ഈറ്റില്ലം

Posted by ente lokam On October 26, 2011 158 comments

ബ്രൂണിയെ നിങ്ങള്‍ മറന്നു കാണില്ലല്ലോ അല്ലെ?(ബ്രുണീടയുടെ പ്രണയം).നാട്ടില്‍ പോയിട്ട് വന്നു ഒരു പോസ്റ്റ്‌ ഇടാന്‍ തയ്യാര്‍ എടുക്കുന്നതിന്റെ ഇടയില്‍ ആണ് ഈ പുതിയ സന്തോഷ വാര്‍ത്ത. എങ്കില്‍പ്പിന്നെ എന്റെ ബുലോക സുഹൃത്തുക്കളോട് അതു പങ്കു വെച്ചിട്ടാവട്ടെ  അടുത്ത പോസ്റ്റ്‌ എന്ന് കരുതി...‍

ഇതാ ഈറ്റില്ലത്തില്‍ നിറഞ്ഞ സന്തോഷത്തോടെ, അഹങ്കാരത്തോടെ ഒരു അമ്മ..    നാല്     കുഞ്ഞുങ്ങളോടൊപ്പം..     രണ്ടു പേര്‍ കറുപ്പ്.. ഒന്ന്    ചാര നിറം അടുത്തത്   ഓറഞ്ച് നിറം..

                                                             
മനുഷ്യരുടെ കുടുംബ കണക്കുകളില്‍ കളര്‍ പലപ്പോഴും കണക്ക് കൂട്ടല്‍ തെറ്റിക്കാറുണ്ടെങ്കിലും ഇവിടെ വീട്ടില്‍  മക്കള്‍, കൂട്ടി നോക്കിയിട്ട് ഈ കുടുംബത്തിനൊരു കണക്ക് ഒപ്പിച്ചു..കുടുംബ ചരിത്രം തിരക്കിയപ്പോള്‍ ബ്രൂണിയുടെ അമ്മ നല്ല കറുപ്പ്..പിന്നെ ബ്രൂണിക്ക് ചാര നിറം..തവിട്ടും കറുപ്പും ഇട കലര്ന്നത്. കുട്ടികളുടെ അച്ഛന്‍ അതായതു ബ്രൂണിയുടെ പ്രിയ ഭര്‍ത്താവ് നല്ല ഓറഞ്ച് നിറം..ഇപ്പൊ എന്തെ സംശയം, ഞാന്‍ അന്നെ പറഞ്ഞില്ലേ ബ്രൂണിയെ കുടുംബത്തില്‍ പിറന്ന ചെക്കനെക്കൊണ്ടേ കെട്ടിക്കൂ എന്ന്..ഇതാണ് കുടുംബ മാഹാത്മ്യം ..!! എന്റെയല്ല  പൂച്ചയുടെ..!!

എന്ത് കരുതല്‍ ആണെന്നോ ഈ അമ്മക്ക്.. പ്രസവിച്ച അന്ന് മുതല്‍ ബ്രൂണി വെളിയില്‍ വന്നു അല്പം വെള്ളം കുടിച്ചിട്ട് പെട്ടെന്ന് തന്റെ മക്കളുടെ അടുത്തേക്ക് തിരികെപ്പോവും..താന്‍ ആഹാരം കഴിക്കാന്‍ നിന്നാല്‍ അവര്‍ക്ക് വിശക്കില്ലേ, അവരെ ആരെങ്കിലും കൊണ്ട് പോകുമോ എന്നൊക്കെ ഒരു ഭീതി പോലെ..

ജീവി ഏതും ആവട്ടെ ..അമ്മ അമ്മ തന്നെ..അമ്മ മാത്രം...(പകരം വെയ്ക്കാന്‍ ഇല്ലാത്ത ഈ കരുതല്‍ ഏറ്റവും തിരിച്ചു അറിയുന്ന ബുദ്ധി ജീവി ആയ മനുഷ്യന്‍ പക്ഷെ  അമ്മയെ  മറന്നു കളയുന്നത് എന്തെ ? ആവശ്യം    കഴിഞ്ഞാല്‍, അവരുടെ സംരക്ഷണം നമുക്ക് വേണ്ടാത്ത അവസ്ഥയില്‍, കറിവേപ്പില പോലെ പലപ്പോഴും അവര്‍ ..!!).

വീടിന്റെ കതകു അല്പം തുറന്നു കിട്ടിയാല്‍ ഓടിപ്പോയി ഞങ്ങള്‍ക്ക് പിടി തരാത്ത ഏതു എങ്കിലും സ്ഥലത്ത് ഇഷ്ടം പോലെ  ഒളിച്ചു ഇരിക്കാറുള്ള ബ്രൂണി കതകു തുറന്നാല്‍ ഇപ്പൊ അകത്തേക്ക് തന്നെ ആണ് നോട്ടം..കുഞ്ഞുങ്ങള്‍ എങ്ങാന്‍ ഇറങ്ങി പോയാലോ എന്ന് പേടിച്ചു...!!

ഞങ്ങള്‍ അടുത്ത് ചെല്ലുന്നത് പോലും ബ്രൂണിക്ക് ഇഷ്ടം അല്ല.ദഹിപ്പിക്കുന്ന ഒരു നോട്ടം ഉണ്ട്..ഞങ്ങളെ വെറുതെ വിട്ടൂടെ എന്ന മട്ടില്‍..കണ്ണ് തുറക്കാത്ത കുഞ്ഞുങ്ങള്‍ വഴി തെറ്റി പുറത്തേക്കു വരുമ്പോള്‍ ബ്രൂണി കൂടെ എത്തി ഞങ്ങളെ ഒന്ന് നോക്കും. ഇതിനെ ഇപ്പൊ എന്താ ചെയ്ക എന്ന മട്ടില്‍..പിന്നെ കുട്ടികള്‍ അവയെ എടുത്തു അകത്തു കിടത്തും..നാടന്‍ പൂച്ചകളെപ്പോലെ കഴുത്തില്‍  കടിച്ചു  തൂക്കി എടുത്തു നോവിക്കാതെ കൊണ്ട് നടക്കാന്‍ ഒന്നും ഇവള്‍ക്ക് അറിയ്യില്ലല്ലോ എന്ന് ഞങ്ങള്‍ക്ക്   സഹതാപം.. ഇതൊന്നും  കാണാത്ത മക്കള്‍ക്ക്‌ ഇത്രയും  കാണുന്നത്  തന്നെ അതിലും വലിയ അദ്ഭുതം... 

                                                              
പ്രകൃതിയോട് ഇണങ്ങി,പൂച്ച കുഞ്ഞുങ്ങളെ മടിയില്‍ ഇരുത്തി, അണ്ണാന്റെ ച്ചില്‍,ച്ചില്‍  ശബ്ദം കേട്ട്,മുട്ട വിരിഞ്ഞു പുറത്തു ഇറങ്ങുന്ന കോഴി കുഞ്ഞുങ്ങളെ  ഇമ വെട്ടാതെ സാകൂതം വീക്ഷിച്ച്, റാഞ്ചി എടുക്കപ്പെട്ട കുഞ്ഞുങ്ങളെ കാക്കയില്‍ നിന്നും പരുന്തില്‍ നിന്നും കല്ല്‌ എറിഞ്ഞു വീഴ്ത്തി അതി സാഹസികമായി  രക്ഷപ്പെടുത്തി, മുറിവില്‍ ഉപ്പും മഞ്ഞളും ചേര്‍ത്ത് മരുന്ന് വെച്ച് കെട്ടി, താലോലിച്ചു അതിനെ സുഖം പ്രാപിക്കുന്ന വരെ കൂടെ ഇരുന്നു ശുശ്രൂഷിച്ച ആ ബാല്യ കാല സ്മരണകള്‍ അതെ അര്‍ത്ഥത്തില്‍ പങ്കു വെയ്ക്കാന്‍ കുട്ടിളോട് ആവുന്നില്ലെങ്കിലും മനസ്സില്‍ എവിടെയോ കളഞ്ഞു പോയ ബാല്യവും അതിന്റെ സ്മരണകളും  ..

അതല്പം എങ്കിലും എന്റെ കുഞ്ഞുങ്ങളോട് സംവദിക്കുന്നു എന്ന ഒരു സ്വകാര്യ സംതൃപ്തിയും ഈ കാഴ്ച നല്‍കുന്നു കേട്ടോ കൂട്ടുകാരെ ..


വാല്‍കഷണം:-തെറ്റിയത് ഞങ്ങള്‍ക്ക്. ഒരു ആഴ്ച  കൊണ്ട്  കുഞ്ഞുങ്ങളെ  തൂക്കി എടുത്തു  സുരക്ഷിത സ്ഥാനങ്ങളില്‍ ഇരുത്താന്‍ ബ്രൂണി പഠിച്ചു കഴിഞ്ഞു . കുഞ്ഞുങ്ങള്‍ എല്ലാവരും ഇപ്പോള്‍ കണ്ണും തുറന്നു..  


  


പലായനം

Posted by ente lokam On July 08, 2011 157 comments

പലായനം


ചിത്രം കടപ്പാട് : രാംജി  പട്ടേപ്പാടം 

അവാര്‍ഡ്‌ ദാന ചടങ്ങിനു  ശേഷം ബഹളങ്ങള്‍ ഒഴിഞ്ഞ വേദിയുടെ പിന്നിലേക്ക്‌ നടന്നു നീങ്ങി. ആള്‍ക്കൂട്ടം പിരിഞ്ഞു തുടങ്ങിയിരുന്നു. കുറെ സാഹിത്യ പ്രതിഭകളും അല്പം അടുത്ത സുഹൃത്തുകളും മാത്രം അവിടെയും ഇവിടെയും കാത്തിരിക്കുന്നു. ചില പുതിയ പരിചയപ്പെടലുകള്‍ .കുറെ പരിചയപ്പെടുത്തലുകള്‍. മുഖം നിറയെ കൃത്രിമ പുഞ്ചിരിയും, കൃത്രിമ ഗൌരവവും തേച്ചു മിനുക്കിയ ചിലര്‍. ഭാവങ്ങള്‍ എന്തെന്ന് സൂക്ഷിച്ചു നോക്കിയാലും പിടി തരാതെ മറ്റു ചിലര്‍. ഇതിനിടയില്‍ മനസ്സ് ഒന്ന് സ്വതന്ത്രം ആക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് അറിയാതെ ആഗ്രഹിച്ചു പോയി.


                           ******************************************


ഇരുപത്തി അഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതം മനസ്സിലും ശരീരത്തിലും കോറിയിട്ട പാടുകള്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ ആണെന്ന് തിരിച്ചു അറിഞ്ഞ നിമിഷങ്ങള്‍. എവിടെ ആണ് ഒന്ന് സ്വസ്ഥമായി ഇരിക്കാന്‍ കഴിയുക.? ഇരിക്കുന്ന കസേരകള്‍ക്ക് ഒന്നും ബലം പോരെന്ന തോന്നല്‍. ഈ പ്രവാസിയുടെ ശരീരത്തിന് ഇത്ര ഭാരമോ? സ്വന്തം നാടിന്റെ രക്തവും മണവും തിരിച്ചു അറിയുന്ന ഇവിടുത്തെ ഇരിപ്പിടങ്ങള്‍ക്ക് തന്നെ താങ്ങാന്‍ ഉള്ള കരുത്ത് ഇല്ലെന്നോ!! അതോ വിധി ഏതൊരു പ്രവാസിക്കും കനിഞ്ഞു നല്‍കുന്ന കാരുണ്യം ആണോ സ്വയം തോന്നുന്ന ഈ അപരിചിതത്വം. ഏതു വായനയിലും ആദ്യം കണ്ണില്‍ പെടുന്ന ഗ്രഹാതുരത്വം എന്ന സുന്ദരമായ ഈ  പദം വെറും ഒരു പാഴ്കിനാവ് എന്ന് പലപ്പോഴും തിരിച്ചു അറിഞ്ഞിട്ടുണ്ട്, പല ഇട വേളകളിലും.

പക്ഷെ താലോലിക്കാന്‍ മറന്ന കുഞ്ഞിനെ താരാട്ടു പ്രായത്തിനപ്പുറം താല്പര്യത്തോടെ മടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന ഒരു അമ്മയെപ്പോലെ കടമയുടെ കല്‍പ്പടവുകള്‍ വെറുതെ കയറുന്ന ഈ മിഥ്യ ആയിരുന്നു എന്നും തന്റെ സ്വപ്നങ്ങള്‍ക്ക് നിറക്കൂട്ട്‌..

നീണ്ട വര്‍ഷങ്ങള്‍ തനിക്ക് നല്‍കിയ അനുഭവ പാഠങ്ങള്‍ ക്രോഡീകരിച്ച് പ്രവാസീ പുരസ്കാര മല്‍സരത്തിനു അയച്ച പലായനം എന്ന കൃതിക്ക് ആണ് അവാര്‍ഡ്‌ ലഭിച്ചത്.

വാ തോരാതെ ഇതിന്റെ വികാര തീക്ഷ്ണതയും, വരികളിലെ മാസ്മരികതയും, വരികള്‍ക്ക് ഇടയിലെ വാചാലതയും, പ്രഭാഷണക്കാരുടെയും   അനുമോദനക്കാരുടെയും കണ്ഠങ്ങളില്‍ നിന്ന് അനര്‍ഗളം ആയി പ്രവഹിക്കുമ്പോള്‍ പ്രവാസം പൂര്‍ത്തി ആയോ എന്ന സംശയത്തില്‍ പലപ്പോഴും തല കുനിച്ചു ഗഹനമായ ചിന്തയില്‍ ആണ്ട് ഇരിക്കുക ആയിരുന്നു.

മറുപടി പ്രസംഗത്തിനായി  ആയി  ആരോ തട്ടി വിളിച്ചപ്പോള്‍ ആണ് വീണ്ടും, ഇളകിയ കാലുള്ള കസേരയുടെ (അന്നും ഇന്നും മാറ്റം ഇല്ലാത്ത നാട്) ഇളകാന്‍ തിരക്ക് കൂട്ടുന്ന കൈകളില്‍ തന്റെ രക്തം  തുടിക്കുന്ന വെളുത്ത കൈകള്‍ അമര്‍ത്തി എഴുന്നേറ്റു മൈക്കിന്റെ അടുത്തേക്ക് നടന്നത്.

വിദേശ രാജ്യങ്ങളിലെ ജീവിത രീതി ഉദാഹരണം ആക്കിയും നാടിന്റെ രാഷ്ട്രീയ സാമൂഹിക  മാറ്റങ്ങള്‍ക്കു വേണ്ടി മുറവിളി കൂടിയും പെറ്റമ്മ പോറ്റമ്മ തുടങ്ങിയ ചര്‍വിത  ചര്‍വണ താരതമ്യങ്ങളുടെ  മാറാപ്പു അഴിച്ചും കുടുംബ ബന്ധങ്ങളുടെ പവിത്രതയും, നാടിന്റെ സംസ്കാരവും മനസ്സില്‍ ഉയര്‍ത്തിയ വികാര വിക്ഷോഭങ്ങള്‍ തുറന്നു കാട്ടിയും, അവസാനം നിനച്ചിരിക്കാത്ത ഒരു വേളയില്‍ കടന്നു വന്ന മാറ്റങ്ങളുടെ തിരമാലയില്‍, മധ്യ പൂര്‍വ ദേശങ്ങളുടെ രാഷ്ട്രീയ ഭരണ സിരാ കേന്ദ്രങ്ങള്‍ കട പുഴകി വീണ ഒരു അപ്രതീക്ഷിത  നിമിഷത്തില്‍ എല്ലാം ഇട്ടു എറിഞ്ഞു കുടുംബത്തോടൊപ്പം ഉറപ്പു ഉണ്ടെന്നു എന്നും മനസ്സില്‍ ഉറപ്പിച്ച നാടിന്റെ മണ്ണിലേക്ക് പലായനം ചെയ്തതും ആയ തന്റെ അനുഭവങ്ങള്‍.

വിവരിച്ചതെല്ലാം സത്യം എന്നും, മനസ്സാക്ഷിയുടെ മുന്നില്‍ മറയ്ക്കാന്‍ ഒന്നും ഇല്ലാത്ത തുറന്ന എഴുത്ത് എന്നും ആണ ഇട്ടും, വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തോടൊപ്പം ഇനിയുള്ള കാലം നാസാരന്ധ്രങ്ങളില്‍ തുളച്ചു കയറുന്ന നാടിന്റെ സ്വന്തം മണം അനുഭവിക്കാന്‍ പോകുന്നു എന്നുമൊക്കെ വികാരാധീനന്‍  ആയി വീമ്പിളക്കി ഊഷ്മള നിശ്വാസം ഉതിര്‍ത്തു കസേരയിലേക്ക് വീണ്ടും ചാഞ്ഞപ്പോള്‍ ആല്‍മ സംഘര്‍ഷത്താല്‍ ശരീരവും വിയര്‍ത്തു കുളിച്ചിരുന്നു.

വിയര്‍ക്കുന്ന ശരീരം മാത്രം തിരിച്ചു അറിഞ്ഞ സംഘാടകര്‍ കൊണ്ടു തന്ന വെള്ളം ആര്‍ത്തിയോടെ വാങ്ങി കുടിച്ചു..
                                    ********************************



നേരം കുറെ ആയി എന്ന് തോന്നുന്നു. ജാടകള്‍ ഒക്കെ കളഞ്ഞു തനി നാടന്‍ വേഷത്തില്‍ തന്റെ ചിന്തകളോടും കൃതികളോടും  താദാല്‍മ്യം പ്രാപിക്കാന്‍ എന്ന പോലെ ഒരു സാധാരണ  സാരിയില്‍ പ്രിയതമയും കൂടെ കുട്ടികളും വന്നു വിളിച്ചു..
പോവണ്ടേ?


അവളുടെ കൈകളിലേക്ക് തന്റെ കരം ഉയര്‍ത്തി ഈ ശരീരത്തിന്റെ ഭാരം മുഴുവന്‍  അവള്‍ക്കു താങ്ങാന്‍ ആയെങ്കില്‍ എന്ന മോഹത്തോടെ പതിയെ എണീറ്റ്‌ ഹാളിനു വെളിയിലേക്ക് കടക്കുമ്പോള്‍ ഒരു വെളുത്ത മുഖമുള്ള കുട്ടി കയ്യില്‍ കടന്നു പിടിച്ചു.



ആ കുട്ടിക്ക് ഒരു നഷ്ടപ്പെട്ട നാഥന്‍റെയും, നാടിന്റെയും  മുഖം ആയിരുന്നു..പിറകില്‍ എവിടെയോ മറഞ്ഞു നിന്ന ഉയരം കുറഞ്ഞ ആ ഫിലിപ്പിനോ സ്ത്രീയുടെ കുറുകിയ കണ്ണുകള്‍ പെട്ടെന്ന് മിന്നി മറഞ്ഞപ്പോള്‍ താന്‍ പ്രസംഗിച്ച പലായനത്തിന്റെ അര്‍ഥം മുഴുവന്‍ തെറ്റ് ആയിരുന്നു എന്ന് തിരിച്ചു  അറിഞ്ഞു..പുറത്തു പറയാന്‍ വയ്യാത്ത മറ്റൊരു പലായനത്തിന്റെ ഒരിക്കലും തിരുത്താന്‍ വയ്യാത്ത ഭാരവും പേറി ഒന്നും കണ്ടില്ലെന്നു നടിച്ചു, ആ കുഞ്ഞു കരങ്ങളില്‍ നിന്ന് കുതറി മാറി, ഭാര്യയുടെ കയ്യില്‍ മുറുകെ പിടിച്ചു മക്കളെ ചേര്‍ത്ത് നിര്‍ത്തി കൈ വിട്ടു പോകുമെന്ന ഭീതിയോടെ വേഗം നടന്നു.


കണ്ണുകള്‍ തുറന്നും ഹൃദയം  അടഞ്ഞും ഇരുന്നു അപ്പോഴും പുരസ്കാരം നേടിയ കഥാകാരന്റെ....             
                                                            ******************


ഒരു വേനലിന്റെ ദുഃഖം

Posted by ente lokam On May 05, 2011 127 comments



എനിക്ക്  മിത്രങ്ങളെ  മാത്രം  സമ്മാനിച്ച  ഈ  ബുലോകത്ത്
'എന്‍റെ ലോകത്തിനു' ഒരു വയസ്സ്...
ബുലോകം എനിക്ക് ഒരു സൌഹൃദ വേദി ആണ്. അത് കൊണ്ടു തന്നെ പോസ്റ്റുകളുടെ കണക്ക് ഞാന്‍ നോക്കാറില്ല. എഴുതിയവയെക്കാള്‍ കുറവാണ് പോസ്റ്റ്‌ ചെയ്തവ. അവയെക്കാള്‍   കൂടുതല്‍ ആണ് എഴുതി പൂര്‍ത്തി ആകാത്തവ  .ജോലി തിരക്കിനിടയില്‍ മനസ്സു മരവിക്കാതിരിക്കാന്‍ നിങ്ങള്‍ സുഹൃത്തുക്കള്‍. എന്ത് എഴുതി എങ്ങനെ എഴുതി എന്ന് ചികഞ്ഞു നോക്കി കുറ്റം പറഞ്ഞ് വഴക്ക് ഉണ്ടാക്കാന്‍ അല്ല കൊച്ചു കൊച്ചു അഭിപ്രായങ്ങള്‍ പറഞ്ഞ് പങ്ക് വെയ്ക്കാന്‍...അതാണ്‌ എനിക്ക് ഇഷ്ടം..ബു ലോകം ഒരു അത്ഭുദം ആണ്. ചിലര്‍ കുറേക്കാലം  കാണും.പിന്നെ അപ്രത്യക്ഷര്‍ ആവും .ചിലര്‍ വീണ്ടും മടങ്ങി വരും..ഞാനും എല്ലാവരെയും പോലെ ഈ ബുലോകത്ത് നിന്നും ഈ ഭൂലോകത്ത് നിന്നും അപ്രത്യക്ഷന്‍ ആവും   .ഒരു പക്ഷെ നിങ്ങളെക്കാള്‍ നേരത്തെ അല്ലെങ്കില്‍    അല്പം താമസിച്ചു.പിന്നെ നിങ്ങളുടെ  ഓര്‍മയില്‍ ഒരു ബ്ലോഗ്ഗര്‍ മാത്രം  അല്ലാതെ ഒരു സുഹൃത്ത്‌ ആയി    എപ്പോള്‍  എങ്കിലും  ഒരിക്കല്‍ കടന്നു  വരാന്‍ ആയെങ്കില്‍ ഞാന്‍ ധന്യന്‍ ആയി...കടപ്പാടുകള്‍  കുറെ  ഉണ്ട് .ആരെയും പേര് എടുത്തു പറയുന്നില്ല.അപ്പോള്‍ മറ്റ് ആരോടെങ്കിലും ഇഷ്ടം  കുറഞ്ഞു പോയി  എന്ന് എനിക്ക് വിഷമം തോന്നിയാലോ? 

ഒരു വേനലിന്റെ ദുഃഖം
 അന്നു ജൂണ്‍ 21 ആയിരുന്നു.ലോകത്തിലെ ചൂട് കൂടിയ  ദിനങ്ങളില്‍ ഒന്ന്.തലേന്ന് രാത്രിയും അവര്‍ മൂന്നു പേരും തങ്ങളുടെ  കൊച്ചു വീട്ടിലെ സ്പിന്നിംഗ് വീലില്‍ ഒരിക്കലും കാലുകള്‍ക്ക് പിടി തരാത്ത പ്രതലത്തില്‍ അണ്ണാനെയും  തത്തയെയും  പോലെ കറങ്ങി രസിച്ചു   ച്ചില്‍ ച്ഛല്‍  എന്ന ശബ്ദത്തോടെ. പകല്‍ മുഴുവനം ഉറക്കം ആണ് പതിവ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ആണ് ഇവ പൊതുവേ കാണപ്പെടുന്നത്. രാത്രി മുഴുവന്‍ ബഹളം ,active. (nocturnal). എലിയെപ്പോലെ തന്നെ. (rodent വംശം ) പക്ഷെ  വാല് ഇല്ല. വളരെ ശാന്തന്‍ . നമ്മോടു  ഇണങ്ങുന്നവ . ചെറിയ കൂടിനുള്ളിലെ  എപ്പോഴും കറങ്ങുന്ന സ്പിന്നിംഗ് വീല്‍ ശബ്ദവും ഇവയുടെ ബഹളവും കാരണം ആദ്യ കാലത്ത് റെയില്‍വേ സ്റേഷന്‍  പരിസരം   പോലെ    ഉറക്കത്തിനു    അല്പം    പരിശീലനം    വേണ്ടി    വന്നിരുന്നു  ഞങ്ങള്‍ക്ക് .  . 

ഒരിക്കല്‍ ബീച്ചില് പോയിട്ട് വന്നപ്പോള്‍ സാമാന്യം വലിയ മിനുസമുള്ള ഒരു കല്ല്‌ പെറുക്കി തലയിണയുടെ അടിയില്‍ വെച്ചു കിടന്നു ഉറങ്ങിയ കൊച്ചു മോന്റെ ചോദ്യത്തിന് മുമ്പില്‍ ആണ് ഞാന്‍ ഇങ്ങനെ ഒരു കാര്യം ചിന്തിച്ചത് . ഇതെന്റെ pet ആണ് എന്ന് പറഞ്ഞ് ആ കല്ലിനെ തലോടി അവന്‍ ഇരുന്നപ്പോള്‍ സത്യത്തില്‍ ഗള്‍ഫിലെ തീപ്പെട്ടി കൂടുകളില്‍ ജീവിതം കഴിക്കുന്ന സംസ്കാരത്തിന്റെ ബലിയാടായ ഒരു പിതാവിന്റെ വേദന ഞാന്‍ അറിഞ്ഞു.ആ സമയത്ത് ആണ് ജെര്‍മനി യില്‍ നിന്നു ‍  കൊണ്ടു  വന്ന ഈ   മൂന്നു Hamsters നെ  എന്‍റെ ഒരു അറബ് സുഹൃത്ത്‌ എനിക്ക് സമ്മാനം ആയി നല്‍കിയത് .‍ ‍ അതിനിടക്ക് പൂച്ചകുട്ടിയും  വന്നു.അപ്പോള്‍ മൂത്ത മകന്‍ ഹംസ്റെര്സിന്റെ കൂട്ട്  ഏറ്റെടുത്തു  .ഒറ്റയടിക്ക് കിട്ടുന്നതെല്ലാം വാരി വലിച്ച് തിന്നും. പിന്നെ കീഴ്താടിയുടെ  ഇരു ഭാഗത്തുമായി കുരങ്ങിനെപ്പോലെ കുറെ സൂക്ഷിച്ച് വെയ്കും.പിന്നീടു സമയം പോലെ പുറത്തേക്കു   എടുത്തു    കുറേശ്ശെ. വളര്‍ച്ച  പക്ഷെ  ഒരു എലി കുഞ്ഞിനപ്പുറം  പോകില്ല.നല്ല പതു പതുത്ത ശരീരം.വെളുത്തവന്‍ ചുരുണ്ട് കൂടിയാല്‍ ഒരു പഞ്ഞിക്കെട്ടു പോലെ അല്ലെങ്കില്‍ മാര്‍ദവമുള്ള    ഒരു വെളുത്ത ബോള്‍ പോലെ.ദേഷ്യക്കാരന്‍ ആയ മോന്റെ സ്വഭാവ രീതിയില്‍ വരെ ബ്രുണിട പൂച്ചയും ഈ ഹംസ്റെര്സും സ്വാധീനം ചെലുത്തുന്നത് ഞാന്‍ തിരിച്ചു അറിഞ്ഞു. ബ്രുനീടയുടെ കഥ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തപ്പോള്‍ hamsters  നെ പ്പറ്റി എഴുതാന്‍ മോന്‍ നിര്‍ബന്ധിച്ചു .ഒരിക്കല്‍ ‍ എഴുതാം എന്ന്  വാക്കും കൊടുത്തു.

എന്നാല്‍ അതിനു മുമ്പേ തന്നെ അവര്‍ മറ്റൊരു ലോകത്തേക്ക് കടന്നു പോയി. മുറി  കഴുകുമ്പോള്‍ വെള്ളം വീഴാതെ ഇരിക്കാന്‍ അവയെ സ്വന്തം കൂട്ടില്‍  ബാല്കണിയില്‍    വെച്ചു. അര മണിക്കൂര്‍ സമയത്തെ അശ്രദ്ധ. ശ്രീമതി, സ്കൂളില്‍ നിന്നു വന്ന മോളെ കൂട്ടി  ബസ്‌ സ്റ്റോപ്പില്‍ നിന്നു വന്നപ്പോഴേക്കും  ആ വേനല്‍ ചൂട് താങ്ങാന്,‍ മണ്ണിന്റെ അടിയിലും തണുപ്പിലും സാധാരണ ‍ കഴിയുന്ന അവയ്ക്ക് ആയില്ല.തിരിച്ചു  വന്ന ശ്രീമതി കണ്ടത് അവയുടെ വിറങ്ങലിച്ച  ജടം  ആയിരുന്നു.അവയെ നോക്കി എന്‍റെ മോന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണീര്‍ കണ്ടപ്പോള്‍ എനിക്ക് തോന്നി. വേദനിക്കുന്ന നിഷ്കളങ്കമായ മനസ്സിന് സ്നേഹവും, ആശ്വാസവും  പകരാന്‍ ആരെങ്കിലും   ഒക്കെ മതിയാവും   എന്ന്. ഒരു   എഴുത്തു കാരന്   സമൂഹത്തോടുള്ള  ബാധ്യത  പോലെ,  സഹ  ജീവിയോടുള്ള  സ്നേഹം  നമ്മുടെ ഉത്തരവാദിത്വം  അല്ലെ ?

പരിപാലനയും സ്നേഹവും എത്ര നല്‍കിയാലും പറ്റിയ ഒരു അബദ്ധത്തിനു    മാപ്പ്  തരാന്‍ വിസമ്മതിക്കുന്ന മക്കളെ ഓര്‍ത്ത്‌ കുറ്റ ബോധത്തോടെ എന്‍റെ പ്രിയതമ ഇന്നും തല കുനിക്കും മോന്റെ മുന്നില്‍. എന്നും ഏതിനും  പഴി ഏറ്റു വാങ്ങുന്ന അമ്മമാര്‍.

ഒരു പ്രായശ്ചിത്തം പോലെ ഞാന്‍ 'എന്‍റെ ലോകത്തിനു' പ്രൊഫൈല്‍ ഫോട്ടോ  ആയി അവയെ സ്വീകരിച്ചു.. മുകളില്‍ കാണുന്ന വീഡിയോ     അവയില്‍ ഒന്നിനെ താലോലിക്കുന്ന മോന്റെ ആണ്. പരിചയപ്പെട്ടാല്‍ നിങ്ങളും ഈ ചെറു ജീവിയെ സ്നേഹിക്കും.

കഴിഞ്ഞ  മെയ്‌ മാസ പുലരിയില്‍ "ഈ ലോകം" ബു ലോകത്ത് ചേര്ന്നു..ഈ ചെറിയ ലോകത്ത് നിന്നും നിങ്ങളുടെ വലിയ ലോകത്തേക്ക്...നിറഞ്ഞ  മനസ്സോടെ എന്നേ സ്വീകരിച്ച നിങ്ങള്ക്ക് എന്‍റെ മനസ്സു നിറഞ്ഞ നന്ദി...


അധികാരം

Posted by ente lokam On March 13, 2011 103 comments




നീണ്ട തലമുടിയും നരച്ച താടിയും തടവി, കുഴിഞ്ഞു താണ
കണ്ണുകളിലൂടെ അയാള്‍ താഴേക്ക്‌ നോക്കി..

ജിബ്രാള്‍ടറും സൂയെസും കടന്നു ആഞ്ഞടിക്കുന്ന സുനാമിയുടെ
അലര്‍ച്ച അടുത്ത് വരുന്നു. അതിനു മുമ്പേ ഉള്ളില്‍ തന്നെ
തകര്‍ത്തു കയറിയ തിരമാലകള്‍. ഇതിനൊന്നും തങ്ങളെ കുലുക്കാന്‍
ആവില്ലെന്ന അഹന്തയും അറിവില്ലായ്മയും കൂടിക്കലര്‍ന്ന ഉന്മാദ
അവസ്ഥയില് താഴെ ഇരുപ്പിടത്തില്‍ അള്ളിപിടിച്ച് ഇരിക്കുന്ന കുറെ
ഉരുക്ക് മനുഷ്യര്‍ ...അവരുടെ ശരീരത്തില്‍ ഒന്ന് ഒന്നായി ഞെരിഞ്ഞു
ഉടയുന്ന അസ്ഥികള് അയാള്‍ക്ക്‌ കാണാമായിരുന്നു.


ഭാരം മൂലം വഴിയില്‍ ഉപേക്ഷിച്ച പെട്ടികള്‍. അതിനും മുമ്പ് വിറങ്ങലിച്ച
രണ്ടു ജഡങ്ങള്‍ കാവല്‍ കിടന്ന പെട്ടികള്‍ ഒരു നോക്കു കാണാന്‍ ആകാതെ.ഒടുവില്‍ ഒരു കൊച്ചു തുണിക്കെട്ടില്‍ പൊതിഞ്ഞ കുറെ പണവും ഒരാള്‍ക് കഷ്ടിച്ച് കിടക്കാന്‍ മാത്രം തികഞ്ഞ ഒരു ഗുഹയും, തൂങ്ങി ആടിയ കയറിന്റെ കഷണവും ഓര്‍മയില്‍ തെളിഞ്ഞു.


വീണ്ടും പുതിയ തിരമാലകള്‍ ഇരുപ്പിടങ്ങളില്‍ ആഞ്ഞ് അടിച്ചു .....തകര്‍ന്ന വീടുകളും പട്ടിണി കിടക്കുന്ന ജന്മങ്ങളും എന്നിട്ടും അവര്‍ കണ്ടില്ലെന്നു നടിച്ചു....തിരിച്ചറിവും തകര്‍ച്ചയും തമ്മില്‍ അകലം കുറയുന്നത് അവര്‍ അറിഞ്ഞതേയില്ല ....അനിവാര്യം ആയതു സംഭവിക്കുന്നു. അയാള്‍ നെടുവീര്‍പ്പിട്ടു....


വീണ്ടും ചില വീട്ടു കാര്യങ്ങള്‍

Posted by ente lokam On February 05, 2011 158 comments

വീണ്ടും ചില വീട്ടു കാര്യങ്ങള്‍

ദേ അവള് പിന്നെയും വീട്ടിപ്പോയി..ഇവള്‍ ആരാ പ്രവാസി കാര്യ മന്ത്രിയോ? ഇങ്ങനെ ഒരു മാസത്തിനുള്ളില്‍ രണ്ടും മൂന്നും തവണ നാട്ടില്‍ പോയി പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍? മഹാ ബലി പോലും ഒരൊറ്റ പ്രാവ്ശയം ആണ് നാട്ടില്‍ വന്നു പോകുന്നത് . അതും ഓണം ഊണ് കഴിഞ്ഞു ഒന്ന് മയങ്ങാന്‍ പോലും നില്‍ക്കാതെ പുള്ളികാരന്‍ സ്ഥലം വിടും.അല്ലെങ്കില്‍ വിവരം അറിയും.എന്തെ? അവിടെ ചോദിക്കാനും പറയാനും ആളുണ്ട്..

ഇവള്കെന്താ? കെട്ടിയോനു കാശു ഉണ്ട്. ജോലിയും ഉണ്ട്. അവള്‍ക് കാശും ഇല്ല ജോലിയും ഇല്ല. ജോലി ചെയ്ത് കാശു ഉണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ട് ഒട്ടു അറിയത്തുമില്ല അത് പോട്ടെ ഇങ്ങനെ നാഴികക്ക് നാല്പതു വട്ടം നാട്ടില്‍ പോയാല്‍ ഈ കുടുംബത്തെ ജോലിയോ? രാവിലെ സ്കൂളില്‍ പോകുന്ന കുട്ടികളെ ഒരുക്കാന്‍ എത്ര സമയം എടുക്കും എന്ന് അറിയാമോ? പണ്ട് പി ടി ഉഷയ്ക്ക് മെടല്‍ പോയ പോലാ. സെകന്റിന്റെ ഇരുപതില്‍ ഒന്ന് fraction ഇല്‍ ആണ് സ്കൂള്‍ ബസ്‌ മിസ്സ്‌ ആവുന്നത്..അങ്ങനെ കണക്ക് കൂട്ടി വേണം കുടുംബത്തെ കാര്യങ്ങള്‍ നോക്കാന്‍. ഇത് അവള്‍ക് അറിയില്ലെങ്കില്‍ എനിക്ക് അറിയാം. എങ്ങനെ? ഞാന്‍ ഒരു പത്തു ദിവസം അനുഭവിച്ചതാ..പത്തു കൊല്ലം ആയിട്ട് ഇതൊക്കെ സ്ഥിരം ചെയ്യുന്ന അവള്‍ക് ഇതൊന്നും അത്ര സീരിയസ് അല്ലായിരിക്കും..

എന്നോട് ഒരു സുഹൃത്ത്‌ പറഞ്ഞതാ കാളയുടെ കയറു ഒന്ന് അയച്ചു കൊടുത്താല്‍ പിന്നെ പൊട്ടിച്ചു ഒരു പോക്ക് പോകും എന്ന് . (പശു എന്ന് അവന്‍ തുറന്നു അങ്ങ് പറഞ്ഞില്ലന്നെ ഉള്ളൂ..) പിടിച്ചാല്‍ പിടി കിട്ടില്ലാത്രേ .. കഴിഞ്ഞ തവണ ഞാന്‍ വെറുതെ ഒരു ഭാര്യ കണ്ട കാര്യം പറഞ്ഞു. അത് അവളെ സന്തോഷിപ്പിക്കാന്‍ പറ്റിയ ഒരു ടയലോഗ് കണ്ടു പിടിക്കാന്‍ ആയിരുന്നു..ഇത്തവണ ഞാന്‍ അത് ഒന്ന് കൂടി കണ്ടു നോക്കി ..എനിക്ക് പറ്റുന്നത് വല്ലതും ഉണ്ടോ എന്ന് അറിയാന്‍..

കിട്ടി. ഇന്ന് വരെ ഒരു നല്ല കാര്യവും എന്നെപ്പറ്റി പറയാത്ത എന്‍റെ മകന്‍ ഇത്തവണ ഒരു സിക്സര്‍ അടിച്ചു തന്നു എന്നേ സഹായിച്ചു. എനിക്ക് അവളെ ക്ലീന്‍ ബൌള്‍ ചെയതു ഔട്ട്‌ ആക്കാന്‍ ഒരു വാചകം. ..സെന്‍സര്‍ ബോര്‍ഡ് കാരെ വെട്ടുന്ന ഒരു വെട്ടു വെട്ടി അവന്‍..ജയറാം പറയുന്നു.

എടീ ബിന്ദു അസുഖം വരും പോവും..ഇപ്പോതന്നെ ഗള്‍ഫ്‌ കാരുടെ കാര്യം ഒന്ന് ഓര്‍ത്തെ..വീട്ടില്‍ ആര്‍കെങ്കിലും അസുഖം വന്നാല്‍ അവര് ഉടനെ വിമാനം കേറി ഇങ്ങു വന്നു അസുഖ കാരെ കണ്ടിട്ട് പോകുമോ? അപ്പോഴാണ്‌ മോന്‍ ഒരു കീച്ച് കീച്ചിയത്‌..

പപ്പാ, പോകും പോകും നമ്മുടെ മമ്മി പോകും..

ഓ എന്‍റെ പോന്നു മോനെ നീ എന്‍റെ BT ജനിതകം അല്ല അസ്സല്‍ വിത്ത് തന്നെ...ഞാന്‍ കൊടുത്തു കെട്ടിപ്പിടിച്ചൊരു മുത്തം ..എന്നിട്ട് പതുക്കെ ചെവിയില്‍ ഓതി ..ഇത് അമ്മ ഇറങ്ങുമ്പോള്‍ ഉറക്കെ പറയണം കേട്ടോ..PSP ഗെയിമിന്റെ പുതിയ മോഡല്‍ വന്നിട്ടുണ്ട്..അത് ഒരെണ്ണം വാങ്ങി തരാം എന്ന് ഒരു ഓഫറും ..അവന്‍ വീണു..പിന്നെ ശ്രീനിവാസന്റെ മക്കള്‍ പാടിയ പോലെ...അയ്യോ അമ്മേ പോകല്ലേ...എന്ന് പാടാം എന്ന് വാക്കും തന്നു ..

കഴിഞ്ഞ തവണ ഈ മഹിളാ മണികളെ പുകഴ്ത്തി എഴുതിയ പോസ്റ്റ്‌ അങ്ങ് പിന്‍ വലിച്ചാലോ എന്ന് ഓര്‍കുന്നു ഇപ്പോള്‍. കാരണം ഇവര് ശരി അല്ല.. അന്നു എന്തൊക്കെയാ എന്നോട് പറഞ്ഞത്..ചെറുപ്പത്തില്‍ അവള്‍ക്ക്‌ പനി വന്നപ്പോള്‍ പപ്പാ പാതി രാത്രിയില്‍ അവളെ എടുത്തോണ്ടു നടന്നു 8 കിലോമീടര്‍ അകലെ ഉള്ള കുട്ടികളുടെ സര്‍ക്കാര്‍ ആശുപത്ര്യില്‍ കൊണ്ടു പോയി അത്രേ..അത് എനിക്ക് മനസ്സിലായി.

എന്‍റെ അമ്മ എനിക്ക് പനി വന്നപ്പോള്‍ എന്നേ എടുത്തോണ്ട് 9 കിലോമീടര്‍ അകലെ ഉള്ള (ഒരു കിലോമീടര്‍ കൂടുതല്‍ !!! ) കുട്ടികളുടെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആണ് കൊണ്ടു പോയത്..എന്നിട്ട് അവള്‍ക്ക്‌ ആ സ്നേഹം വല്ലതും എന്‍റെ അമ്മയോട് ഉണ്ടോ? ഒന്നുമില്ലെങ്കിലും ഇപ്പോള്‍ ഇവളെ ചുമക്കുന്ന എന്നെയാണ് അന്നു ആ അമ്മ ചുമന്നത് എന്നൊരു പരിഗണന എങ്കിലും ? എവിടെ? അതാ ഞാന്‍ പറഞ്ഞത് പഴയ ആ പോസ്റ്റ്‌ പിന്‍വലിക്കണം എന്ന്..

അന്നു രണ്ടു തവണ പോയി. ഇത്തവണ പറഞ്ഞത് അനിയത്തിയുടെ കഥ.. അവര് ഒന്നിച്ചു മണ്ണപ്പം ചുട്ടതും..കല്ല്‌ കളിച്ചതും.. ആടിന് തീറ്റ കൊടുക്കാന്‍ രണ്ടു പേരും കൂടി രാവിലെ നടന്നു വഴി വക്കിലെ പ്ലാവിന്‍ ചോട്ടില്‍ നിന്നും ഈര്കിലിയുടെ അറ്റത് പ്ലാവില കുത്തി എടുത്തതും. .ചുമ്മാ പറയുന്നതാ.. എന്ത് മണ്ണപ്പം..??? മണ്ണപ്പം ചുടാന്‍ മണ്ണ് കുഴയ്ക്കാന്‍ ഇവര്‍ക്ക് എവിടെ വെള്ളം..??കൊര്പരഷന്‍ പൈപ്പ് ആണ് അന്നും അവിടെ.. ആഴ്ചയില്‍ മൂന്നു ദിവസം റേഷന്‍ മണ്ണെണ്ണ പോലെ കുറച്ചു വെള്ളം..അത് കുഴച്ചു മണ്ണപ്പം ചുടുമോ കഞ്ഞി വെക്കുമോ? ഭൂലോക നുണ.. അന്നു ബുലോകം ഉണ്ടായിരുന്നെങ്കില്‍ ബാല്യ കാല ബുലോക കഥകളില്‍ ഇതിനൊരു ‍ "ബുലോ ഓസ്കാര്‍" ഉറപ്പ് ആയിരുന്നു )..

പിന്നെ അനിയത്തിക്ക് പത്തു വറ്ഷം കൂടിയാ ഒരു കുഞ്ഞു ഉണ്ടായതു അതിനെ കാണണം എന്ന്. കുഞ്ഞു ഉണ്ടാവാത്തത് എന്‍റെ കുറ്റം ആണോ.. എന്നെ കൊണ്ടു നിനക്ക് അങ്ങനേ വല്ല കുറവും ഉണ്ടായിട്ടുണ്ടോ..മൂന്ന് കൊല്ലം കൊണ്ടു മൂന്നു എണ്ണത്തിനെ ദേ ദോശ ചുടുന്ന ലാഘവത്തില്‍ അല്ലെ അങ്ങ് ഉണ്ടാക്കി തന്നത്......ആ വെടി പക്ഷെ നനഞ്ഞ പടക്കം പോലെ ചീറ്റി. തിരിച്ചൊരു മിസൈല്‍ ആണ് ഇങ്ങോട്ട് വന്നത് .നിങ്ങള്‍ വായ അടച്ചോ.. ഇല്ലെങ്കില്‍ ഞാന്‍ വാ തുറക്കും. നിങ്ങളുടെ ചുടീല്‍ ഞാന്‍ നിര്‍ത്തിക്കും സ്ഥിരം ആയി.

ഇതാണ്. വായില്‍ നിന്നു വീണ വാക്കും ബ്ലോഗില്‍  നിന്നു  പോയ  പോസ്റ്റും    പിടിച്ചാ പിന്നെ കിട്ടുമോ? ഞാന്‍ അപ്പൊ മുങ്ങിയതാ വീട്ടില്‍ നിന്നു. പിന്നെ പൊങ്ങിയത് അവള്‍ക് നാടിലെക്കുള്ള ടികറ്റും ആയിട്ടാണ്. രാത്രി മൂന്നരക്ക് ആണ് വിമാനം. നേരത്തെ കൊണ്ടു വിട്ടിട്ടു  ഞാന്‍ തിരികെ പോന്നു. പാതി രാത്രി ആയപ്പോള്‍ ഒരു ഫോണ്‍ കാള്‍. നിങ്ങള്‍ ഉറങ്ങിയോ? ദേ ഇവിടെ കൌണ്ടറില്‍ ഇരിക്കുന്ന ഒരു തടിച്ചി പറയുന്നു (അവളുടെ മുന്നും പിന്നും ഒരു പോലെ. കൂന്താലി പുഴ പോലെ വംബതി ആണത്രേ.. പിന്നില്‍ കോറ് കോട്ട കമഴ്ത്തി വെച്ച പോലുണ്ട്. അത് പിന്നെ വിശദീകരിക്കാം). എനിക്ക് ഇരിക്കാന്‍ സീറ്റ് ഇല്ലെന്നു. നീ നിന്നു പൊയ്ക്കോ എന്ന് പറയാനാ തോന്നിയത്.

എന്നേ ഇപ്പൊ ഓഫ്‌ ലോഡ് ചെയ്യുമെന്ന്. അതെന്താ അച്ചായാ  എനിക്ക് വെയിറ്റ് കൂടുതല്‍ ആയതു കൊണ്ടു ആണോ? ഈ കാര്‍ഗോ ഒക്കെ അല്ലെ ഓഫ്‌ ലോഡ് ചെയ്യുന്നത് ? ഓ ഈ ഈജിപ്ഷ്യന്‍ തള്ളയെ ഒക്കെ വെച്ചു നോക്കിയാല്‍ ഞാന്‍ ഐശ്വര്യാ റായിയുടെ സൈസ് ആണ്..ഇവരുടെ പകുതി പോലും വരില്ല..

അത് പിന്നെ അവാസാന നിമിഷം confirm ആകുന്ന ചില സീറ്റ്‌ അങ്ങനാ. നീ ഇങ്ങു തിരിച്ചു പോരെ. "പിന്നെ, അത് പരുമല പള്ളിയില്‍ പറഞ്ഞാ മതി. അച്ചായന്‍ ആരെയാന്നാ വിളിച്ചു പറ.എനിക്ക് ഇന്ന് കേറിപ്പോണം നാളെ അനിയത്തിയുടെ കൊച്ചിന്റെ മാമ്മോദീസ കൂടണം".

ഞാന്‍ ഏതൊക്കെയോ നമ്പര്‍ തപ്പി ഒരു ഡ്യൂട്ടി ഓഫീസറെ ഫോണില്‍ കിട്ടി. എന്‍റെ ഭാര്യ എയര്‍ പോര്‍ട്ടില്‍ കുരുങ്ങി കിടക്കുക ആണ് വേഗം ഒന്ന് ശരി ആക്കി കൊടുക്കണം എന്ന് പറഞ്ഞു. കുരുങ്ങാന്‍ തന്റെ ഭാര്യ എന്ത് കരിപ്പെട്ടി കയറോ? കുരുക്ക് അഴിക്കാന്‍ ഞാന്‍ ആര് സിബിഐ സേതു രാമയ്യരോ? ഇങ്ങനൊന്നും അങ്ങേരു ചോദിച്ചില്ല. കാരണം ദൈവത്തിന്റെ സ്വന്തകാരുടെ നാട്ടില്‍ നിന്നല്ലാത്ത അങ്ങേര്‍ക്കു ഇപ്പറഞ്ഞ സാധനങ്ങളെയും ആള്കാരെയും ഒന്നും അറിയില്ല. പകരം ഇങ്ങോട്ട് ഒരൊറ്റ ചോദ്യം ചോദിച്ചു.

താന്‍ ആരാ?

പോരെ?

അങ്ങേരോട് ഞാന്‍ ദുബായില്‍ വന്നിട്ട് ഒത്തിരി വറ്ഷം ആയെന്നും ഇവിടെ ആദ്യ കാലത്ത് വിമാനതിനൊക്കെ പെയിന്റ് അടിച്ചിരുന്നത് എന്‍റെ വല്യപ്പന്റെ വല്യപ്പന്‍ ആയിരുന്നു എന്നും ഒക്കെ പറഞ്ഞു ഭൂമിയോളം അങ്ങ് താഴ്ന്നു. എന്ന് വെച്ചാല്‍ ഈയിടെ ശാസ്ത്രഞ്ഞ്മാര്‍ ഭൂമിയുടെ 'കോര്‍' കാണാന്‍ കുഴിച്ച ആ കുഴി ഇല്ലേ ഏതാണ്ട് അവിടം വരെ. അയാള്‍ സീറ്റ്‌ ശരി ആക്കി കൊടുത്തു.

കൌണ്ടറില്‍ ഇരുന്ന ആ അറബി തള്ളയുടെ അങ്ങോട്ട്‌ (മുഖത്തേക്ക്) ഒരു ഒന്നൊര നോട്ടം നോക്കിയിട്ട് ശ്രീമതി കുഞ്ഞു ബാഗുമെടുത്ത്‌ ഒരു പോക്ക് പോയി അത്രേ. എന്താന്നോ അവര് സ്വന്തം കൂന്താലി പുഴയുടെ നിമ്നോന്നതങ്ങള്‍ (ഉന്നതം ആണ് എല്ലാം നിമ്നം ഇല്ല എന്നാ അവരുടെ ഒരു ഭൂമി ശാത്ര കണക്ക്) കുലുക്കി കാണിച്ചിട്ട് ഇവളോട്‌ പറഞ്ഞത്രേ നീ ആരെ വിളിച്ചാലും ഇന്ന് ഈ ഫ്ലൈറ്റില്‍ പോകില്ല എന്ന്..ഇവര്‍ക്ക് ഈ ദൈവത്തിന്റെ സ്വന്തക്കാരോട് ഇത്ര കലിപ്പ് എന്താണ് എന്ന് ഇത്രയും വര്ഷം ആയിട്ടും ദൈവം തമ്പുരാനേ എനിക്ക് പിടി കിട്ടിയിട്ടില്ല . ഒരല്പം ബഹുമാനം കൂട്ടി ആണ് പ്രിയതമ വിളിച്ചിട്ട് സീറ്റ്‌ ശരി ആയി കേട്ടോ ചെന്നിട്ടു വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തത്.

അവര് കുടുംബക്കാര് എല്ലാം മാമോദീസ കൂടി അടിച്ചു പൊളിച്ചു നടന്നു .ഞാന്‍ ഇവിടെ പഴയ പോലെ ദോശ കല്ലില്‍ എണ്ണയും പുരട്ടി അവള്‍ വരുന്നതും കാത്തു ഇരുന്നു ...ഇത്തവണ കൂടുതല്‍ ദിവസം തങ്ങി ഇല്ല. പോയ സമയത്തെ എന്‍റെ മുഖ ഭാവം കണ്ടപ്പോള്‍ ഇങ്ങനെ എപ്പോഴും ഇട്ടിട്ടു പോയാല്‍ ഇങ്ങേരു വേറെ വല്ല സെറ്റ് അപ്പും ചയ്തു കളയുമോ എന്നൊരു പേടി ഉള്ളത് പോലെ തോന്നി. ദോശ ചുടാനും പിള്ളേരെ സ്കൂളില്‍ വിടാനും ഒക്കെ ആയി ഏതെങ്കിലും ജോലിക്കാരെ വെച്ചാല്‍ മതിയല്ലോ. (ഞാന്‍ ഒരു 'നിഷ്കളങ്കന്‍' ബ്ലോഗ്ഗര്‍) .

മൂന്നാം ദിവസം നെടുംബാശ്ശേരി എയര്‍ പോര്‍ട്ടില്‍ നിന്നും അടുത്ത ഫോണ്‍. അച്ചായ ഇവര് എന്നേ പിടിച്ച്‌ നിര്‍ത്തി അതും ഇതും ചോദിക്കുന്നു. ആര്? ഈ ഇമിഗ്രേഷന്‍  കാര്. അവര്‍ക്ക് എന്താ വേണ്ടത്? നിനക്ക് എന്താ ദുബായില്‍ ബിസിനസ്‌? ഇങ്ങനെ അടുപ്പിച്ചു അടുപ്പിച്ചു നാട്ടില്‍ വരാന്‍. കല്യാണം കഴിച്ചത് ആണോ? ഭര്‍ത്താവ് എവിടെ?. അയാള്‍ എന്താ കൂടെ വരാത്തെ എന്നൊക്കെ.. ഈയിടെ ഏതോ കുറെ കൊച്ചു പെണ്ണുങ്ങള്‍ എല്ലാ ശനി ആഴ്ചയും ദുബായിക്ക് പ്ലെയിന്‍ കയറി പ്ലെയിന്‍ ആയി പോയിട്ട് തിങ്ങളാഴ്ച കൈ നിറയെ കാശും ആയി വരുന്നുണ്ട് അവരെ ഞങ്ങള് പൊക്കി എന്നൊക്കെ പറഞ്ഞു വേണ്ടാത്ത ഓരോ വര്‍ത്തമാനങ്ങള്‍.

" നിനക്ക് അയാളോട് ഒരു ഐസ് ക്രീം വാങ്ങി തരട്ടെ എന്ന് ചോദിക്കാന്‍
തോന്നിയില്ലല്ലോ .? അപ്പോതന്നെ അങ്ങേരു ജോലി രാജി വെച്ചു സ്ഥലം വിട്ടേനെ.

എടി നീ കരയാതെ..നമ്മുടെ ജിത്തു അവിടെ ഇമിഗ്രേഷന്‍  ഡ്യൂട്ടി ആണ്. ഞാന്‍ അവനെ ഒന്ന് വിളിക്കട്ടെ. പത്തു മിനിറ്റ് കൊണ്ടു കാര്യങ്ങള്‍ എല്ലാം ശരി ആയി..

ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നു വീട്ടില്‍ വരുന്ന വരെ ശ്രീമതി ഒരക്ഷരം മിണ്ടിയിട്ടില്ല. കുരങ്ങു ചത്ത കുറവന്റെ കൂട്ട് ..അല്ല ഞങളുടെ ബ്രൂണി പൂച്ച കുളി കഴിഞ്ഞു ഇറങ്ങിയ മാതിരി. ആ രോമം മുഴുവന്‍ അങ്ങ് നനഞ്ഞാല്‍ പിന്നെ ഒറ്റ നോട്ടത്തില്‍ ഒരു ദൈന്യ ഭാവം. കയ്യില്‍ എടുത്താല്‍ ഒരു 50 ഗ്രാം കാണും ഭാരം.

വീട്ടില്‍ കയറി ബാഗ്‌ വെച്ചിട്ട് എന്നേ കെട്ടിപിടിച്ചു ഒരു മോങ്ങല്‍. ഇനി നമുക്ക് ഒന്നിച്ചു അടുത്ത വര്ഷം പിള്ളാരുടെ സ്കൂള്‍ അവധിക്കു നാട്ടില്‍ പോയാല്‍ മതി. ഞാന്‍ ഇനി തനിയെ എങ്ങോട്ടും ഇല്ല.. മൂക്കട്ട ‍ തുടക്കാന്‍ ഒരു ടിഷ്യു വലിച്ചൂരി കൊടുത്തു അവളെ കെട്ടിപിടിച്ചു ഞാന്‍ പറഞ്ഞു. അങ്ങനെ മതി. (പിന്നെ ഞാന്‍ ആ കണക്ക് ഒന്ന് കൂട്ടി നോക്കിയപ്പോള്‍ ഇനി അവള്‍ പറഞ്ഞ കണക്കിന് രണ്ടോ മൂന്നോ മാസമേ ഉള്ളൂ . അറിയാതെ എന്‍റെ പിടുത്തത്തിന്റെ കെട്ട് അങ്ങ് അയഞ്ഞു.)..

ക്ലൈമാക്സ്‌ .ഞാന്‍ നാട്ടിലേക്ക് ജിതുവിനെ വിളിച്ചിട്ട് പറഞ്ഞു..ആശാനെ ദുബൈയിലെ പണി പാളിപ്പോയി ..ആദ്യം ബുകിംഗ്  കിട്ടിയില്ല എന്ന് പറഞ്ഞു നോക്കി. പിന്നെ ഓഫ്‌ ലോഡ്  ചെയ്യാന്‍ നോക്കി. അതും "ബച്ചന്റെ ഹിന്ദി പടം ഖണ്ടാഹാര് പോലെ" (ലാലേട്ടന്‍ എന്ത് പിഴച്ചു?)  എട്ടു നിലയില്‍ പൊട്ടി. ‍ .. പക്ഷെ അവിടെത്തെ പണി ഏറ്റു. ഇനി ഉടനെ എങ്ങും നാട്ടില്‍ പോണം എന്ന് പറയില്ല..താങ്ക്സ് ഞാന്‍ പറഞ്ഞ പോലെ ഒക്കെ ഒപ്പിച്ചു എടുത്തല്ലോ കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരെക്കൊണ്ട്‌.!!!!!! അപ്പൊ അടുത്ത വരവിനു കാണാം ഇമിഗ്രെഷനില്‍  തന്നെ.

ഇനി ഇതിനൊരു മൂന്നാം ഭാഗം പോസ്ടാന്‍ ഞാന്‍ ഉണ്ടാവുമോ അതോ ശ്രീമതി ഇതോടെ എന്‍റെ പോസ്റ്റര്‍ കീറുമോ എന്നൊന്നും ഒരു ഗ്യാരന്റിയും ഇല്ലാത്തതിനാല്‍ വീണ്ടും കാണും വരെ വണക്കം.