ചൊരു മുത്തം ..എന്നിട്ട് പതുക്കെ ചെവിയില്‍ ഓതി ..ഇത് അമ്മ ഇറങ്ങുമ്പോള്‍ ഉറക്കെ പറയണം കേട്ടോ..PSP ഗെയിമിന്റെ പുതിയ മോഡല്‍ വന്നിട്ടുണ്ട്..അത് ഒരെണ്ണം വാങ്ങി തരാം എന്ന് ഒരു ഓഫറും ..അവന് വീണു..പിന്നെ ശ്രീനിവാസന്റെ മക്കള്‍ പാടിയ പോലെ...അയ്യോ അമ്മേ പോകല്ലേ...എന്ന് പാടാം എന്ന് വാക്കും തന്നു ..
കഴിഞ്ഞ തവണ ഈ മഹിളാ മണികളെ പുകഴ്ത്തി എഴുതിയ പോസ്റ്റ് അങ്ങ് പിന് വലിച്ചാലോ എന്ന് ഓര്‍കുന്നു ഇപ്പോള്‍. കാരണം ഇവര്‍ ശരി അല്ല.. അന്നു എന്തൊക്കെയാ എന്നോട് പറഞ്ഞത്..ചെറുപ്പത്തില്‍ അവള്‍ക്ക് പനി വന്നപ്പോള്‍ പപ്പാ പാതി രാത്രിയില്‍ അവളെ എടുത്തോണ്ടു നടന്നു 8 കിലോമീടര് അകലെ ഉള്ള കുട്ടികളുടെ സര്‍ക്കാര്‍ ആശുപത്ര്യില് കൊണ്ടു പോയി അത്രേ..അത് എനിക്ക് മനസ്സിലായി.
എന്റെ അമ്മ എനിക്ക് പനി വന്നപ്പോള്‍ എന്നേ എടുത്തോണ്ട് 9 കിലോമീടര് അകലെ ഉള്ള (ഒരു കിലോമീടര് കൂടുതല്‍ !!! ) കുട്ടികളുടെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആണ് കൊണ്ടു പോയത്..എന്നിട്ട് അവള്‍ക്ക് ആ സ്നേഹം വല്ലതും എന്റെ അമ്മയോട് ഉണ്ടോ? ഒന്നുമില്ലെങ്കിലും ഇപ്പോള്‍ ഇവളെ ചുമക്കുന്ന എന്നെയാണ് അന്നു ആ അമ്മ ചുമന്നത് എന്നൊരു പരിഗണന എങ്കിലും ? എവിടെ? അതാ ഞാന്‍ പറഞ്ഞത് പഴയ ആ പോസ്റ്റ് പിന്‍വലിക്കണം എന്ന്..
അന്നു രണ്ടു തവണ പോയി. ഇത്തവണ പറഞ്ഞത് അനിയത്തിയുടെ കഥ.. അവര്‍ ഒന്നിച്ചു മണ്ണപ്പം ചുട്ടതും..കല്ല് കളിച്ചതും.. ആടിന് തീറ്റ കൊടുക്കാന്‍ രണ്ടു പേരും കൂടി രാവിലെ നടന്നു വഴി വക്കിലെ പ്ലാവിന് ചോട്ടില് നിന്നും ഈര്കിലിയുടെ അറ്റത് പ്ലാവില കുത്തി എടുത്തതും. .ചുമ്മാ പറയുന്നതാ.. എന്ത് മണ്ണപ്പം..??? മണ്ണപ്പം ചുടാന്‍ മണ്ണ് കുഴയ്ക്കാന്‍ ഇവര്‍ക്ക് എവിടെ വെള്ളം..??കൊര്പരഷന്‍ പൈപ്പ് ആണ് അന്നും അവിടെ.. ആഴ്ചയില്‍ മൂന്നു ദിവസം റേഷന്‍ മണ്ണെണ്ണ പോലെ കുറച്ചു വെള്ളം..അത് കുഴച്ചു മണ്ണപ്പം ചുടുമോ കഞ്ഞി വെക്കുമോ? ഭൂലോക നുണ.. അന്നു ബുലോകം ഉണ്ടായിരുന്നെങ്കില്‍ ബാല്യ കാല ബുലോക കഥകളില്‍ ഇതിനൊരു "ബുലോ ഓസ്കാര്‍" ഉറപ്പ് ആയിരുന്നു )..
പിന്നെ അനിയത്തിക്ക് പത്തു വറ്ഷം കൂടിയാ ഒരു കുഞ്ഞു ഉണ്ടായതു അതിനെ കാണണം എന്ന്. കുഞ്ഞു ഉണ്ടാവാത്തത് എന്റെ കുറ്റം ആണോ.. എന്നെ കൊണ്ടു നിനക്ക് അങ്ങനേ വല്ല കുറവും ഉണ്ടായിട്ടുണ്ടോ..മൂന്ന് കൊല്ലം കൊണ്ടു മൂന്നു എണ്ണത്തിനെ ദേ ദോശ ചുടുന്ന ലാഘവത്തില്‍ അല്ലെ അങ്ങ് ഉണ്ടാക്കി തന്നത്......ആ വെടി പക്ഷെ നനഞ്ഞ പടക്കം പോലെ ചീറ്റി. തിരിച്ചൊരു മിസൈല്‍ ആണ് ഇങ്ങോട്ട് വന്നത് .നിങ്ങള്‍ വായ അടച്ചോ.. ഇല്ലെങ്കില്‍ ഞാന്‍ വാ തുറക്കും. നിങ്ങളുടെ ചുടീല് ഞാന്‍ നിര്‍ത്തിക്കും സ്ഥിരം ആയി.
ഇതാണ്. വായില്‍ നിന്നു വീണ വാക്കും ബ്ലോഗില്‍ നിന്നു പോയ പോസ്റ്റും പിടിച്ചാ പിന്നെ കിട്ടുമോ? ഞാന്‍ അപ്പൊ മുങ്ങിയതാ വീട്ടില്‍ നിന്നു. പിന്നെ പൊങ്ങിയത് അവള്‍ക് നാടിലെക്കുള്ള ടികറ്റും ആയിട്ടാണ്. രാത്രി മൂന്നരക്ക് ആണ് വിമാനം. നേരത്തെ കൊണ്ടു വിട്ടിട്ടു ഞാന്‍ തിരികെ പോന്നു. പാതി രാത്രി ആയപ്പോള്‍ ഒരു ഫോണ്‍ കാള്‍. നിങ്ങള്‍ ഉറങ്ങിയോ? ദേ ഇവിടെ കൌണ്ടറില്‍ ഇരിക്കുന്ന ഒരു തടിച്ചി പറയുന്നു (അവളുടെ മുന്നും പിന്നും ഒരു പോലെ. കൂന്താലി പുഴ പോലെ വംബതി ആണത്രേ.. പിന്നില്‍ കോറ് കോട്ട കമഴ്ത്തി വെച്ച പോലുണ്ട്. അത് പിന്നെ വിശദീകരിക്കാം). എനിക്ക് ഇരിക്കാന്‍ സീറ്റ് ഇല്ലെന്നു. നീ നിന്നു പൊയ്ക്കോ എന്ന് പറയാനാ തോന്നിയത്.
എന്നേ ഇപ്പൊ ഓഫ് ലോഡ് ചെയ്യുമെന്ന്. അതെന്താ അച്ചായാ എനിക്ക് വെയിറ്റ് കൂടുതല്‍ ആയതു കൊണ്ടു ആണോ? ഈ കാര്‍ഗോ ഒക്കെ അല്ലെ ഓഫ് ലോഡ് ചെയ്യുന്നത് ? ഓ ഈ ഈജിപ്ഷ്യന്‍ തള്ളയെ ഒക്കെ വെച്ചു നോക്കിയാല്‍ ഞാന്‍ ഐശ്വര്യാ റായിയുടെ സൈസ് ആണ്..ഇവരുടെ പകുതി പോലും വരില്ല..
അത് പിന്നെ അവാസാന നിമിഷം confirm ആകുന്ന ചില സീറ്റ് അങ്ങനാ. നീ ഇങ്ങു തിരിച്ചു പോരെ. "പിന്നെ, അത് പരുമല പള്ളിയില്‍ പറഞ്ഞാ മതി. അച്ചായന് ആരെയാന്നാ വിളിച്ചു പറ.എനിക്ക് ഇന്ന് കേറിപ്പോണം നാളെ അനിയത്തിയുടെ കൊച്ചിന്റെ മാമ്മോദീസ കൂടണം".
ഞാന്‍ ഏതൊക്കെയോ നമ്പര്‍ തപ്പി ഒരു ഡ്യൂട്ടി ഓഫീസറെ ഫോണില്‍ കിട്ടി. എന്റെ ഭാര്യ എയര്‍ പോര്‍ട്ടില്‍ കുരുങ്ങി കിടക്കുക ആണ് വേഗം ഒന്ന് ശരി ആക്കി കൊടുക്കണം എന്ന് പറഞ്ഞു. കുരുങ്ങാന്‍ തന്റെ ഭാര്യ എന്ത് കരിപ്പെട്ടി കയറോ? കുരുക്ക് അഴിക്കാന്‍ ഞാന്‍ ആര് സിബിഐ സേതു രാമയ്യരോ? ഇങ്ങനൊന്നും അങ്ങേരു ചോദിച്ചില്ല. കാരണം ദൈവത്തിന്റെ സ്വന്തകാരുടെ നാട്ടില്‍ നിന്നല്ലാത്ത അങ്ങേര്‍ക്കു ഇപ്പറഞ്ഞ സാധനങ്ങളെയും ആള്കാരെയും ഒന്നും അറിയില്ല. പകരം ഇങ്ങോട്ട് ഒരൊറ്റ ചോദ്യം ചോദിച്ചു.
താന്‍ ആരാ?
പോരെ?
അങ്ങേരോട് ഞാന്‍ ദുബായില്‍ വന്നിട്ട് ഒത്തിരി വറ്ഷം ആയെന്നും ഇവിടെ ആദ്യ കാലത്ത് വിമാനതിനൊക്കെ പെയിന്റ് അടിച്ചിരുന്നത് എന്റെ വല്യപ്പന്റെ വല്യപ്പന് ആയിരുന്നു എന്നും ഒക്കെ പറഞ്ഞു ഭൂമിയോളം അങ്ങ് താഴ്ന്നു. എന്ന് വെച്ചാല്‍ ഈയിടെ ശാസ്ത്രഞ്ഞ്മാര്‍ ഭൂമിയുടെ 'കോര്‍' കാണാന്‍ കുഴിച്ച ആ കുഴി ഇല്ലേ ഏതാണ്ട് അവിടം വരെ. അയാള്‍ സീറ്റ് ശരി ആക്കി കൊടുത്തു.
കൌണ്ടറില്‍ ഇരുന്ന ആ അറബി തള്ളയുടെ അങ്ങോട്ട് (മുഖത്തേക്ക്) ഒരു ഒന്നൊര നോട്ടം നോക്കിയിട്ട് ശ്രീമതി കുഞ്ഞു ബാഗുമെടുത്ത് ഒരു പോക്ക് പോയി അത്രേ. എന്താന്നോ അവര്‍ സ്വന്തം കൂന്താലി പുഴയുടെ നിമ്നോന്നതങ്ങള്‍ (ഉന്നതം ആണ് എല്ലാം നിമ്നം ഇല്ല എന്നാ അവരുടെ ഒരു ഭൂമി ശാത്ര കണക്ക്) കുലുക്കി കാണിച്ചിട്ട് ഇവളോട് പറഞ്ഞത്രേ നീ ആരെ വിളിച്ചാലും ഇന്ന് ഈ ഫ്ലൈറ്റില്‍ പോകില്ല എന്ന്..ഇവര്‍ക്ക് ഈ ദൈവത്തിന്റെ സ്വന്തക്കാരോട് ഇത്ര കലിപ്പ് എന്താണ് എന്ന് ഇത്രയും വര്‍ഷം ആയിട്ടും ദൈവം തമ്പുരാനേ എനിക്ക് പിടി കിട്ടിയിട്ടില്ല . ഒരല്പം ബഹുമാനം കൂട്ടി ആണ് പ്രിയതമ വിളിച്ചിട്ട് സീറ്റ് ശരി ആയി കേട്ടോ ചെന്നിട്ടു വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തത്.
അവര്‍ കുടുംബക്കാര് എല്ലാം മാമോദീസ കൂടി അടിച്ചു പൊളിച്ചു നടന്നു .ഞാന്‍ ഇവിടെ പഴയ പോലെ ദോശ കല്ലില്‍ എണ്ണയും പുരട്ടി അവള് വരുന്നതും കാത്തു ഇരുന്നു ...ഇത്തവണ കൂടുതല്‍ ദിവസം തങ്ങി ഇല്ല. പോയ സമയത്തെ എന്റെ മുഖ ഭാവം കണ്ടപ്പോള്‍ ഇങ്ങനെ എപ്പോഴും ഇട്ടിട്ടു പോയാല്‍ ഇങ്ങേരു വേറെ വല്ല സെറ്റ് അപ്പും ചയ്തു കളയുമോ എന്നൊരു പേടി ഉള്ളത് പോലെ തോന്നി. ദോശ ചുടാനും പിള്ളേരെ സ്കൂളില്‍ വിടാനും ഒക്കെ ആയി ഏതെങ്കിലും ജോലിക്കാരെ വെച്ചാല്‍ മതിയല്ലോ. (ഞാന്‍ ഒരു 'നിഷ്കളങ്കന്' ബ്ലോഗ്ഗര്‍) .
മൂന്നാം ദിവസം നെടുംബാശ്ശേരി എയര്‍ പോര്‍ട്ടില്‍ നിന്നും അടുത്ത ഫോണ്‍. അച്ചായ ഇവര്‍ എന്നേ പിടിച്ച് നിര്‍ത്തി അതും ഇതും ചോദിക്കുന്നു. ആര്? ഈ ഇമിഗ്രേഷന്‍ കാര്‍. അവര്‍ക്ക് എന്താ വേണ്ടത്? നിനക്ക് എന്താ ദുബായില്‍ ബിസിനസ്? ഇങ്ങനെ അടുപ്പിച്ചു അടുപ്പിച്ചു നാട്ടില്‍ വരാന്‍. കല്യാണം കഴിച്ചത് ആണോ? ഭര്‍ത്താവ് എവിടെ?. അയാള്‍ എന്താ കൂടെ വരാത്തെ എന്നൊക്കെ.. ഈയിടെ ഏതോ കുറെ കൊച്ചു പെണ്ണുങ്ങള് എല്ലാ ശനി ആഴ്ചയും ദുബായിക്ക് പ്ലെയിന്‍ കയറി പ്ലെയിന്‍ ആയി പോയിട്ട് തിങ്ങളാഴ്ച കൈ നിറയെ കാശും ആയി വരുന്നുണ്ട് അവരെ ഞങ്ങള്‍ പൊക്കി എന്നൊക്കെ പറഞ്ഞു വേണ്ടാത്ത ഓരോ വര്‍ത്തമാനങ്ങള്‍.
" നിനക്ക് അയാളോട് ഒരു ഐസ് ക്രീം വാങ്ങി തരട്ടെ എന്ന് ചോദിക്കാന്‍
തോന്നിയില്ലല്ലോ .? അപ്പോതന്നെ അങ്ങേരു ജോലി രാജി വെച്ചു സ്ഥലം വിട്ടേനെ.
എടി നീ കരയാതെ..നമ്മുടെ ജിത്തു അവിടെ ഇമിഗ്രേഷന്‍ ഡ്യൂട്ടി ആണ്. ഞാന്‍ അവനെ ഒന്ന് വിളിക്കട്ടെ. പത്തു മിനിറ്റ് കൊണ്ടു കാര്യങ്ങള്‍ എല്ലാം ശരി ആയി..
ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നു വീട്ടില്‍ വരുന്ന വരെ ശ്രീമതി ഒരക്ഷരം മിണ്ടിയിട്ടില്ല. കുരങ്ങു ചത്ത കുറവന്റെ കൂട്ട് ..അല്ല ഞങളുടെ ബ്രൂണി പൂച്ച കുളി കഴിഞ്ഞു ഇറങ്ങിയ മാതിരി. ആ രോമം മുഴുവന്‍ അങ്ങ് നനഞ്ഞാല്‍ പിന്നെ ഒറ്റ നോട്ടത്തില്‍ ഒരു ദൈന്യ ഭാവം. കയ്യില്‍ എടുത്താല്‍ ഒരു 50 ഗ്രാം കാണും ഭാരം.
വീട്ടില്‍ കയറി ബാഗ് വെച്ചിട്ട് എന്നേ കെട്ടിപിടിച്ചു ഒരു മോങ്ങല്. ഇനി നമുക്ക് ഒന്നിച്ചു അടുത്ത വര്‍ഷം പിള്ളാരുടെ സ്കൂള്‍ അവധിക്കു നാട്ടില്‍ പോയാല്‍ മതി. ഞാന്‍ ഇനി തനിയെ എങ്ങോട്ടും ഇല്ല.. മൂക്കട്ട തുടക്കാന്‍ ഒരു ടിഷ്യു വലിച്ചൂരി കൊടുത്തു അവളെ കെട്ടിപിടിച്ചു ഞാന്‍ പറഞ്ഞു. അങ്ങനെ മതി. (പിന്നെ ഞാന്‍ ആ കണക്ക് ഒന്ന് കൂട്ടി നോക്കിയപ്പോള്‍ ഇനി അവള് പറഞ്ഞ കണക്കിന് രണ്ടോ മൂന്നോ മാസമേ ഉള്ളൂ . അറിയാതെ എന്റെ പിടുത്തത്തിന്റെ കെട്ട് അങ്ങ് അയഞ്ഞു.)..
ക്ലൈമാക്സ് .ഞാന്‍ നാട്ടിലേക്ക് ജിതുവിനെ വിളിച്ചിട്ട് പറഞ്ഞു..ആശാനെ ദുബൈയിലെ പണി പാളിപ്പോയി ..ആദ്യം ബുകിംഗ് കിട്ടിയില്ല എന്ന് പറഞ്ഞു നോക്കി. പിന്നെ ഓഫ് ലോഡ് ചെയ്യാന്‍ നോക്കി. അതും "ബച്ചന്റെ ഹിന്ദി പടം ഖണ്ടാഹാര് പോലെ" (ലാലേട്ടന് എന്ത് പിഴച്ചു?) എട്ടു നിലയില്‍ പൊട്ടി. .. പക്ഷെ അവിടെത്തെ പണി ഏറ്റു. ഇനി ഉടനെ എങ്ങും നാട്ടില്‍ പോണം എന്ന് പറയില്ല..താങ്ക്സ് ഞാന്‍ പറഞ്ഞ പോലെ ഒക്കെ ഒപ്പിച്ചു എടുത്തല്ലോ കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരെക്കൊണ്ട്.!!!!!! അപ്പൊ അടുത്ത വരവിനു കാണാം ഇമിഗ്രെഷനില്‍ തന്നെ.
ഇനി ഇതിനൊരു മൂന്നാം ഭാഗം പോസ്ടാന്‍ ഞാന്‍ ഉണ്ടാവുമോ അതോ ശ്രീമതി ഇതോടെ എന്റെ പോസ്റ്റര്‍ കീറുമോ എന്നൊന്നും ഒരു ഗ്യാരന്റിയും ഇല്ലാത്തതിനാല്‍ വീണ്ടും കാണും വരെ വണക്കം.
ente lokam ഇതിനു മുമ്പ് പോസ്റ്റ് ചെയ്ത വെറുതെ ഒരു ഭര്‍ത്താവും
കുത്ത് വീണ ദോശയും വായിച്ചിരുന്നോ? അതിന്റെ ബാകി
വിശേഷങ്ങള്‍ ആണ് ഇവിടെ .