എല്ലാ അധ്വാനിക്കുന്ന ജന വിഭാഗത്തിനും വേണ്ടി ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു .ഭാര്യമാര്‍ക്കും അമ്മമാര്‍ക്കും പിന്നെ ചുരുക്കം ചില ഭര്‍ത്താക്കന്മാര്‍ക്കും .
വെറുതെ ഒരു ഭര്‍ത്താവും കുത്ത് വീണ ദോശയും.
എന്‍റെ പ്രിയതമ നാട്ടില്‍ നിന്നു തിരിച്ചെത്തി .എയര്‍പോര്‍ട്ടില്‍ നിന്നും
കാറില്‍ കയറുന്നതിനിടെ ഞാന്‍ ചോദിച്ചു.
"ഒരു ഉമ്മ തരട്ടെ?"
"നാണമില്ലേ മനുഷ്യാ നിങ്ങള്ക്ക് "
അവള്‍ ഒരു ചീറ്റല്‍.
"നാണിക്കാന്‍ എന്ത്? നീ പോയിട്ട് നാള്‍ എത്ര ആയി?"
"പത്തു ദിവസം പോലും ആയില്ലല്ലോ?"
"എനിക്ക് അത് പത്തു മാസം ആയിരുന്നു.."
അപ്പൊ മാസം തികഞ്ഞോ?
ഇത്തിരിപ്പോന്ന ഈ ഭര്‍ത്താവിനെയും ഒത്തിരിപ്പോന്ന നാക്ക് മാത്രം ഉള്ള മൂന്നു പീക്കിരികളെയും വിട്ടിട്ടു രണ്ടും കല്പിചു ഒരു പോക്ക് പോയതാണ് അവള്‍. അന്നു ടോം ജെറിയുടെ വാലു പിടിച്ച് വലിക്കുന്നതു പോലെ എന്‍റെ മനസ്സാക്ഷിയുടെ ചരടില്‍ കയറി ഒരു വലി വലിച്ചു. ചെറുപ്പത്തില്‍ നാരങ്ങ മിട്ടായി വാങ്ങിത്തന്നു തോളില്‍ കയറ്റി (ഈ കാലന്റെ തോളില്‍ കയറുന്നതിനു മുമ്പ് ) കൊണ്ട് നടന്ന പപ്പയുടെ സ്നേഹ വാത്സല്യങ്ങള്‍ വിവരിച്ചു കണ്ണ് തുടച്ചു കാണിച്ചപ്പോള്‍ ഞാന്‍ അറിയാത് അങ്ങ് സമ്മതിച്ചു പോയത് ആണ്...
തിടുക്കത്തില്‍ ബാഗ് റെഡി ആക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു.
നിങ്ങള്ക്ക് ഒരാഴ്ച ലീവ് എടുത്തു കൂടെ?കുട്ടികള്‍ക്ക് ക്ലാസ്സ് ഉള്ളതല്ലേ?
നീ മിണ്ടാതിരി. കഴിഞ്ഞ വര്ഷം നിനക്ക് ചിക്കന്‍ പോക്സ് വന്നപ്പോള്‍ ലീവ് ചോദിച്ചതിനു ഭാര്യക്ക് കൂട്ട് ഇരിക്കാന്‍ അവധി ചോദിച്ച എമ്പോക്കി എന്ന മട്ടില്‍ അപ്ലിക്കേഷന്‍ എടുത്തു മുഖത്തേക്ക് എറിഞ്ഞ അറബി ആണ്. അമ്മായി അപ്പന് സുഖം ഇല്ല എന്ന് പറഞ്ഞു ലീവ് ചോദിച്ചാല്‍ അവധിയുടെ കൂടെ ഒരു വണ്‍ വേ ടിക്കറ്റ് കൂടി തന്നു നീ നാട്ടില്‍ തന്നെ പണ്ടാരം അടങ്ങിക്കൊള്ലാന്‍ പറയും.
അവള്‍ നാട്ടില്‍ ചെന്ന് ഇറങ്ങി. ഞാന്‍ ഇവിടെ അടുക്കളയിലേക്കും ഒന്ന് ഇറങ്ങി നോക്കി .ആലിസ് ഇന്‍ wonder ലാന്‍ഡ്. വീടിന്റെ ഈ പ്രദേശത്ത് ഞാന്‍ വഴി തെറ്റിപ്പോലും വന്നിട്ടില്ല. ആദ്യത്തെ പ്രാക്ടിക്കല്‍ ക്ലാസിനു കെമിസ്ട്രി ലാബില്‍ എത്തിയ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിയെപ്പോലെ ഞാന്‍ ഒന്ന് പകച്ചു.
ഒരു ചായ ഉണ്ടാക്കി കന്നി അങ്കത്തിനു ഇറങ്ങാം എന്ന് കരുതി കച്ച മുറുക്കി. കുക്കിംഗ് രേന്ജിന്റെ സ്വിച് ഒക്കെ അവള്‍ കാണിച്ചു തന്നിട്ടാണ് പോയത്. ചായപൊടിയും പഞ്ചസാരയും സമാ സമം ചേര്‍ത്തു . നാട്ടിലെ പിള്ളേച്ചന്‍ സ്റ്റയിലില്‍ ആഞ്ഞു ഒരു ആറ്റും ആറ്റി. മോളെ വിളിച്ചു.
"കുടിച്ചു നോക്കു. ഇതാണ് ഒന്നാന്തരം ചായ."
ഒരു കവിള്‍ കുടിച്ചു, കുട്ടി നീട്ടി ഒരൊറ്റ തുപ്പ്.
"ഇതെന്താ പപ്പാ ചായയില്‍ ഇട്ടത് ?. "
ഞാന്‍ മുകളിലേക്ക് നോക്കി.
ദൈവത്തിനെ അല്ല. അലമാരിയിലേക്ക്.
നാല് കുപ്പികള്‍ എന്നേ നോക്കി പല്ല് ഇളിക്കുന്നു. മസാല, ചായപ്പൊടി, പഞ്ചസാര, ഉപ്പ്. സംഭവം മനസ്സിലായി.കുപ്പികള്‍ മാറിപ്പോയി.
ഒന്ന് ഉരുണ്ടു നോക്കാം.
"മോളെ ഇതാണ് മസാല ചായ."
ഒരു, ഒന്ന് ഒന്നര നോട്ടം നോക്കി അവള്‍ എന്നെ. "മസാല ഇട്ടത് പോട്ടെ. അതിന്റെ കൂടെ പഞ്ചസാരക്ക് പകരം ഉപ്പ് ഇടാന്‍ ആരാ പഠിപ്പിച്ചേ" ?
ദേ വീണിടത്ത് തന്നെ. ഇനി ഉരുളണ്ട. എന്‍റെ അല്ലെ വിത്ത് ? . ചുരുട്ടി കൂട്ടി കയ്യില്‍ തരും..
വാഷിംഗ് മഷീനില്‍, പറഞ്ഞ അളവില്‍ സോപ്പ് പൊടിയും പറഞ്ഞിടത്തോളം മാത്രം തുണിയും ഇട്ടു പറഞ്ഞു തന്ന എല്ലാ സ്വിച്ചും ഇട്ടിട്ടും ആ പണ്ടാരം അനങ്ങിയില്ല. ഒരു മാതിരി അലക്ക് കല്ലിനു കാറ്റ് പിടിച്ചപോലെ ഒരേ ഇരുപ്പ്.
ചന്ദ്രയാന്റെ മുന്നില്‍ ഇന്ത്യന്‍ ശാസ്ത്രഞ്ജര്‍ നില്‍കുന്ന പോലെ ഞാനും മൂന്നു കുരുന്നുകളും അന്തം വിട്ടു നിന്നു. അവസാനം കുതിര വട്ടം പപ്പു ടാസ്കി വിളിയടെ എന്ന് കൂവിയത് പോലെ ഞാന്‍ പറഞ്ഞു
" വിളിയെടാ അമ്മയെ.."
ദേഷ്യം വന്ന ആറു വയസ്സുകാരന്‍ കാന്താരി അതിന്റെ മര്‍മം നോക്കി നെഞ്ചത്ത് തന്നെ ആഞ്ഞ് ഒരൊറ്റ തൊഴി. കിട്ടേണ്ട പണി കിട്ടിയപ്പോള്‍ ദേ അത് കീ കീ എന്ന് കൂവിക്കൊണ്ട് പണി തുടങ്ങി. അപ്പോഴാ മനസ്സിലായത്.അതിന്റെ ഫ്രന്റ് ഡോര്‍ ശരിക്ക് അടച്ചിരുന്നില്ല. ഞങ്ങള്‍ക്ക് ഇല്ലാതെ പോയ ഒരു സാധനം അതിനു ഉണ്ടായിരുന്നു. വിവരം.
അവിടെ തുടങ്ങി എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍. കഥ നീണ്ടു പോകും.അത് കൊണ്ട് ശേഷം ഭാഗങ്ങള്‍ കേരളവും ഞാനും ആയുള്ള ടെലിഫോണ്‍ സംഭാഷനങ്ങളിലൂടെ അവതരിപ്പിക്കുന്നു. (എന്‍റെ പല മറുപടികളും അവള്‍ ഇങ്ങോട്ട് പറയേണ്ടവ ആണ് . ഗതി കെട്ടാല്‍ ഏത് പുലിയും പുല്ലു തിന്നും എന്ന് ചരിത്രം എന്നെ പഠിപ്പിച്ചു എന്ന് മാത്രം)
ഒന്നാം ദിവസം:-സൂപ്പര്‍ മാര്കന്ടിന്റെ നമ്പര്‍ എത്രയാ?
ആ ബുക്കില്‍ കാണും.
വേഗം പറയൂ.1130 കഴിഞ്ഞാല്‍ പിന്നെ ഹോം ഡെലിവറി ഇല്ല. നിനക്ക് ഇതെല്ലാം മനപ്പാടമല്ലേ ? (ആകെ മൂന്ന് നമ്പര്‍ അറിയാം അവള്‍ക്ക് ഇതും, ഗ്യാസും പിന്നെ എന്‍റെ മോബയിലും. ബോസ്സ് എന്നെ വിളിക്കുന്ന പോലെ പിന്നെ എല്ലാത്തിനും എന്‍റെ ജീവന്‍ എടുക്കാന്‍ ആ ഒരൊറ്റ നമ്പര്‍ മാത്രം മതിയല്ലോ)
രണ്ടാം ദിവസം:- ഇന്ന് ദോശ ഉണ്ടാക്കാം.എല്ലാം അറിയാം.,എപ്പോഴാ മറിച്ചു ഇടേണ്ടത്? അത് മാത്രം പറഞ്ഞാല്‍ മതി. എങ്ങനെ ?? ..കുത്ത്..... കുത്തായി... പൊങ്ങി വരുമ്പോഴോ? കുത്ത് അല്പം വലുത് ആയിപ്പോയി..
അതിനിടക്ക് 'ഠിം' ..(ആ കുരുത്തം കെട്ടവന്‍ എന്തോ തല്ലി പൊട്ടിച്ചു) .
അയ്യോ ഇത് കല്ലില്‍ നിന്നു വിട്ടു പോരുന്നില്ല. എണ്ണ ഒഴിക്കാന്‍ മറന്നു പോയി. ഒരു മണം വരുന്നു. കല്ലിനു ഓട്ട വീണോ ? നീ ഫോണ്‍ വെച്ചോ. ഞാന്‍ വിളിച്ചോളം. ഇനി കുറച്ചു സമയം എടുക്കും. (ആ ഒടുക്കത്തെ കുത്തിന്റെ ഫോട്ടോ കൊടുത്തിട്ടുണ്ട്. അതെടുക്കാന്‍ മിനക്കെട്ട വകയില്‍ ചെറിയ തുരപ്പന്റെ സ്കൂള്‍ ബസും മിസ്സ് ആയി അന്ന്).
മൂന്നാം ദിവസം:-നിങ്ങള്‍ എണീറ്റില്ലേ?
അലാറം വെച്ചിരുന്നു.
എന്നിട്ടോ?
പതിവ് പോലെ എണീറ്റ് മൂത്രം ഒഴിച്ചിട്ടു കിടന്നു. വിളിച്ചത് നീ ആണെന്നാ കരുതിയത്. വീട്ടില്‍ ഇല്ലെന്നു ഓര്‍ത്തില്ല.
നാലാം ദിവസം: മോള് പറഞ്ഞല്ലോ. ഗ്ലാസ് എത്ര പൊട്ടിച്ചു?
ഓ അതങ്ങ് എത്തിച്ചോ ഇത്ര പെട്ടെന്ന് ?എന്താ ആത്മാര്‍ഥത ?...പണി ഉള്ളിടത് കുറച്ചു പൊട്ടലും ചീറ്റലും കാണും. ഇനി അത് പിടിച്ച് വലുത് ആക്കണ്ട.
അഞ്ചാം ദിവസം:-വാഷിംഗ് മഷീനില്‍ നിന്നും തുണി ഇത് വരെ എടുത്തില്ലേ?
എടുക്കാം. ഈ കുടുംബത്, നോക്കുന്നത് എല്ലാം പണി ആണ്. എടുത്തിട്ട് എന്താ??.പാഞ്ചാലിയുടെ അക്ഷയ പാത്രം പോലാ അത്. ഇപ്പൊ നിറയും കണ്ണടച്ച് തുറക്കുമ്പോള്‍.
ആറാം ദിവസം:- ബെഡ് ഷീറ്റ് മാറിയോ?
എനിക്ക് രണ്ടു കയ്യും കാലുമേ ഉള്ളൂ. ഒരറ്റം വലിക്കുമ്പോള്‍ മറ്റേ അറ്റം ഇങ്ങു പോരും. ഒരെണ്ണം സഹായിക്കണ്ടേ ? നിന്റെ മക്കളെ എല്ലാം ഞാന്‍ നാട് കടത്തി പറപ്പിക്കും.
ഏഴാം ദിവസം:- ബാല്‍ക്കണിയില്‍ നിന്നും ഉണങ്ങിയ തുണികള്‍ എടുത്തോ?
എടുത്തു.
മടക്കി വെച്ചോ?
പറഞ്ഞാല്‍ ഉടനെ മടങ്ങാന്‍ തുണിയും ഞാനും മഷീന്‍ അല്ല. എത്ര ചെയ്താലും തീരാത്ത ഒരു പണി.
എട്ടാം ദിവസം:- ഞാന്‍ പോന്നതില്‍ പിന്നെ മുറി ഒന്നും വാക്യൂം ചെയ്തിട്ടില്ലേ ?
ഞാന്‍ ഇവിടുന്നു ഇറങ്ങി പോകും. പറഞ്ഞേക്കാം..
മൂന്നു പേരും കുളിച്ചോ?
വേണം എങ്കില്‍ ചെയ്യട്ടെ. ഇതുങ്ങളെ ഒന്നും മാനേജ് ചെയ്യാന്‍ എന്നെകൊണ്ട് പറ്റില്ല.
വേറൊരു ദിവസം:- മോന്‍ പറഞ്ഞല്ലോ പപ്പാ ക്ഷീണിച്ചു പോയെന്ന്.
അതെ കുടുംബത്തു പണി ഉള്ളപ്പോള്‍ എപ്പോഴും മിനുങ്ങി നടക്കാന്‍ പറ്റില്ല.
കുട്ടികള്‍ക്ക് ചൂട് വെള്ളം കൊടുത്തു വിട്ടോ?
ഓ ഇപ്പൊ വലിയ തണുപ്പ് ഒന്നുമില്ല. ഒരാള്‍ 6 .30 , ഒരാള്‍ 7 .30 , പൊടിക്കൊചിനെ എട്ടു മണിക്ക് വിടണം. എനിക്ക് ഓഫ്സില്‍ പോകണം. എന്തൊക്കെ ഓര്‍ത്താല്‍ ആണ് .
മറ്റൊരു ദിവസം:- പിന്നെയും ചായ പൊടി മാറിപ്പോയോ ? നിങ്ങളുടെ തലയില്‍ എന്താണ് ??.(
കണ്ണൂരാന്റെ ബ്ലോഗ് അവള്‍ വായിച്ചിട്ടില്ല. അല്ലെങ്കില്‍ പുള്ളികാരന്‍ ബീവിയോടു ചോദിച്ച അതെ ചോദ്യം എന്നോട് ചോദിച്ചേനെ. കുടുംബത് ആര്‍കെങ്കിലും പിണ്ണാക്ക് കച്
ചവടം ഉണ്ടായിരുന്നോ എന്ന്). രാത്രി കിടന്നത് പാതിരാ കഴിഞ്ഞ്. എണീറ്റത് അഞ്ചു മണിക്ക്. ഇന്ന് ദിവസം ഏതാണ് എന്ന് പോലും എനിക്ക് നിശ്ചയം ഇല്ല. പിന്നെ തലയില്‍ എന്ത് കാണാന്‍!!.
പിന്നൊരു ദിവസം:- പൂച്ചക്ക് തീറ്റ കൊടുത്തോ? ..
കൊടുക്കാം. ഈ ജോലി എല്ലാം ആര് ചെയ്തു തീര്‍ക്കാന്‍ ആണ്?
അത് പറഞ്ഞപ്പോള്‍ ബ്രൂണി ദേ കാലിന്റെ ചുവട്ടില്‍ ഗിര്‍ ഗിര്‍ എന്ന് മുരളിക്കൊണ്ട് ഉരുമ്മുന്നു. (
ബ്രൂണിയെ അറിയില്ലേ നിങ്ങള്‍ ??)
ഇതിനിടക്ക് ഒരു ദിവസം പാതി രാത്രിയില്‍ മോള് എന്റടുത്തു വന്നു പറഞ്ഞു.
" അമ്മയെ വിളിക്കണം."
" ഈ നട്ടപ്പാതിരക്കോ ? നാട്ടില്‍ സമയം എത്ര ആയി എന്ന് അറിയുമോ? "
വയറു പൊത്തിപ്പിടിച്ചു അവള്‍ വീണ്ടും പറഞ്ഞു.
" വിളിക്ക് പപ്പാ?"
" നീ ആ മെഡിസിന്‍ ബോക്സില്‍ നോക്കു. മരുന്ന് വല്ലതും കാണും. നിനക്ക് ആശുപത്രിയില്‍ പോകണോ?"
" വേണ്ട. പ്ലീസ് ..... "
ഞാന്‍ വിളിച്ചു കൊടുത്തു. അവര്‍ തമ്മില്‍ സംസാരിച്ചു.എന്തൊക്കെയോ മൂളിക്കേട്ടിട്ടു മോള്‍ ആശ്വാസത്തോടെ അലമാരയില്‍ നിന്നും എന്തോ എടുത്തു കൊണ്ട് അവളുടെ മുറിയിലേക്ക് പോയി. (എന്താ ദീര്‍ഘ വീക്ഷണം !!. ഒരു അമ്മയുടെ കരുതല്‍. ഞാന്‍ തോറ്റു). അവള്‍ക്ക് ഈ വീട്ടില്‍ ഇത്ര വലിയ റോള് ഉണ്ടെന്നു എനിക്ക് ഇത് വരെ തോന്നിയിട്ടേ ഇല്ല. ചില നേരത്തെ വര്‍ത്തമാനം കേട്ടാല്‍ നാല് ദിവസം ഇവിടുന്നു നാട് കടത്തിയാല്‍ അത്രയും മനസ്സമാധാനം എന്ന് തോന്നിപ്പോകും .ഇതിപ്പോ പക്ഷെ കണ്ണ് ഉള്ളപ്പോള്‍ കണ്ണിന്റെ കാഴ്ച അറിയില്ല എന്ന പരുവത്തില്‍ ആയിപ്പോയി ഞാന്‍ എന്ന് പറഞ്ഞാല്‍ മതിയല്ലോ.
കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ഞങ്ങള് ഒന്നിച്ചാണ് 'വെറുതെ ഒരു ഭാര്യ' കണ്ടത്. അന്നു വെറുതെ ഞാന്‍ കുടഞ്ഞു ഇട്ടു ചിരിച്ചു. ഇപ്പൊ അത് ഒന്ന് കൂടി കണ്ടാല്‍ സത്യം പറഞ്ഞാല്‍ കരഞ്ഞു പോകും.
നിങ്ങള്‍ ഒക്കെ ഇങ്ങനെ എന്തെങ്കിലും കാരണം ഉണ്ടാകി ഇടയ്ക്കു ഒന്ന് മുങ്ങി നോക്കു. കുട്ടികളെ കൊണ്ട് പോകരുത് കേട്ടോ. വേലകാരി ഉണ്ടെങ്കില്‍ അതിനെയും പറഞ്ഞു വിടണം.(അതിനിപ്പോ എന്തെങ്കിലും കാരണം ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് ആണോ വിഷമം. എലിക്കുഞ്ഞിനെ നെല്ല് തൊലിക്കാന്‍ പഠിപിക്കണോ)? എങ്കില്‍ ഭര്‍ത്താക്കന്മാര്‍ നന്നാവും. എന്‍റെ ഉറപ്പ്. (മലബാര്‍ ഗോള്‍ഡ് മോഹന്‍ലാല്‍ സ്റ്റൈല്‍). ഞാന്‍ എന്തായാലും ഇനി എല്ലാ വെള്ളിയാഴ്ചയും അവള്‍ക് ഓഫ് കൊടുക്കാന്‍ തീരുമാനിച്ചു.
എനിക്ക് ഇനി ഒന്ന് കിടന്നു
ഉറങ്ങണം. ചുമ്മാ ഉറങ്ങിയാല്‍ പോര.ആ വായാടിയുടെ കൈയില്‍ നിന്നും കുറച്ചു സ്പെഷ്യല്‍ കേക്ക് വാങ്ങി അതിന്റെ ജ്യൂസ് അടിച്ചു കുടിക്കണം.എന്നിട്ട് കിറുങ്ങി കിടന്നു ഉറങ്ങണം.പാതി മയക്കത്തില്‍ അവള്‍ എന്നേ തോണ്ടി വിളിച്ചു. ദേ ഉറങ്ങിയോ? തിരിഞ്ഞു നോക്കാതെ ഞാന്‍ പറഞ്ഞു..എനിക്ക് വയ്യ. കിടന്നു ഉറങ്ങു പെണ്ണെ. കട്ടുറുമ്പ് കടിച്ച ജാള്യതയോടെ ഇതിയാനിട്ടു ഒന്ന് കൊടുക്കാതെ ഇനി ഉറക്കം വരില്ല എന്ന് തീരുമാനിച്ച അവള്‍ ഒരു ചോദ്യം..
എന്താ ഞാന്‍ പോയപ്പോള്‍ വല്ല ബാച്ചിലേര്‍സ് പാര്‍ടിക്കും പോയോ?
അതും ഏറ്റില്ല എന്ന് തോന്നിയപ്പോള്‍ വിഷയം മാറ്റി..
അല്ല ഈ ബാത്ത് റൂമിലേക്ക് മാത്രം നിങ്ങള്‍ ആരും തിരിഞ്ഞു നോകിയിട്ടില്ലേ?
"അമ്മേ, അത് പിന്നെ എല്ലാ വീട്ടിലും താനേ വൃത്തി ആകുന്ന ഒരു സ്ഥലം അല്ലെ അത്" ?
ബോബനും മോളിയിലെ മോളിയെപ്പോലെ പുതപ്പിന്റെ അടിയില്‍ നിന്നും ഒരു ശബ്ദം. ആ തമാശ എനിക്ക് അത്ര പിടിച്ചില്ല. ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയാന്‍ നീ എങ്ങനെ ഇതിനകത് കയറിക്കൂടി !!! ??. പോടീ നിന്റെ മുറിയില്‍ വേഗം. ഉച്ച പടം കാണാന്‍ കയറിയ എട്ടാം ക്ലാസ് കാരന്‍ ഉണക്ക ചെറുക്കനെ ചെവിക്കു തിരുമ്മി ഇറക്കിവിടുന്ന പണ്ടത്തെ സിനിമ ടാകീസ് കാരനെപ്പോലെ ആ കാന്താരിയെ ഇറക്കി വിട്ടു.
ഇനി ഇങ്ങനെ ഇടയ്ക്കു നാട്ടില്‍ പോയാല്‍ കാണിച്ചു തരാം എന്ന മട്ടില്‍ പിറ്റേ ദിവസം രാവിലെ, കഴിഞ്ഞ പത്തു ദിവസത്തെ ടെലിഫോണ്‍ ബില്‍ എടുത്തു പുതുക്ക പെണ്ണിന് പുടവ കൊടുക്കുന്ന ഗൌരവത്തോടെ ശ്രീമതിയുടെ തൃക്കരങ്ങിലേക്ക് അങ്ങ് ഏല്പിച്ചു. മരിച്ചിടത് നിന്നല്ലലോ കരച്ചില്‍ കേള്കുന്നത് !!!! കാശു പോകുന്നത് എന്‍റെ ആണെങ്കിലും ഇത്തവണ കണ്ണ് തള്ളി പോയത് അവളുടെ. ദിര്‍ഹംസ് 2 ,315 /- ഇവിടുത്തെ കണക്കില്‍. ഏതാണ്ട് ഇരു പത്തി അയ്യായിരം വരും "ഗാന്ധി തലയുടെ" കണക്കില്‍.
**********************************************************************************
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഒരു വെള്ളിയാഴ്ച രാവിലെ മൂടി പുതച്ചു കിടന്നു ഉറങ്ങുന്ന എന്നേ കുലുക്കി വിളിച്ചിട്ട് ശ്രീമതി ചോദിച്ചു. ഒരു ബക്കറ്റു വെള്ളം ആ ബാല്ക്കണിയിലേക്കു ഒന്ന് വെച്ചു തരുമോ? പന്തം കണ്ട പെരുച്ചാഴിയെപ്പോലെ തുറിച്ചു നോക്കി ഞാന്‍ പറഞ്ഞു. ഒന്ന് മിനക്കെടുത്താതെ പോ രാവിലെ. പിന്നെ ആട്ടെ.
കൈ രണ്ടും എളിക്കു കുത്തി ഇയാള്‍ ഒരു കാലത്തും നന്നാവൂല്ല എന്ന് ശപിക്കാന്‍ തുടങ്ങിയ അവളോട് മോള് പറഞ്ഞു അമ്മെ, വിട്ടേക്ക്, Girls are girls . ബോയ്സ് are ബോയ്സ്. They are not going to change . കഷ്ടം, ചെറുപ്പം മുതല്‍ അട്ജസ്റ്മെന്റ്റ് മാത്രം പരിശീലിക്കുന്ന പാവം മലയാളി പെണ്ണ് . വേറെ വല്ല നാട്ടിലെ പെണ്ണുങ്ങള്‍ ആണെങ്കില്‍ എപ്പോ ഒരുപ്പോക്ക് പോയി എന്ന് ചോദിച്ചാല്‍ മതി. മലയാളീ ഭാര്യമാരെ, അമ്മമാരേ നിങ്ങള്ക്ക് നമോ വാകം.
sreee "ചന്ദ്രയാന്റെ മുന്നില്‍ ഇന്ത്യന്‍ ശാസ്ത്രഞ്ജര്‍ നില്‍കുന്ന പോലെ ഞാനും മൂന്നു കുരുന്നുകളും അന്തം വിട്ടു നിന്നു". ചിരിച്ചു ചത്തു. ഈ സംഭവങ്ങള്‍ ആ കുഞ്ഞുങ്ങളുടെ വായില്‍ നിന്നും കൂടി കേള്‍ക്കണം. എന്തായാലും ഭാര്യയുടെ റോള്‍ പിടി കിട്ടിയില്ലേ . പക്ഷെ, തല്ലണ്ടമ്മാവ... അല്ലെ . അടുക്കള കാണാത്ത എല്ലാ ഭര്‍ത്താക്കന്മാരും വായിച്ചു പഠിക്കട്ടെ . ബ്രൂണി ഇതിനിടയ്ക്ക് എത്ര ദിവസം പട്ടിണിയായി. പാവം, ആ ഇരിപ്പ് കണ്ടാലറിയാം . അസ്സല്‍ പോസ്റ്റ് .